കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വിതരണം മുടങ്ങി; മരുന്നു വാങ്ങാൻ പോലും ബുദ്ധിമുട്ടിലാണെന്ന പരാതിയുമായി പെൻഷൻകാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വിതരണം മുടങ്ങി. മാസം പകുതിയിലധികം കഴിഞ്ഞിട്ടും കെ.എസ്.ആർ.ടി.സിയിൽ ഇതുവരെ പെൻഷൻ വിതരണം ആരംഭിച്ചിട്ടില്ല. സഹകരണ സംഘങ്ങൾ വഴിയാണ് കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വിതരണം നടത്തുന്നത്. പുതിയ സർക്കാർ മേൽ നടപടികൾ സ്വീകരിക്കാത്തതിനാലാണ് പെൻഷൻ മുടങ്ങിയിരിക്കുന്നത്.

സർക്കാരും സഹകരണ സംഘങ്ങളും തമ്മിലുള്ള എം.ഒ.യു ഇതുവരെ പുതുക്കിയിട്ടില്ല. മാർച്ചിൽ എം.ഒ.യു കാലാവധി കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദത്തോടെ കഴിഞ്ഞ രണ്ടു മാസത്തേയും പെൻഷൻ തുക സഹകരണ സംഘങ്ങളിൽ എത്തിച്ചിരുന്നു. എന്നാൽ ഇനിയുള്ള പെൻഷൻ വിതരണത്തിനായുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

എല്ലാം ആദ്യം മുതൽ ആരംഭിച്ചാൽ മാത്രമെ പെൻഷൻ വിതരണം നടത്താൻ കഴിയൂ. പെൻഷൻ ഫയൽ ഗതാഗത വകുപ്പ് ധന വകുപ്പിന് അയച്ചിരിക്കുകയാണ്. അവിടെ നിന്ന് സഹകരണ വകുപ്പിലും പിന്നീട് കേരള ബാങ്കിലും പോകണം. അവിടെ പുതിയ കരാറുണ്ടാക്കാനുള്ള വ്യവസ്ഥകൾ ചർച്ച ചെയ്തു തീരുമാനിക്കണം. പിന്നീട് മൂന്നു വകുപ്പുകളും കൂടിയാലോചിച്ച് വേണം അന്തിമ തീരുമാനമെടുക്കാൻ. ഇതെല്ലാം അവസാനിച്ച് പെൻഷൻ വിതരണം ആരംഭിക്കാൻ ഒരാഴ്ച്ചയിലധികം എടുത്തേക്കുമെന്നാണ് വിവരം. കോവിഡ് കാലത്ത് മരുന്നു വാങ്ങാൻ പോലും ബുദ്ധിമുട്ടിലാണെന്നാണ് പെൻഷൻകാരുടെ പരാതി. വളരെയേറെ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇവർ പരാതി പറയുന്നു.