ഇറ്റലി സന്ദർശനം; ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്താൻ പ്രധാനമന്ത്രി

റോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തും. ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇറ്റലിയിലെത്തിയിരിക്കുകയാണ്. മൂന്നാമതും പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.

നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നത്. സാധാരണ ഇത്തരം വേദികളിൽ മാർപാപ്പ എത്താറില്ല.

പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. 2021 ഒക്ടോബറിലാണ്. മോദിയെ കൂടാതെ യുഎസ്, യുക്രെയ്ൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയാണ് മോദിയെ ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. ഇറ്റലിയിലെ ബോർഗോ എഗ്നാസിയ എന്ന ആഡംബര റിസോർട്ടിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്.