ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ മാലദ്വീപ്; കാരണമിത്

മാലെ: ഇസ്രായേലിൽ നിന്നുള്ള സഞ്ചാരികളെ രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കാനുള്ള തീരുമാനം പുന:പരിശോധിക്കാനൊരുങ്ങി മാലദ്വീപ്. വിലക്ക് അറബ് വംശജരെയും ബാധിക്കുമെന്നതിനാലാണ് മാലദ്വീപ് തീരുമാനം പുന:പരിശോധിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇസ്രായേലിൽ ഇരുപത് ലക്ഷത്തോളം അറബ് മുസ്ലീങ്ങൾ ഉണ്ടെന്നാണ് വിവരം. ഇസ്രായേൽ പാസ്പോർട്ട് ഉടമകളായി നിരവധി പാലസ്തീനികളുമുണ്ട്.

ഇസ്രായേൽ ജൂതൻമാർ മാത്രമല്ല ഉള്ളതെന്നും അറബ് മുസ്ലീം വിഭാഗക്കാരും ഉണ്ടെന്നുള്ള തിരിച്ചറിവാണ് വിലക്ക് നീക്കാൻ മാലദ്വീപിനെ പ്രേരിപ്പിച്ചിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഇസ്രായേലി പാസ്പോർട്ടുള്ള നിരവധി പാലസ്തീനികളുണ്ട്. ഒറ്റയടിക്ക് ഇസ്രായേൽ പൗരൻമാർക്ക് നിരോധനം കൊണ്ടുവന്നാൽ അത് ഇവരെയും ബാധിക്കും. അതിനാലാണ് തീരുമാനം പുനഃപരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് മാലദ്വീപ് അറ്റോർണി ജനറൽ അഹ്മദ് ഉഷാം അറിയിച്ചു.

എന്നാൽ, ഇസ്രായേലിനോടുള്ള മാലദ്വീപ് സർക്കാരിന്റെ നിലപാടിൽ മാറ്റമില്ലെന്നും അഹ്മദ് ഉഷാം വ്യക്തമാക്കി. ഇതിനിടെ ഇസ്രായേലി സഞ്ചാരികളെ വിലക്കിയ നടപടിക്കെതിരെ മാലദ്വീപിലെ ഒരു വിഭാഗം ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു.