General (Page 1,510)

കൽപ്പറ്റ: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുര. പുറത്താക്കൽ നടപടി ശരിവെച്ച് വത്തിക്കാനിൽ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചാരണമാണെന്ന് ലൂസി കളപ്പുര പറഞ്ഞു. അപേക്ഷയിൽ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തന്റെ വക്കീൽ ഇതുവരെ നൽകിയിട്ടില്ലെന്നും താൻ അറിയാതെയാണ് വിചാരണ നടക്കുന്നതെങ്കിൽ അത് സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നും ലൂസി കളപ്പുര വ്യക്തമാക്കി. വിചാരണയ്ക്ക് മുന്നേ വന്ന കത്ത് ഉപയോഗിച്ചാണ് സന്ന്യാസസമൂഹം വ്യാജ പ്രചാരണം നടത്തുന്നതെന്നും ലൂസി കളപ്പുര ആരോപിക്കുന്നു.

വത്തിക്കാനിൽ അപ്പീലിന് അപേക്ഷ കൊടുത്തത് മാർച്ചിലാണ്. പിന്നീട് കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട കോടതി കഴിഞ്ഞ ഓഗസ്റ്റിലാണ് തുറന്നത്. പുറത്താക്കിയ നടപടി ശരിവെച്ചെന്ന് കാണിച്ച് തനിക്ക് കിട്ടിയ കത്തിൽ മെയ് 27, 2020 എന്നാണുള്ളത്. ഒരു വർഷത്തിന് ശേഷമാണ് ഈ കത്ത് കിട്ടിയത്. തന്റെ വക്കീൽ അപ്പീലിന് കേസ് സമർപ്പിക്കുകയോ വിചാരണ നടത്തുകയോ ചെയ്യുന്നതിന് മുൻപ് തയ്യാറാക്കി വെച്ച കത്താണ് അതെന്ന് വ്യക്തമാണെന്നും ലൂസി കളപ്പുര പറയുന്നു.

വത്തിക്കാനിൽ നിന്ന് കത്തു വന്ന കവറിന് പുറത്തെ സ്റ്റാമ്പുകൾ നീക്കം ചെയ്ത് പുതിയ സ്റ്റാമ്പുകൾ പതിപ്പിച്ചതായി വ്യക്തമാണ്. ഒരു വർഷം മുൻപ് വന്ന കത്ത് ഇപ്പോൾ വ്യാജമായി പ്രചരിപ്പിക്കുകയാണെന്നും പുറത്താക്കിയെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ലൂസി കളപ്പുര വിശദീകരിച്ചു.

എഫ്സിസി സുപ്പീരിയർ ആൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ഒരു വർഷമായി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ഒരാഴ്ചയ്ക്കകം മുറി ഒഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. മുറി ഒഴിയാൻ തയ്യാറായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ദർശനം പഠിപ്പിക്കുന്ന അധികാരികൾ വളരെ മോശമായ രീതിയിലാണ് തനിക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും ലൂസി വ്യക്തമാക്കി.

തിരുവനന്തപുരം: ജയിലിലേക്ക് പുതിയതായി എത്തുന്ന തടവുകാർക്ക് ആന്തരിക പരിക്കുകൾ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലർ നടപ്പാക്കുന്നതിൽ അസൗകര്യം അറിയിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ആഭ്യന്തര വകുപ്പിന് കത്ത് നൽകി. പല സർക്കാർ ആശുപത്രികളിലും പരിശോധനയ്ക്ക് സൗകര്യം ഇല്ലെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

വൃക്ക പരിശോധന, അൾട്രാസൗണ്ട് സ്‌കാൻ എന്നിങ്ങനെ അഞ്ച് പരിശോധനകൾ ജയിലിൽ പുതുതായി എത്തുന്ന തടവുകാർക്ക് നടത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ സർക്കുലറിൽ അറിയിച്ചിരുന്നത്. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് ആരോഗ്യ വകുപ്പ് ഇക്കാര്യങ്ങൾ വിശദീകരിച്ച് സർക്കുലർ പുറത്തിറക്കിയത്. പീരുമേട് സബ് ജയിലിലെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ ആണ് പുതിയ സംവിധാനം നിർദ്ദേശിച്ചത്.

എന്നാൽ സർക്കുലർ നടപ്പാക്കാൻ അസൗകര്യം ഉണ്ടെന്നും പല സർക്കാർ ആശുപത്രികളിലും പരിശോധനയ്ക്ക് സൗകര്യം ഇല്ലെന്നും ഋഷിരാജ് സിംഗ് അറിയിച്ചു. ആശയക്കുഴപ്പം നടപടികളെ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് ഋഷിരാജ് സിംഗ് കത്തയച്ചത്. വയനാട്, ഇടുക്കി, മലപ്പുറം, കാസർകോട് തുടങ്ങിയ ജില്ലകളിൽ ആണ് നിർദ്ദേശം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും കത്തിൽ വിശദീകരിക്കുന്നു.

ലണ്ടൻ: രാഷ്ട്രങ്ങളുടെ ചെറുസംഘങ്ങൾ ലോകത്തിന്റെ വിധി നിർണയിക്കുന്ന കാലം അസ്തമിച്ചെന്ന് ചൈന. ജി 7 രാജ്യങ്ങൾക്കെതിരെയാണ് ചൈനയുടെ പരാമർശം. ചൈനക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാൻ ജി-7 രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ചൈനയുടെ പ്രതികരണം.

ആഗോളപ്രശ്നങ്ങളിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ രാജ്യങ്ങളുടെ ചെറിയ കൂട്ടായ്മകൾ നിലനിർത്തി പോന്ന ആധിപത്യം അവസാനിച്ചിട്ട് കാലമേറെയായി. സമ്പന്നമോ ദരിദ്രമോ, വലുതോ ചെറുതോ, കരുത്തുള്ളതോ ശക്തി കുറഞ്ഞതോ തുടങ്ങി ഏതു വിധത്തിലുള്ള രാജ്യങ്ങളാണെങ്കിലും അവയ്ക്ക് തുല്യസ്ഥാനമാണുള്ളതെന്നാണ് തങ്ങളുടെ വിശ്വാസമെന്നും എല്ലാ രാജ്യങ്ങളുടേയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ആഗോള കാര്യങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാകാവൂവെന്നും ലണ്ടനിലെ ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി.

ചൈനയെ വരുതിയ്ക്ക് നിർത്താൻ ലോകമെമ്പാടും അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങുകയാണ് ജി7 രാജ്യങ്ങൾ. ജി7 ഉച്ചകോടിയുടെ രണ്ടാം ദിവസമായിരുന്നു പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ നടന്നത്. ചൈന വികസ്വര രാഷ്ട്രങ്ങളെ വരുതിയ്ക്ക് നിർത്താൻ തയ്യാറാക്കിയ ബെൽറ്റ് ആന്റ് റോഡ് പദ്ധതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ആകർഷകമായ അടിസ്ഥാന സൗകര്യവികസന പദ്ധതിയാണ് ജി7 അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.

ബെൽറ്റ് ആന്റ് റോഡ് പദ്ധതി കടം കൊടുത്ത് ചെറിയ രാജ്യങ്ങളെ കെണിയിൽപ്പെടുത്തുന്ന പദ്ധതിയാണെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. 2013 ലാണ് ചൈന ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം കടം കൊടുത്ത പണം തിരിച്ചടക്കാത്ത രാജ്യങ്ങൾ ചൈനയുടെ വരുതിയ്ക്ക് നിൽക്കേണ്ടി വരും.

ചെന്നൈ: തമിഴ്‌നാട് തീരത്തേക്ക് ശ്രീലങ്കയിൽ നിന്നും ആയുധങ്ങളുമായി ബോട്ട് എത്തുന്നുവെന്ന് രഹസ്യ വിവരം. ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട് തീരത്ത് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. വിവരം കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.

കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സായുധരായ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്. കോസ്റ്റ് ഗാർഡും തീരത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്നും അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘത്തെയും മയക്കുമരുന്ന് സംഘത്തെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധമുള്ളവർ തന്നെയാണ് ആയുധങ്ങൾ എത്തിക്കുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

തിരുവനന്തപുരം: എലവേറ്റഡ് ഹൈവേ നിർമ്മാണ പുരോഗതി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിലവിൽ ഹൈവേയുടെ നിർമ്മാണം 60 ശതമാനം പൂർത്തിയായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. 2022 ഏപ്രിൽ മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടകംപള്ളി സുരേന്ദ്രൻ എം എൽ എ, കൗൺസിലർ എൽ എസ് കവിത, ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം എലവേറ്റഡ് ഹൈവേ നിർമ്മാണപുരോഗതി പരിശോധിക്കാൻ കഴക്കൂട്ടത്ത് എത്തിയിരുന്നു. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും കടകംപള്ളി സുരേന്ദ്രൻ എം എൽ എ യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരാനും തീരുമാനിച്ചു. ആവശ്യമെങ്കിൽ മന്ത്രിതല യോഗങ്ങളും വിളിച്ചു ചേർക്കും. ടാർഗറ്റ് അനുസരിച്ച് ഓരോ പ്രവൃത്തിയും പൂർത്തീകരിക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കാനാണ് തീരുമാനം. കഴക്കൂട്ടം മുതൽ രണ്ടേ മുക്കാൽ കിലോമീറ്ററിലാണ് എലവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നത്.

സർവ്വീസ് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്നും മഴക്കാലത്തെ വെള്ളക്കെട്ട് വിഷയം ചർച്ച ചെയ്യാൻ എം എൽ എ യുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അധികൃതരെ കൂടി ഉൾപ്പെടുത്തി യോഗം വിളിക്കുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഗർഡറുകൾ സ്ഥാപിക്കുന്ന ഘട്ടത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ മാനദണ്ഡങ്ങളുമായി കേന്ദ്ര ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അഥവാ ആര്‍ടിഒ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാതെ തന്നെ ലൈസന്‍സ് ലഭിക്കാന്‍ അവസരമൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പുതിയ അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ തുടങ്ങാനാണ് നീക്കം. ഈ സെന്ററുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവരെ ആര്‍ടിഒയുടെ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കും, ഇവയ്ക്കുള്ള ചട്ടങ്ങള്‍ ജൂലൈ ഒന്നിന് നിലവില്‍ വരും.

ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ ഇത്തരം സെന്ററുകളില്‍ ഉണ്ടായിരിക്കണമെന്ന് ചട്ടത്തില്‍ പറയുന്നു. വിവിധ പ്രതലങ്ങളിലൂടെ വാഹനം ഓടിക്കുന്ന അനുഭവം കൃത്രിമമായി ലഭിക്കുന്ന സംവിധാനം, ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് എന്നിവ ഉണ്ടായിരിക്കണം. അക്രഡിറ്റഡ് സെന്ററുകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ ലൈസന്‍സ് ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. 2019-ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ എട്ടാം വകുപ്പാണ് അക്രഡിറ്റഡ് ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററുകള്‍ സംബന്ധിച്ച ചട്ടമിറക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നത്.

എന്നാല്‍, ഇത്തരം സെന്ററുകള്‍ പൂര്‍ണമായും സര്‍ക്കാരിന് കീഴിലാകുമോ അതോ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകുമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ ഇറക്കിയ കരട് വിജ്ഞാപനം അനുസരിച്ച് സ്വകാര്യ മേഖലയിലായിരുന്നു ഈ പരിശീലന കേന്ദ്രങ്ങള്‍ വരിക. 12-ാം ക്ലാസ് ജയിച്ച, അഞ്ചുവര്‍ഷം ഡ്രൈവിങ് പരിചയമുള്ളവര്‍ക്കാണ് ഡ്രൈവിംഗ് ട്രെയിനിങ് സെന്റര്‍ തുടങ്ങാന്‍ അനുമതി നല്കുക. മാത്രമല്ല, മോട്ടോര്‍ മെക്കാനിക്‌സില്‍ കഴിവ് തെളിയിച്ച അംഗീകൃത സര്‍ട്ടിഫിക്കറ്റുള്ള വ്യക്തികള്‍ കൂടിയായിരിക്കണം അപേക്ഷകര്‍.

പരിശീലന കേന്ദ്രങ്ങള്‍ക്കായി സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിര്‍ബന്ധമാണെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. പരിശീലന കേന്ദ്രങ്ങള്‍ക്കായി സമതല പ്രദേശത്ത് രണ്ടേക്കറും മലയോര പ്രദേശത്ത് ഒരേക്കറും ഭൂമി നിര്‍ബന്ധമാണെന്നും കരട് വിജ്ഞാപനത്തില്‍ പറയുന്നു. രണ്ട് ക്ലാസ് മുറിയും ഒപ്പം കംപ്യൂട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, ബയോമെട്രിക് അറ്റന്‍ഡന്‍സ് തുടങ്ങിയ സൌകര്യങ്ങളും വേണം. കയറ്റവും ഇറക്കവും അടക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിംഗ് ട്രാക്കും വര്‍ക് ഷോപ്പും നിര്‍ബന്ധമാണ്. ഈ മാനദണ്ഡങ്ങള്‍ മറികടന്നാല്‍ മാത്രമേ പരിശീലന കേന്ദ്രത്തിന് അംഗീകാരം ലഭിക്കൂ.

ചെന്നൈ: ക്ഷേത്രങ്ങളിൽ സ്ത്രീകളെ പുരോഹിതരായി നിയമിക്കാനൊരുങ്ങി തമിഴ്‌നാട്. മന്ത്രി ശേകർ ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രങ്ങളിൽ താല്പര്യമുള്ള സ്ത്രീകളെ പരിശീലനത്തിന് ശേഷം പുരോഹിതരായി നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ശരിയായ പരിശീലനം പൂർത്തിയാക്കിയ ശേഷം ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്.ആർ. ആന്റ് സി.ഇ.) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പുരോഹിതരാകാം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അനുമതി ലഭിച്ച ശേഷം ഞങ്ങൾ പുരോഹിതരാകാൻ താത്പര്യമുള്ള സ്ത്രീകൾക്ക് പരിശീലനം നൽകും. ക്ഷേത്രത്തിലെ ഒഴിവുള്ള തസ്തികകളിൽ അവരെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എച്ച്.ആർ. ആന്റ് സി.ഇ. വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളിൽ പരിശീലനം ലഭിച്ച ബ്രാഹ്മണേതര പുരോഹിതരെ നയമിക്കും. എച്ച്.ആർ. ആന്റ് സി.ഇ. വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും പൂജകൾ തമിഴിലാക്കും. തമിഴിൽ പൂജകൾ അർപ്പിക്കുന്ന എല്ലാ പുരോഹിതരുടെയും വിശദാംശങ്ങളുള്ള ഒരു ബോർഡ് സൂക്ഷിക്കും. ചില ക്ഷേത്രങ്ങളിൽ തമിഴിൽ പൂജകൾ നടത്തുന്നുണ്ടെന്നും എല്ലാ പുരോഹിതർക്കും തമിഴിൽ പൂജകൾ നടത്താൻ പരിശീലനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ന്യൂഡൽഹി: യുവ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച യുവ പദ്ധതിക്ക് തുടക്കം കുറിച്ചു. 30 വയസ്സിനു താഴെയുള്ള പ്രതിഭാശാലികളായ ചെറുപ്പക്കാരെ പരിശീലനവും മാർഗനിർദേശവും നൽകി ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷക്കരിച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള 22 ഇന്ത്യൻ ഭാഷകളിലെ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നാഷണൽ ബുക്ട്രസ്റ്റിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.

പദ്ധതിയുടെ ഭാഗമായി 75 യുവ എഴുത്തുകാരെ തെരഞ്ഞെടുക്കും. ഇവർക്ക് നാലാഴ്ച നീളുന്ന ഓൺലൈൻ, ഓഫ്ലൈൻ പരിശീലനം നൽകും. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കുന്ന പുസ്തകം നാഷണൽ ബുക്ക് ട്രസ്റ്റാണ് പ്രസിദ്ധീകരിക്കുക. മെന്റർഷിപ്പ് പരിപാടിയുടെ അവസാന ഘട്ടത്തിൽ മൂന്ന് ലക്ഷം രൂപയുടെ സ്‌റ്റൈപ്പന്റും ലഭിക്കും.

പദ്ധതിയുടെ ഭാഗമായി ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് ഈ കൃതികൾ ഇതര ഇന്ത്യൻ ഭാഷകളിലേയ്ക്കു പരിഭാഷപ്പെടുത്തും. തെരഞ്ഞെടുക്കപ്പെടുന്ന യുവ എഴുത്തുകാർക്ക് മികച്ച എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും. മുപ്പതു വയസ്സാണ് പ്രായപരിധി. 2021 ജൂൺ ഒന്നിന് മുപ്പതു വയസ്സ് തികഞ്ഞതോ അതിനു താഴെയുള്ളതോ ആയ ഇന്ത്യൻ പൗരൻമാർക്ക് പദ്ധതിയിൽ അപേക്ഷ നൽകാം. അപേക്ഷാ ഫോമും അയ്യായിരം വാക്കിൽ കൂടാത്ത ടൈപ്പ് ചെയ്ത കുറിപ്പും nbtyoungwriters@gmail.com എന്ന വിലാസത്തിൽ ഇമെയിൽ അയക്കണം.

സ്വാതന്ത്ര്യ സമരത്തിലെ വാഴ്ത്തപ്പെടാത്ത വീരനായകർ, ദേശീയ പ്രസ്ഥാനത്തെക്കുറിച്ചുള്ള അറിയപ്പെടാത്ത വിസ്തുതകൾ, സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ വിവിധ ദേശങ്ങളുടെ പങ്ക് തുടങ്ങിയവയാണ് കുറിപ്പിനുള്ള വിഷയങ്ങൾ. ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക, ശാസ്ത്ര വശങ്ങളെക്കുറിച്ച് പുതിയ സമീപനമുള്ളതായിരിക്കണം കുറിപ്പെന്നാണ് നിർദ്ദേശം. ജൂൺ 1 മുതൽ ജൂലൈ 31 വരെയാണ് മത്സര കാലയളവ്.

നാഷണൽ ബുക് ട്രസ്റ്റ് (എൻ ബി ടി) വെബ്സൈറ്റ് വഴി (https://www.nbtindia.gov.in/) ദേശീയ തലത്തിൽ നടത്തുന്ന മത്സരത്തിലൂടെയാവും യുവ എഴുത്തുകാരെ തിരഞ്ഞെടുക്കുക. എൻ ബി ടി ഏർപ്പെടുത്തുന്ന വിദഗ്ധ സമിതിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഇ-മെയിലിൽ ലഭിക്കുന്ന കുറിപ്പുകളും അപേക്ഷാ ഫോമും വിദഗ്ധ സമിതി പരിശോധിച്ച് അർഹരായവരെ തെരഞ്ഞെടുക്കും. 2021 ഓഗസ്ത് 15-ന് സ്വാതന്ത്ര്യ ദിനത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരു വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.

sivan

തിരുവനന്തപുരം: വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടിസി നിഷേധിക്കാൻ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ അവകാശങ്ങൾ വിദ്യാഭ്യാസ അവകാശനിയമം 2009 ൽ കൃത്യമായി വിവരിക്കുന്നുണ്ടെന്നും അത് ഒരു കാരണവശാലും ലംഘിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നേരിട്ട് പരാതി ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് ടി സി ഇല്ല എന്നുള്ളത് ഒരു തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകൾക്കായി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായും ഒമ്പത്,പത്ത് ക്ലാസുകാർക്ക് പൊതുവിദ്യാലയങ്ങളിൽ തുടർപഠനം ഉറപ്പാക്കുന്നതിനും ഉത്തരവിറക്കിയിട്ടുണ്ട്. ടി സി ലഭിക്കാത്ത കുട്ടികളുടെ യു ഐ ഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചില അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ടി സി നൽകുന്നില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട്. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടാൽ ടിസി നിർബന്ധമായും നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്തെ ചില അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് വൈറസ് വ്യാപനത്തിന്റെ കാലത്തും യാതൊരു ന്യായീകരണവും ഇല്ലാതെ വർധിച്ച നിരക്കിൽ വിദ്യാർത്ഥികളിൽ നിന്ന് വിവിധതരം ഫീസ് ഇടാക്കുന്നുണ്ടെന്നും പരാതിയുണ്ട്.

അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖല വിദ്യാഭ്യാസരംഗത്ത് ചെയ്തുകൊണ്ടിരിക്കുന്ന സംഭാവന വിസ്മരിക്കുന്നില്ല. സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തനം നടത്തുന്ന നിരവധി അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട്. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളുമായി ചില അൺഎയ്ഡഡ് മാനേജ്‌മെന്റുകൾ മുന്നോട്ട് പോകുന്നുണ്ട്. ഇത്തരം നിലപാടുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പ്യൂട്ടർ ലാബ് ഫീസ്, ലൈബ്രറി ഫീസ്, സ്മാർട്ട് ക്ലാസ്‌റൂം ഫീസ് തുടങ്ങിയ ഫീസുകൾ രക്ഷിതാക്കളോട് മുൻകാലങ്ങളിലെ പോലെ ചില മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ 2020 – 21 അദ്ധ്യയന വർഷം മുതൽ ഇവയൊന്നും പ്രവർത്തിക്കുന്നില്ല എന്ന വസ്തുത ഈ മാനേജ്‌മെന്റുകൾ പരിഗണിക്കുന്നില്ല. സ്‌പോർട്‌സ് ആൻഡ് ഗെയിംസ്, സാംസ്‌കാരിക പരിപാടികൾ, മെഡിക്കൽ എക്‌സാമിനേഷൻ ഫീസ്, ബാഡ്ജ്- ഡയറി ചെലവ് , പ്രോഗ്രസ് റിപ്പോർട്ട് ചാർജുകൾ, പിടിഎ ഫണ്ട്, ഇൻഷുറൻസ് തുടങ്ങിയ ഇനങ്ങളിൽ ഒന്നും ചിലവാക്കുന്നില്ലെങ്കിലും പണം ആവശ്യപ്പെടുന്നുണ്ട് എന്ന് പരാതിയും ഉയരുന്നുണ്ട്.

കോവിഡ് കാലഘട്ടത്തിൽ നല്ലൊരു ശതമാനം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്ഥിരം വരുമാനം, സുരക്ഷിത ജോലി തുടങ്ങിയവയില്ലെന്നും കൂടുതൽ ഫീസ് ഈടാക്കുന്ന അൺഎയ്ഡഡ് മാനേജ്‌മെന്റുകൾ ഈ സാഹചര്യം മനസ്സിലാക്കണമെന്നും വിദ്യാഭ്യാസ മന്ത്രി അഭ്യർത്ഥിച്ചു.

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് സംഭവം. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെയാണ് പരിക്കേറ്റത്. ലഷ്‌കർ ഇ ത്വയ്ബ ഭീകരരാണ് സുരക്ഷാ സേനയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയത്.

സോപ്പോർ മേഖലയിൽ പെട്രോളിംഗ് നടത്തിയിരുന്ന പോലീസ്- സിആർപിഎഫ് സംഘത്തിന് നേരെ ഇന്ന് ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സൈന്യം സുരക്ഷ ശക്തമാക്കി. പ്രദേശത്ത് പരിശോധന കർശനമാക്കുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നുവെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.