തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ജനങ്ങൾക്ക് ആശ്വാസ തീരുമാനവുമായി സർക്കാർ. ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ല് ഗഡുക്കളായി അടയ്ക്കാൻ സംവിധാനമൊരുക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ഉപഭോക്താക്കൾ ഗഡുക്കളായി ബില്ല് അടച്ചാലും കണക്ഷൻ കട്ട് ചെയ്യില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഹൈടെൻഷൻ ഉപഭോക്താക്കളുടെ ഫിക്‌സഡ് ചാർജ്ജിൽ 25 ശതമാനം ഇളവ് നൽകിയിട്ടുണ്ട്. പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതി പരമാവധി കുറക്കുന്ന പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രോസ് സബ്‌സിഡി ഒഴിവാക്കാനുള്ള കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം ആരോപിച്ചു. റഗുലേറ്ററി കമ്മീഷനുമായി ഗുസ്തിക്കില്ലെന്നും അവരുടെ ചില ഉത്തരവുകൾ തിരിച്ചടിയാണെന്നും അദ്ദേഹം വിശദമാക്കി. .ഇതേക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടത്തുമെന്നും ആവശ്യമെങ്കിൽ അപ്പീൽ പോകുമെന്നും കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.

