കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കുവൈത്തിലേക്കുള്ള യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ഇതോടെ ആരോഗ്യ മന്ത്രിയുടെ കുവൈത്ത് യാത്ര റദ്ദാക്കി. പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കൊച്ചി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്നലെ രാത്രി 10.30നായിരുന്നു കുവൈത്തിലേക്കുള്ള വിമാനം. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്രാ ഉപേക്ഷിച്ചതായി വ്യക്തമാക്കിയത്. തുടർന്ന് മന്ത്രി വിമാനത്താവളത്തിൽ നിന്നും മടങ്ങി. യാത്രക്ക് പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടിയില്ലെന്നും കേന്ദ്ര നിലപാട് നിർഭാഗ്യകരമാണെന്നും വീണാ ജോർജ് പ്രതികരിച്ചു. വിദേശകാര്യ മന്ത്രാലയം യാത്ര അനുമതി നൽകിയില്ല. രാവിലെ തന്നെ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരുന്നു. അവസാന നിമിഷം വരെ കാത്തിരുന്നിട്ടും അനുവാദം കിട്ടിയില്ല. ദുരന്തത്തിന്റെയും കണ്ണീരിന്റെയും മുന്നിൽ കേന്ദ്രം സ്വീകരിച്ചത് തെറ്റായ നടപടിയാണ്. എന്തൊക്കെ വന്നാലും ദുരന്തബാധിത കുടുംബങ്ങളെ സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.
അതേസമയം, കുവൈത്ത് ദുരന്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ വിമാനം കഴിഞ്ഞ ദിവസം കുവൈത്തിലേക്ക് പുറപ്പെട്ടിരുന്നു. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ14 ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിന്റെ സമയം മാറ്റിയത്.

