General (Page 188)

കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി വർഗീയത വിളമ്പുന്നുവെന്നാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ ഉന്നയിച്ചിരിക്കുന്ന വിമർശനം. സംഘപരിവാറിനെ നാണിപ്പിക്കുന്ന തരത്തിൽ അവാസ്തവ കാര്യങ്ങൾ പറയുന്നുവെന്ന് സുപ്രഭാതത്തിൽ വ്യക്തമാക്കിയത്.

മൈക്രോ ഫിനാൻസ് തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളിൽ നിന്ന് എങ്ങനെയാണ് അദ്ദേഹം ഊരിപ്പോയത്. ആർഎസ്എസിനുള്ള ഒളിസേവയാണു വെള്ളാപ്പള്ളി നടത്തുന്നത്. പാർലമെന്റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്ലിങ്ങൾ കൂടുതലാണെന്നു പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണം. ഇസ്ലാമോഫോബിയ പടർത്താനാണു വെള്ളാപ്പള്ളിയുടെ ശ്രമമെന്നും സമസ്ത കുറ്റപ്പെടുത്തി.

സമസ്തയുടെ വിമർശനത്തിൽ മറുപടിയുമായി വെള്ളാപ്പള്ളി രംഗത്തെത്തി. താൻ വർഗീയത വിളമ്പുന്നുവെന്ന സമസ്ത മുഖപത്രത്തിന്റെ വിമർശനത്തിനു പുല്ലുവിലയേ കൽപ്പിക്കുന്നുള്ളൂവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം: യോഗ പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വർഷം പുതുതായി 10,000 യോഗ ക്ലബ്ബുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ വർഷം 1000 യോഗ ക്ലബ്ബുകൾ ആരംഭിച്ചു. കൂടാതെ 600 ഓളം വനിതാ യോഗ ക്ലബ്ബുകളും ആരംഭിച്ചു. പുതുതായി തുടങ്ങുന്ന 10,000 യോഗ ക്ലബ്ബുകളിലും നല്ലൊരു ശതമാനം വനിതാ യോഗ ക്ലബ്ബുകൾ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

ശരാശരി ഒരു യോഗാ ക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ടായാൽ 10,000 യോഗ ക്ലബ്ബിലൂടെ 2,50,000 പേർക്ക് യോഗ അഭ്യസിക്കാൻ സാധിക്കും. ഇതിലൂടെ സമൂഹത്തിന് ഉണ്ടാകുന്ന ആരോഗ്യകരമായ മാറ്റം വലുതാണെന്നും മന്ത്രി പറഞ്ഞു. പത്താമത് അന്താരാഷ്ട്ര യോഗ ദിനം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷം ആരംഭിച്ച 1000 യോഗ ക്ലബ്ബുകളുടേയും 600 വനിതാ യോഗ ക്ലബ്ബുകളുടേയും പ്രവർത്തന റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചു.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ആശ്വാസം. മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചു. ഡൽഹി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷയിൽ കേജ്രിവാളിന്റെ വാദങ്ങൾ ശരിവയ്ക്കുന്നതായിരുന്നു വിചാരണ കോടതിയുടെ നിലപാട്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യവും കോടതി തള്ളി. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതിയാണ് ഗോവയിൽ കേജ്രിവാളിന്റെ ഹോട്ടൽ ബില്ല് അടച്ചതെന്നും ഇയാൾ വ്യവസായികളിൽ നിന്ന് വൻ തുക കൈപ്പറ്റിയെന്നും ഇഡി കോടതിയിൽ ആരോപിച്ചിരുന്നു.

ആംആദ്മി പാർട്ടിയാണ് തെറ്റ് ചെയ്തതെങ്കിൽ ആ പാർട്ടിയുടെ തലവനും കുറ്റക്കാരനാണെന്നാണ് ഇഡിയുടെ വാദം. എന്നാൽ ഇഡി ഊഹാപോഹങ്ങൾ ആരോപണങ്ങളായി ഉന്നയിക്കുകയാണെന്നാണ് കേജ്രിവാളിന്റെ അഭിഭാഷകൻ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ജാമ്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എതിരെ വീണ്ടും ആരോപണം ഉന്നയിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. വീണ വിജയൻ അനാഥാലയങ്ങളിൽ നിന്ന് എല്ലാ മാസവും പണം കൈപ്പറ്റിയെന്നും രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകൾ പരിശോധിച്ചാൽ ഇത് വ്യക്തമാണെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യവസായ വകുപ്പിന്റെ ചർച്ച പുരോഗമിക്കവെയാണ് നിയമസഭയിൽ മാത്യുകുഴൽനാടൻ മാസപ്പടി ആരോപണം ഉന്നയിച്ചത്.

മുമ്പ് താൻ മാസപ്പടിയുടെ കാര്യത്തിൽ പറഞ്ഞതിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നുവെന്നാണ് മാത്യു കുഴൽനാടൻ വ്യക്തമാക്കിയത്. ഇതിനിടെ എംഎൽഎയുടെ പ്രസംഗത്തിൽ സ്പീക്കർ ഇടപെട്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയിൽ ഉന്നയിക്കാൻ സാധിക്കില്ലെന്നായിരുന്നു സ്പീക്കർ സ്വീകരിച്ച നിലപാട്.

മാസപ്പടി വിഷയത്തിൽ ഹൈക്കോടതി മുഖ്യമന്ത്രിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും പി.വി എന്നത് പിണറായി വിജയൻ അല്ലെന്ന് തെളിയിച്ചാൽ തന്റെ എംഎൽഎ പദവി രാജിവയ്ക്കുമെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭർതൃഹരി മഹ്താബിനെ പ്രോടേം സ്പീക്കറാക്കി രാഷ്ട്രപതി ദ്രൗപദി മുർമു. കോൺഗ്രസ് നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയാണ് ദ്രൗപതി മുർമു ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ലോക്‌സഭയിൽ ഈ മാസം 26 നാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. പ്രോ ടൈം സ്പീക്കറാണ് ഇത് നിയന്ത്രിക്കേണ്ടത്.

പതിനെട്ടാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് മഹ്താബ് മേൽനോട്ടം വഹിക്കുക ഭർതൃഹരിയായിരിക്കും. ബിജെഡിയിൽ നിന്ന് ബിജെപിയിലെത്തിയ ഭർതൃഹരി മഹ്താബ് ഏഴാം തവണയാണ് എംപിയാകുന്നത്. ബിഹാറിലെ കട്ടക്കിൽ നിന്നുള്ള എംപിയാണ് ഭർതൃഹരി. നിലവിൽ ലോക്സഭയിലെ മുതിർന്ന അംഗം എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണ്.

അതേസമയം, ഭർതൃഹരിയെ പ്രോടേം സ്പീക്കറാക്കിയിതിനെതിരെ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് രംഗത്തെത്തി. കീഴ്‌വഴക്കം ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം വിമർശിച്ചു. എട്ട് തവണ എംപിയായ കൊടിക്കുന്നിൽ സുരേഷാണ് പ്രോടേം സ്പീക്കറാകേണ്ടിയിരുന്നത്. എട്ട് തവണ എംപിയായ ബിജെപി എംപി വീരേന്ദ്ര കുമാർ മന്ത്രിയായിനാൽ കൊടിക്കുന്നിലായിരുന്നു ചുമതല കിട്ടേണ്ടതെന്നും പകരം ഏഴ് തവണ എംപിയായ ഭർതൃഹരിയെ പ്രോടേം സ്പീക്കറാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ സഹായം നൽകും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പ്രതിമാസ ശമ്പളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെ. എസ് ആർ ടി സി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ, ധനമന്ത്രി കെ എൻ ബാലഗോപാൽ, ധനവകുപ്പ് സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, കെ എസ് ആർ ടി സി എം ഡി പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: യു ജി സി – നെറ്റ് പരീക്ഷ കേന്ദ്രസർക്കാർ റദ്ദാക്കിയതോടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 317 നഗരങ്ങളിലായി 9 ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയത് എന്നോർക്കണം. ഇതിന് മറുപടി പറയേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയും തന്നെ വിദ്യാർഥികൾ പരീക്ഷ എഴുതിയ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ വിജയകരമായി കേരളം നടത്തി ഫലം പ്രഖ്യാപിച്ചത് രാജ്യം കണ്ടതാണ്. പരീക്ഷാ തിയതി ഏറെ നേരത്തെ പ്രഖ്യാപിച്ചു. പരീക്ഷകൾ കൃത്യമായി നടത്തി. ചോദ്യപേപ്പറുകൾ രഹസ്യമായി അച്ചടിച്ചു. ട്രഷറികളിൽ സൂക്ഷിച്ചു. ഫലപ്രദമായി മൂല്യനിർണയം നടത്തി. നേരത്തെ പ്രഖ്യാപിച്ചതിലും മുമ്പേ തന്നെ ഫലപ്രഖ്യാപനം നടത്തി. ഉപരിപഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. ഒരു പരാതി പോലും ആർക്കും ഉണ്ടായിട്ടില്ല. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ഉള്ള ഉത്തരവാദിത്വമാണ് സംസ്ഥാന സർക്കാർ നിറവേറ്റിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരീക്ഷാനടത്തിപ്പിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചർത്തു.

തിരുവനന്തപുരം: നിയമസഭയിൽ ‘അവൻ’ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാക്കുകൾ ബഹുമാനത്തോടെ ഉപയോഗിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശം മന്ത്രി കെ എൻ ബാലഗോപാൽ സഭയിൽ ഉന്നയിച്ചപ്പോഴാണ് വി ഡി സതീശൻ പ്രതികരണം നടത്തിയത്.

മുഖ്യമന്ത്രി മുൻപ് ഉപയോഗിച്ച പല വാക്കുകളും അൺപാർലമെന്ററി ആണെന്ന രൂക്ഷ വിമർശനവും പ്രതിപക്ഷനേതാവ് ഉന്നയിച്ചു. കേരളത്തിലെ മുഖ്യമന്ത്രി പലതവണയായി ചില വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്. അത് താൻ സഭയിൽ പറയില്ല. താൻ സംസാരിക്കുന്ന ഒരു വാക്കുപോലും സഭാ രേഖകളിൽനിന്ന് നീക്കം ചെയ്യപ്പെടരരുത് എന്ന് തനിക്ക് നിർബന്ധമുണ്ട്. ഇടതുപക്ഷസഹയാത്രികനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷി എന്നുവിളിച്ചത്. ഈ പരമാമർശത്തിനുശേഷം മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ പാവം മുഹമ്മദ് റിയാസിനെ അല്ലാതെ വേറെ ആരേയും കണ്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവരദോഷി എന്ന് വിളിച്ചത് ശരിയാണെന്ന് എംഎൽഎമാരോ മന്ത്രിമാരോ പറഞ്ഞില്ല. റിയാസെങ്കിലും ഉണ്ടായിരുന്നത് ഭാഗ്യം. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചും ബഹുമാനത്തോടേയും പറയുന്നതാണ് എല്ലാവർക്കും നല്ലതെന്നും അദ്ദേഹം അറിയിച്ചു.

മാലെ: ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാനുള്ള തീരുമാനം പുന:പരിശോധിക്കാനൊരുങ്ങി മാലദ്വീപ്. വിലക്ക് അറബ് വംശജരെയും ബാധിക്കുമെന്നതിനാലാണ് മാലദ്വീപ് തീരുമാനം പുന:പരിശോധിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇസ്രായേലിൽ ഇരുപത് ലക്ഷത്തോളം അറബ് മുസ്ലീങ്ങൾ ഉണ്ടെന്നാണ് വിവരം. ഇസ്രായേൽ പാസ്പോർട്ട് ഉടമകളായി നിരവധി പാലസ്തീനികളുമുണ്ട്.

ഇസ്രായേൽ ജൂതൻമാർ മാത്രമല്ല ഉള്ളതെന്നും അറബ് മുസ്ലീം വിഭാഗക്കാരും ഉണ്ടെന്നുള്ള തിരിച്ചറിവാണ് വിലക്ക് നീക്കാൻ മാലദ്വീപിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇസ്രായേലി പാസ്പോർട്ടുള്ള നിരവധി പാലസ്തീനികളുണ്ട്. ഒറ്റയടിക്ക് ഇസ്രായേൽ പൗരൻമാർക്ക് നിരോധനം കൊണ്ടുവന്നാൽ അത് ഇവരെയും ബാധിക്കും. അതിനാലാണ് തീരുമാനം പുനഃപരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് മാലദ്വീപ് അറ്റോർണി ജനറൽ അഹ്മദ് ഉഷാം അറിയിച്ചു.

എന്നാൽ, ഇസ്രായേലിനോടുള്ള മാലദ്വീപ് സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്നും അഹ്മദ് ഉഷാം വ്യക്തമാക്കി. ഇതിനിടെ ഇസ്രായേലി സഞ്ചാരികളെ വിലക്കിയ നടപടിക്കെതിരെ മാലദ്വീപിലെ ഒരു വിഭാഗം ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിൽ ഒ ആർ കേളു അംഗമാകും. ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണനു പകരമാണ് കേളു മന്ത്രിസഭയിലെത്തുന്നത്. മാനന്തവാടി എംഎൽഎയാണ് കേളു. പട്ടികജാതി പട്ടിക വർഗ വികസനം വകുപ്പാകും കേളു കൈകാര്യം ചെയ്യുന്നത്. അതേസമയം, കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് വി എൻ വാസവനും പാർലമെന്ററി കാര്യവകുപ്പ് എം ബി രാജേഷിനും നൽകിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനു സംസ്ഥാന സമിതി അംഗീകാരം നൽകുകയായിരുന്നു.

നിലവിൽ വി എൻ വാസവൻ കൈകാര്യം ചെയ്യുന്നത് സഹകരണ, തുറമുഖ വകുപ്പുകളുടെ ചുമതലയാണ്. തദ്ദേശസ്വയംഭരണം, എക്‌സൈസ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയാണ് എം ബി രാജേഷ്. ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മറ്റു ചില അഴിച്ചുപണികൾ കൂടി മന്ത്രിസഭയിൽ ഉണ്ടാകുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നെങ്കിലും അത്തരം മാറ്റങ്ങളൊന്നും നിലവിൽ വേണ്ട എന്നാണു പാർട്ടിയുടെ തീരുമാനം.

കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാൻ കൂടിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയിൽ കേളു സജീവ സാന്നിധ്യമാണ്. പി കെ ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽ നിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയാണ് കേളു.