ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാ പരിശോധന വേഗത്തിൽ നടത്തണമെന്ന ആവശ്യം ശക്തമാക്കി കേരളം. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിൽ ഈ ആവശ്യം കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷ പരിശോധന നടത്താൻ കഴിയുവെന്നാണ് തമിഴ്നാടിന്റെ നിലപാട്.
സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സംഘം മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷ പരിശോധന നടത്തിയത് 2011 ലാണ്. കേരളത്തിന്റെ ആവശ്യത്തെ തുടർന്ന് അഞ്ചു വർഷത്തിനുള്ളിൽ വീണ്ടും സുരക്ഷ പരിശോധന നടത്തണമെന്ന് 2018ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, തമിഴ് നാടിന്റെ നിസ്സഹകരണം മൂലം ഇതുവരെ സുരക്ഷാ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഉടൻ നടത്തണമെന്നാണ് കേരളം വ്യക്തമാക്കുന്നത്.
അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിന്റെ ചലനം, വികാസം തുടങ്ങി മുഴുവൻ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും കേരളം യോഗത്തിൽ അറിയിച്ചു. വള്ളക്കടവിൽ നിന്നും അണക്കെട്ടിലേക്കുള്ള റോഡ് ടാർ ചെയ്യണമെന്ന ആവശ്യവും തമിഴ് നാട് ആവശ്യപ്പെട്ടു. എന്നാൽ, സമിതി നടത്തിയ പരിശോധനയിൽ റോഡ് സഞ്ചാര യോഗ്യമാണെന്ന് വിലയിരുത്തി. പരിശോധനയുടെ റിപ്പോർട്ട് സുപ്രീം കോടതിക്ക് സമർപ്പിക്കും.

