ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് നിർത്തണം; മലാല യൂസഫ് സായ്

ലണ്ടൻ: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ പ്രവേശിപ്പിക്കാത്ത സംഭവത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ച് സാമൂഹ്യ പ്രവർത്തകയും നോബേൽ സമ്മാന ജേതാവുമായ മലാല യൂസഫ് സായ്. ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കാത്തത് ഭയാനകമാണെന്ന് മലാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് മലാല ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് നിർത്തണമെന്നും മലാല ആവശ്യപ്പെട്ടു.

പഠനമോ ഹിജാബോ തിരഞ്ഞെടുക്കാൻ കോളേജ് അധികൃതർ നിർബന്ധിക്കുന്നു. കൂടിയ വസ്ത്രം ധരിക്കണമോ കുറഞ്ഞ വസ്ത്രം ധരിക്കണമോ എന്ന കാര്യത്തിൽ സ്ത്രീകൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിൽ ഇന്ത്യൻ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണം- മലാല യൂസഫ് സായ് ട്വീറ്റ് ചെയ്തു.

അതേസമയം ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെതിരെ അഞ്ച് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജിയിൽ ബുധനാഴ്ച്ച കർണാടക ഹൈക്കോടതി വാദം കേൾക്കും. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ നേരത്തെ കർണാടക സർക്കാർ ഉത്തരവിട്ടിരുന്നു. സംസ്ഥാനത്തെ സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടണമെന്നും എല്ലാവരും സഹകരിക്കണമെന്നുമാണ് സ്‌കൂളുകൾ അടച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തിയപ്പോൾ കർണാടക മുഖ്യമന്ത്രി വ്യക്തമാക്കിയത്.