General (Page 187)

ചെന്നൈ: തമിഴകത്തിന്റെ ഇളയ ദളപതി വിജയുടെ 50-ാം പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ ഒരാഘോഷവും വേണ്ടെന്നാണ് വിജയ് പറയുന്നത്. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തെ തുർന്നാണ് പരിപാടികൾ മാറ്റിവച്ചിരിക്കുന്നത്. വിഷമദ്യ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കണെമന്ന് വിജയ് അഭ്യർത്ഥിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം വിഷമദ്യ ദുരന്തത്തിൽപെട്ടവരെ താരം ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. വിവിധ ആശുപത്രികളിൽ കഴിയുന്ന ആളുകൾക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി വിജയ് സുഖവിവരം അന്വേഷച്ചു.

ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണം സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണെന്ന് വിജയ് പ്രതികരിച്ചു. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി വയനാട്ടിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന് വേണ്ടിയാണ് മമത വയനാട്ടിലെത്തുന്നത്.

കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം കഴിഞ്ഞദിവസം മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിൽ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മമതയോട് ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം.

തൃണമൂൽ കോൺഗ്രസ് ഇന്ത്യ മുന്നണിയുടെ ഭാഗമാണെങ്കിലും ബംഗാളിൽ കോൺഗ്രസുമായി അകൽച്ചയിലാണ് മമത. രാജിവെച്ച കോൺഗ്രസിന്റെ ബംഗാൾ അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുമായുള്ള തർക്കമാണ് ഇതിന് പ്രധാനകാരണം. സഖ്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു മമതയുടെ തീരുമാനം. അത് ഫലം കാണുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: വർക്കലയിൽ അടുത്തിടെ ഇടിഞ്ഞ കുന്നുകൾ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്പിളി എന്നിവരോടൊപ്പമാണ് സുരേഷ് ഗോപി മേഖലയിൽ സന്ദർശനം നടത്തിയത്. വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ പ്രദേശത്ത് നടപ്പാക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്രമന്ത്രാലയങ്ങൾക്ക് സമർപ്പിച്ചതായും അദ്ദേഹം വിശദീകരിച്ചു.

വർക്കല പാപനാശം ബീച്ചിനോട് ചേർന്ന നാലേക്കർ വരുന്ന കുന്നുകൾ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ്. മണ്ണിന്റെ സുവിശേഷത കണക്കിലെടുത്തു ഇവിടെ സ്ഥിരമായുള്ള കെട്ടിട നിർമാണങ്ങൾ അനുവദിക്കരുതെന്ന് 2014 ൽ തന്നെ ജിഎസ്‌ഐ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇത് വൻ പരിസ്ഥിതിക ആഘാതത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നായിരുന്ന റിപ്പോർട്ടാണ് ജിഎസ്‌ഐ നൽകിയത്. എന്നാൽ, ഇത് വകവെക്കാതെ ബീച്ചിനോട് ചേർന്ന് ബലിമണ്ഡപം, ടോയ്ലെറ്റ് കോംപ്ലക്‌സ് തുടങ്ങിയവ നിർമിച്ചു. കഴിഞ്ഞ മാസം കനത്ത മഴയിൽ ഈ ഭാഗങ്ങളിൽ വൻതോതിൽ കുന്നിടിഞ്ഞു.

ന്യൂഡൽഹി: 12 സെക്കൻഡ് ഹാൻഡ് മിറാഷ് 2000-5 യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഖത്തറുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഡൽഹിയിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചർച്ചയിൽ 12 മിറാഷ് 2000 വിമാനങ്ങളെക്കുറിച്ച് ഖത്തറിൽ നിന്നുള്ള സംഘം വിശദീകരിച്ചു.

വിമാനം നല്ലനിലയിലാണെന്നും കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുമെന്നും സംഘം അറിയിച്ചു. ഖത്തറിന്റെ കൈവശമുള്ള മിറാഷ് 2000 ശ്രേണിയിൽപ്പെടുന്ന വിമാനങ്ങളെക്കാൾ കൂടുതൽ മികച്ചതാണ് ഇന്ത്യയുടെ പക്കലുള്ളത്.

എന്നാൽ, ഖത്തറിൽ നിന്ന് കൂടുതൽ മിറാഷ് വിമാനങ്ങൾ വാങ്ങുന്നതോടെ ഇന്ത്യൻ പോർവിമാന ശേഖരം കരുത്തുറ്റതാവുമെന്നാണ് വിലയിരുത്തൽ. രണ്ടിന്റേയും എൻജിൻ സമാനമാണ്. ഖത്തറിന്റെ കൈവശമുള്ള യുദ്ധവിമാനങ്ങൾക്കൊപ്പം മിസൈലുകളും കൂടുതൽ എൻജിനുകളും വാഗ്ദാനം ചെയ്തതായാണ് സൂചന.

ന്യൂഡൽഹി: മദ്യനയക്കേസിൽ വിചാരണ കോടതിയിൽ ജാമ്യം ലഭിച്ചെങ്കിലും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജയിൽ മോചനം വൈകും. ജാമ്യം നൽകിയത് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇഡി ഹർജിയിൽ വിധി പറയാൻ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് കോടതി വ്യക്തമാക്കി.

ഈ മാസം 25 ന് പരിഗണിക്കാനായി കേസ് ഹൈക്കോടതി മാറ്റിവച്ചു. ഇതോടെയാണ് ജയിൽ മോചനം വൈകുന്നത്. വിധി പറയുന്നത് വരെ കെജ്രിവാളിന്റെ ജാമ്യം തത്കാലത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി തുടരും. മദ്യ നയക്കേസ് പരിഗണിക്കുന്ന റൗസ് അവന്യൂ കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ആംആദ്മി നേതാക്കൾ പ്രതികരിച്ചിരുന്നു.

എന്നാൽ, ജാമ്യം ലഭിച്ചതിന് പിന്നാലെ ഇഡി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ജാമ്യം സ്റ്റേ ചെയ്യണമെന്നും ഇഡി ആവശ്യപ്പെടുകയായിരുന്നു.

തിരുവനന്തപുരം: പാർലമെന്ററി കീഴ് വഴക്കങ്ങൾ ലംഘിച്ചുകൊണ്ട് ലോകസഭ പ്രോടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബിജെപിയുടെ മറുപടി. പാർലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നവെന്ന് അദ്ദേഹം അറിയിച്ചു.

പ്രതിപക്ഷ കക്ഷിയിൽ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നിൽ. ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

റിയാദ്: ലോകമെമ്പാടും ഇന്ന് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുകയാണ്. സൗദി അറേബ്യയും യോഗാ ദിനം ആചരിക്കുന്നുണ്ട്. മക്കയിലും മദീനയിലും സൗദി അറേബ്യ യോഗ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുകയാണ്. 54 പെൺകുട്ടികളും 10 ആൺകുട്ടികളും മക്കയിൽ നടന്ന ഈ യോഗാ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. ഇപ്പോൾ റിയാദ് മുതൽ മക്ക വരെയുള്ള എല്ലാ പുണ്യസ്ഥലങ്ങളിലും യോഗ സംഘടിപ്പിക്കുന്നു.

സൗദി അറേബ്യയിൽ യോഗ വിദ്യാഭ്യാസത്തിലൂടെ ജനങ്ങൾക്കിടയിൽ യോഗ തുടർച്ചയായി പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. സൗദി അറേബ്യയിൽ യോഗ പഠിപ്പിക്കാനോ പഠിക്കാനോ താൽപ്പര്യമുള്ളവർക്ക് ലൈസൻസ് എടുത്ത ശേഷം ക്ലാസെടുക്കാം. സൗദി അറേബ്യ തങ്ങളുടെ സർവകലാശാലകളിൽ യോഗ അവതരിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിൽ അറബ് രാജ്യങ്ങൾ ഇതിൽ വലിയ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ജൂൺ 21 നാണ് എല്ലാ വർഷവും യോഗ ദിനം ആഘോഷിക്കുന്നത്. 2014 നാണ് ഐക്യരാഷ്ട്രസഭയിലെ 177 അംഗ രാജ്യങ്ങൾ അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകിയത്.

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. സാമൂഹിക ആഘാത പഠനം ഉൾപ്പെടെ പുതിയ ഏജൻസിയെ കൊണ്ട് നടത്തിക്കുമെന്നും സർക്കാർ വിശദമാക്കി.

ഹൈക്കോടതി നേരത്തെ നിലവിലെ വിജ്ഞാപനം സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നിലപാട് മാറ്റിയത്. ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. 441 കൈവശക്കാരുടെ 1000.28 ഹെക്ടർ ഭൂമി ഏറ്റെടുക്കാനാണ് ഇക്കഴിഞ്ഞ മാർച്ചിൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ സാമൂഹികാഘാത പഠനം നടത്തിയതിലും ഭൂമിയുടെ ഉടമസ്ഥാവകാശം നിർണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്നായിരുന്നു ഹർജിയിലെ വാദം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി സ്‌റ്റേ വിധിച്ചത്.

ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്ക് എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ സർക്കാറിന് ഉടമസ്ഥാവകാശമുള്ള ഭൂമി എന്ന പേരിലാണ് വിജ്ഞാപനമെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ച വാദം.

ന്യൂഡൽഹി: വിവാദ മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡൽഹിയിലെ റൗസ് അവന്യൂ കോടതി അനുവദിച്ച ജാമ്യം സ്‌റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി പരിഗണക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ വാദം പുരോഗമിക്കുകയാണ്. അരവിന്ദ് കെജ്രിവാളിന് വ്യാഴാഴ്ചയാണ് ഡൽഹിയിലെ റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചത്. ഇഡി സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. മാർച്ച് 21-നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റു ചെയ്തത്. നേരത്തേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാലജാമ്യം നൽകിയിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാൻ ഏറ്റവും അടുത്ത ബന്ധുവിനെ സന്ദർശക വിസയിൽ കുവൈത്തിൽ എത്തിക്കും. കമ്പനി ആസ്ഥാനത്ത് നടന്ന അനുശോചന യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

വിദഗ്ധ ചികിത്സയ്ക്ക് നാട്ടിലേക്കു പോകേണ്ടവർക്ക് അതിനും സൗകര്യം ഒരുക്കുമെന്നും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും എല്ലാവിധ സഹായവും ഉറപ്പുനൽകിയിട്ടുണ്ടെന്നും അധികൃതർ വിശദീകരിച്ചു. സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനായി നാട്ടിലേക്കു പോയവർക്ക് വിമാന ടിക്കറ്റ് നൽകിയിരുന്നു. മരിച്ചവരുടെ അനന്തരാവകാശിക്ക് ജോലി, മക്കൾക്ക് വിദ്യാഭ്യാസ സഹായം, വീടില്ലാത്തവർക്ക് വീട് എന്നിവയും മറ്റു സഹായങ്ങളും നൽകും. ദുരന്തത്തിൽ 45 ഇന്ത്യക്കാരും 3 ഫിലിപ്പീൻസുകാരും ഉൾപ്പെടെ 49 പേരാണ് മരണപ്പെട്ടത്. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ചവരുടെ കുടുംബങ്ങൾക്ക് ആദ്യഘട്ടമായി 8 ലക്ഷം രൂപ അനുവദിച്ചു. സംസ്‌കാര ചെലവുകൾക്കായി 25,000 രൂപയും നൽകി. അടിസ്ഥാന ശമ്പളത്തിന്റെ 48 മടങ്ങ് നഷ്ടപരിഹാരമായി അവകാശികൾക്ക് നൽകും. പരുക്കേറ്റവർക്ക് 2 ലക്ഷം രൂപയും രക്ഷപെട്ടവർക്ക് ചികിത്സാ സഹായവും നൽകും. ഈ കെട്ടിടത്തിൽ താമസിച്ചിരുന്നവർക്ക് വസ്ത്രം ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനായി 50 ദിനാർ (13,100 രൂപ) നൽകും. താമസക്കാർക്ക് കൗൺസലിങ്ങും നൽകിവരുന്നുണ്ട്.