സംസ്ഥാനത്തെ ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍.എന്‍.ജി. ബസ് സര്‍വീസ് ഉദ്ഘാടനം തിങ്കളാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ ഹരിത ഇന്ധനം ഉപയോഗിച്ചുള്ള ആദ്യ എല്‍.എന്‍.ജി. ബസ് സര്‍വ്വീസ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്നും ഉച്ചയ്ക്ക് 12 മണിയ്ക്കുള്ള ആദ്യ സര്‍വ്വീസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്‌ലാഗ് ഓഫ് ചെയ്യും. നഗരസഭാ കൗണ്‍സിലര്‍ സി.ഹരികുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിക്കും.

കെ എസ് ആര്‍ ടി സി സിഎംഡി ബിജു പ്രഭാകര്‍, പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് ചീഫ് ജനറല്‍ മാനേജര്‍ യോഗാനന്ദ റെഡ്ഡി, യൂണിയന്‍ നേതാക്കളായ വി. ശാന്തകുമാര്‍ , ആര്‍. ശശിധരന്‍, കെ.എല്‍ രാജേഷ്, സൗത്ത് സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.തുടക്കത്തില്‍ രണ്ടു എസി ബസുകളാണ് സര്‍വീസ് ആരംഭിക്കുന്നത്.ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാവുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റം.

നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍.എന്‍.ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്. അടുത്തിടെയായി ഒട്ടനവധി പരിഷ്‌ക്കാരങ്ങളാണ് കെഎസ്ആര്‍ടിയിസിയില്‍ വരുത്തുന്നത്. തിരുവനന്തപുരം സിറ്റി സര്‍വ്വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ റൂട്ട് നമ്പറിംഗ് സിസ്റ്റം നടപ്പിലാക്കുന്നു.എത്തിച്ചേരുന്ന സ്ഥലത്തിനും സഞ്ചരിക്കുന്ന റൂട്ടിനും പ്രാധാന്യം നല്‍കിയാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ജില്ലകളെ സൂചിപിക്കുന്നതിന് ഇംഗ്ലീഷ് അക്ഷരങ്ങളും സ്ഥലങ്ങള്‍ക്കും അക്കങ്ങളും ചേരുന്ന ഒരു സംവിധാനമാണ് നടപ്പില്‍ വരുത്തുന്നത്.