General (Page 189)

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ഉഷ്ണതരംഗം വിലയിരുത്താൻ കേന്ദ്ര സർക്കാർ അടിയന്തര യോഗം ചേർന്നു. രണ്ട് ദിവസത്തിനിടെ ഡൽഹിയിൽ മാത്രം 34 പേർ മരിച്ചതോടെയാണ് കേന്ദ്ര സർക്കാർ അടിയന്തര യോഗം ചേർന്നത്. ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

യോഗത്തിൽ സംസ്ഥാനങ്ങൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഉഷ്ണതരംഗ കേസുകൾക്ക് മാത്രമായി ആശുപത്രികളിൽ പ്രത്യേക യൂണിറ്റുകൾ തയ്യാറാക്കാനും യോഗത്തിൽ നിർദ്ദേശിച്ചു. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 6 പതിറ്റാണ്ടിനിടെയുള്ള ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്. ഡൽഹിയിലെ ചൂട് 52 ഡിഗ്രി സെൽഷ്യസ് കടന്നു.

അടിയന്തര സാഹചര്യം നേരിടാൻ വേണ്ട മരുന്നും ഉപകരണങ്ങളും ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഉറപ്പാക്കും. മരണ സംഖ്യയും ഹൃദയാഘാതം വന്നവരുടെ കണക്കും ആരോഗ്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ ദിവസവും അപ്ലോഡ് ചെയ്യണം. ആശുപത്രികളിലേക്കുള്ള വൈദ്യുതി വിതരണം ഒരു കാരണവശാലും തടസ്സപ്പെടരുത് എന്ന നിർദ്ദേശവും യോഗത്തിൽ ഉയർന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 37 പേരാണ് ഇതുവരെ മരണപ്പെട്ടത്. ആശുപത്രികളിൽ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുന്നുണ്ടെന്നാണ് വിവരം. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത.

50 ൽ അധികം പേർ വിഷ മദ്യ ദുരന്തത്തിൽ പുതുച്ചേരി, സേലം, വിഴുപ്പുറം എന്നിവിടങ്ങളിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലുള്ള ഒമ്പതു പേരുടെ നില ഗുരുതരമായി തുടരുന്നുണ്ട്. ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.

അതേസമയം, വിഷമദ്യ ദുരന്തമല്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. എസ്പിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മദ്യം വിതരണം ചെയ്ത രണ്ടു പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

അബുദാബി: വിമാനത്തിൽ തീപിടുത്തം. അബുദാബി-കോഴിക്കോട് വിമാനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും കോഴിക്കോടേക്ക് എയർ അറേബ്യയുടെ വിമാനം പുറപ്പെടുമ്പോഴായിരുന്നു സംഭവം.

യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉടൻ തന്നെ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചു. സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചിരുന്നു. ഇങ്ങനെ ചെയ്യാൻ ശ്രമിച്ച 4 പേരെ അധികൃതർ തടഞ്ഞു.

പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയും എമർജൻസി ഡോർ തുറന്ന രണ്ടുപേരെയും അധികൃതർ തടഞ്ഞു. വലിയൊരു ദുരന്തമാണ് ഒഴിവായതെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട് എത്തിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: 2024-25 സീസണിലെ 14 ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്ര സർക്കാർ വർധിപ്പിച്ചു. നെല്ല്, ചോളം, ബജ്റ, റാഗി, സോയാബീൻ, നിലക്കടല, പരുത്തി തുടങ്ങിയ കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില വർധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

നെല്ലിന് ക്വിന്റലിന് താങ്ങുവില 117 രൂപ വർധിപ്പിച്ചു. ഇതോടെ നെല്ലിന്റെ താങ്ങുവില 2300 രൂപയാകും. നെല്ലിന് 2014-15 ഉണ്ടായിരുന്ന താങ്ങുവിലയുമായി താരതമ്യം ചെയ്താൽ 69 ശതമാനം വർധന ഉണ്ടായെന്ന് മന്ത്രി വ്യക്തമാക്കി. കർഷകർക്ക് രണ്ട് ലക്ഷം കോടി രൂപ താങ്ങുവിലയായി മാത്രം ലഭിക്കുമെന്നും കഴിഞ്ഞ സീസണെ അപേക്ഷിച്ച് 35,000 കോടിരൂപയുടെ വർധനവാണുണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നാം മോദി സർക്കാർ കർഷകരുടെ ക്ഷേമത്തിന് വലിയ പ്രധാന്യമാണ് നൽകുന്നത്. ഉൽപ്പാദനച്ചെലവിന്റെ 1.5 ഇരട്ടിയെങ്കിലും താങ്ങുവില വേണമെന്ന നയപരമായ തീരുമാനം വർധനവിൽ പാലിച്ചിട്ടുണ്ട്. സിഎസിപിയാണ് ചെലവ് ശാസ്ത്രീയമായി കണക്കാക്കിയത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പക്കൽ നിലവിൽ 53.4 ദശലക്ഷം ടൺ അരിയുടെ സ്റ്റോക്കുണ്ട്. നിലവിലെ സ്റ്റോക്ക് ജൂലൈ 1-ന് ആവശ്യമായതിന്റെ നാലിരട്ടിയും ഒരു വർഷത്തേക്ക് ക്ഷേമ പദ്ധതികൾക്ക് കീഴിലുള്ള ആവശ്യം നിറവേറ്റാൻ പര്യാപ്തവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെന്നൈ: വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം. 40 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. നിരവധി പേരുടെ നിലഗുരുതരമാണ്. ഇവർ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്‌മെർ ആശുപത്രികളിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി ഒരു സംഘം കൂലിപ്പണിക്കാർ വ്യാജമദ്യം വാങ്ങി കഴിച്ചിരുന്നതായി ജില്ല കലക്ടർ ശ്രാവൺ കുമാർ വ്യക്തമാക്കി. തുടർന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

തലവേദന, ഛർദി, വയറുവേദന, കണ്ണിന് അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുവൈത്ത് സിറ്റി: കുവൈത്ത് മംഗെഫിലെ ബ്ലോക്ക് നാലിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എട്ടുപേർ കസ്റ്റഡിയിൽ. മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെയാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഒരാൾ കുവൈത്ത് സ്വദേശിയും മറ്റുനാലു പേർ ഈജിപ്റ്റ് സ്വദേശികളുമാണെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. കോടതി നിർദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പിടികൂടിയിലായവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയിൽവെക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വൈദ്യുതി ഷോർട്ട്സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്. സംഭവം നടന്ന അന്ന് കെട്ടിട ഉടമയടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

കുവൈത്തിലെ മംഗെഫിൽ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. 46 ഇന്ത്യക്കാരടക്കം 50 പേരാണ് ഈ അപകടത്തിൽ മരണപ്പെട്ടത്.

തിരുവനന്തപുരം: മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ദേവസ്വം, പട്ടികജാതി വികസനം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ ഇനി മുഖ്യമന്ത്രി കൈകാര്യം ചെയ്യും. ഇതു സംബന്ധിച്ച വിജ്ഞാപനവും സർക്കാർ പുറത്തിറക്കി. എന്നാൽ, മുഖ്യമന്ത്രി ഈ വകുപ്പുകൾ സ്ഥിരം കൈകാര്യം ചെയ്യുമോ എന്ന കാര്യം വ്യക്തമല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചതിന് പിന്നാലെ കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചിരുന്നു.

കെ രാധാകൃഷ്ണന്റെ രാജി ഗവർണർ അംഗീകരിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി അദ്ദേഹം നിർവ്വഹിച്ചിരുന്ന വകുപ്പുകൾ ഏറ്റെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിന് വിജയിക്കാൻ കഴിഞ്ഞത് ആലത്തൂരിൽ മാത്രമായിരുന്നു.

കൊച്ചി: രാസവസ്തുക്കളുടെ അമിത സാന്നിധ്യമാണ് പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണമെന്ന് റിപ്പോർട്ട്. അമോണിയയുടെയും സൾഫൈഡിന്റെയും അളവ് വലിയ തോതിൽ പെട്ടെന്ന് കൂടിയതാണ് മത്സ്യക്കുരുതിക്ക് കാരണമായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ്) സംഭവത്തെ കുറിച്ച് അന്വേഷിച്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പെരിയാറിന്റെ കരയിലുള്ള വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് രാസമാലിന്യങ്ങൾ ഒഴുകിയതാവാം ദുരന്തത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ പാതാളം ബണ്ട് തുറന്നതിനു പിന്നാലെ വെള്ളത്തിൽ അടിഞ്ഞ മാലിന്യങ്ങൾ താഴേക്ക് ഒഴുകുകയും ഇതുമൂലം വെള്ളത്തിലെ ഓക്‌സിജൻ അളവ് പെട്ടെന്ന് കുറഞ്ഞതുമാണ് മത്സ്യക്കുരുതിക്ക് കാരണമായത് എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ അറിയിച്ചത്.

ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് നിയമസഭയിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. രാസമാലിന്യങ്ങൾ കലർന്നിട്ടാണ് മീനുകൾ ചത്തു പൊങ്ങിയത് എന്നാണ് വെള്ളത്തിന്റെ സാംപിളിൽ നിന്നും കുഫോസ് കണ്ടെത്തിയിരുന്നത്. ഇത് തന്നെയാണ് മീനുകളുടെ പരിശോധനയിലും ശരിവച്ചിട്ടുള്ളത്. പെരിയാറിന്റെ കരയിലെ വ്യവസായ സ്ഥാപനങ്ങളിൽ രാസമാലിന്യങ്ങളാണ് വെള്ളത്തിൽ കലർന്നിട്ടുള്ളതെന്നും എന്നാൽ തങ്ങളല്ല അക്കാര്യം പരിശോധിക്കേണ്ടതെന്നും കുഫോസ് വൃത്തങ്ങൾ അറിയിച്ചു.

പ്യോംഗ്യാംഗ്: ഉത്തരകൊറിയയിൽ സന്ദർശനത്തിനെത്തി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. 24 വർഷങ്ങൾക്ക് ശേഷമാണ് റഷ്യൻ പ്രസിഡന്റ് ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോംഗ്യാംഗിൽ എത്തിയിരിക്കുന്നത്. ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോംഗ് ഉൻ അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. കിം ജോഗ് ഉൻ ആലിംഗനത്തോടെയായിരുന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് സ്വീകരണം നൽകിയത്. യുക്രെയിൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ റഷ്യ വിലക്കുകൾ നേരിടുന്നുണ്ട്.

ഇതോടെ പുതിയ സൗഹൃദം കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രസിഡന്റ് പുടിൻ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ യാത്രയെന്നാണ് അധികൃതർ വ്യക്തമാക്കുന്നു.

പുടിന്റെ ഉത്തരകൊറിയ സന്ദർശനത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും ഇരുരാജ്യങ്ങളും ചില അതിപ്രധാന കരാറുകളിൽ ഒപ്പുവയ്ക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സുരക്ഷാ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭാവിയിലെ സഹകരണം ഉറപ്പിക്കാനുള്ള കരാറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

കൊച്ചി: സംസ്ഥാനത്തെ സ്‌കൂൾ പ്രവൃത്തി ദിവസം 220 ആക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രവർത്തി ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചത് സർക്കാരിന്റെ നയപരമായ തീരുമാനം അല്ലേയെന്ന് കോടതി ഹർജിക്കാരോട് ചോദിച്ചു.

സ്‌കൗട്ടും എൻഎസ്എസും അടക്കമുള്ളവ ശനിയാഴ്ചകളിലാണ് പ്രവർത്തിക്കുന്നതെന്നും വർഷങ്ങളായുള്ള രീതിയാണ് മാറ്റിയതെന്നും ഹർജിക്കാർ വ്യക്തമാക്കി. പ്രായോഗികമായി പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയില്ലേയെന്നും കോടതി ചോദിച്ചു. കേസ് ഒരാഴ്ച്ചയ്ക്ക് ശേഷം ക്കാനായി മാറ്റി. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷം പരിഗണിക്കാൻ വേണ്ടിയാണ് കേസ് മാറ്റിവെച്ചത്.

അതേസമയം, പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കെ എസ് ടി എ ഉൾപ്പടെയുള്ള ഭരണാനുകൂല സംഘടനകൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകൾ പരാതിപ്പെടുന്നത്.