യുഎഇ ഗോൾഡൻ വിസ; ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നും ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ താരദമ്പതികളായി

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് താരദമ്പതികളായ നസ്രിയയും ഫഹദ് ഫാസിലും. ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നും ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ താരദമ്പതികളാണ് ഇവർ. ഇസിഎച്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ഇരുവരും ഗോൾഡൻ വിസ സ്വീകരിച്ചത്. അറബ് പ്രമുഖൻ അബ്ദുല്ല ഫലാസി, ദുബായ് ടിവി ഡയറക്ടർ അഹമ്മദ്, പി.എം. അബ്ദുറഹ്മാൻ, ഫാരിസ് ഫൈസൽ തുടങ്ങിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും ഗോൾഡൻ വിസാ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് ഇസിഎച്ച് ആണ്. കലാ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയമായ വ്യക്തിത്വങ്ങൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നിരവധി ഇന്ത്യൻ താരങ്ങൾക്ക് ഇതിനോടകം ഗോൾഡൻ വിസ ലഭിച്ചു കഴിഞ്ഞു. മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി, ഇടവേള ബാബു, നൈലാ ഉഷ, മിഥുൻ രമേശ് എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, സംവിധായകരായ സലീം അഹമ്മദിനും സന്തോഷ് ശിവനും ഗോൾഡൻ വിസ ലഭിച്ചിരുന്നു.