മരംമുറി വിവാദത്തിൽ വനംവകുപ്പിലെ ജീവനക്കാരുടെ സംഘടനകൾ തമ്മിൽ തർക്കം മുറുകുന്നു: ഭാരവാഹിയ്ക്കും ബന്ധുവിനും മരംമുറിയിൽ പങ്കെന്ന് ആരോപണം

tree

കോഴിക്കോട്: മരംമുറി വിവാദവുമായി ബന്ധപ്പെട്ട് വനം വകുപ്പിൽ ജീവനക്കാരുടെ സംഘടനകൾ തമ്മിൽ തർക്കം മുറുകുന്നു. റവന്യൂ വകുപ്പിന്റെ പിഴവുകളിൽ വനം വകുപ്പ് ജീവനക്കാർക്കെതിരെ അന്വേഷണം വേണ്ടെന്ന കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ നിലപാടിനെതിരെ എതിർപ്പുമായി ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ രംഗത്തെത്തി.

കുറ്റക്കാരായവർക്ക് രക്ഷപ്പെടുന്നതിനുള്ള അവസരമൊരുക്കാൻ വേണ്ടിയാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നതെന്നാണ് സിപിഐയുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ആരോപിക്കുന്നത്. അസോസിയേഷന്റെ പ്രധാന ഭാരവാഹിക്കും ബന്ധുവിനും മരംകൊള്ളയിൽ പങ്കുണ്ടെന്ന ആരോപണവും ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ജീവനക്കാർക്ക് നൽകിയ വാട്‌സാപ് സന്ദേശത്തിലാണ് സ്റ്റാഫ് ഓർഗനൈസേഷൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

വനം വകുപ്പിലുള്ളവർക്ക് മരംമുറിയിൽ പങ്കുണ്ടെന്നും അന്വേഷണത്തിലൂടെ മാത്രമെ കുറ്റക്കാരെ പുറത്തു കൊണ്ടുവരാൻ കഴിയൂവെന്നും ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ വിശദീകരിക്കുന്നു. അന്വേഷണം അട്ടിമറിക്കാനാണ് അസോസിയേഷൻ ശ്രമിക്കുന്നതെന്നാണ് സ്റ്റാഫ് ഓർഗനൈസേഷന്റെ ആരോപണം. ക്രമക്കേടുകൾക്ക് കുടപിടിച്ചവർ തന്നെയാണ് ഇപ്പോൾ അന്വേഷണത്തിനെതിരെ രംഗത്തുവന്നരിക്കുന്നതെന്നും ഓർഗനൈസേഷൻ ഭാരവാഹികൾ കൂട്ടിച്ചേർത്തു.