തിരുവനന്തപുരം: അശരണർക്കും ആലംബഹീനർക്കുമായി വാതിൽപ്പടി സേവനം ആവിഷ്ക്കരിച്ച് സർക്കാർ. പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടമായി ആരംഭിക്കുക. ആദ്യഘട്ട പ്രവർത്തനാനുഭവങ്ങളുടെ വെളിച്ചത്തിൽ പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ആലോചനാ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആജീവനാന്ത സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കൽ, സാമൂഹിക സുരക്ഷ പെൻഷൻ, അടിയന്തരാവശ്യത്തിനുള്ള മരുന്നുകൾ എത്തിച്ചു നൽകൽ, പാലിയേറ്റീവ് കെയർ തുടങ്ങിയ സേവനങ്ങളാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ ലഭ്യമാക്കുക. സേവനം ലഭ്യമാക്കേണ്ടവർക്ക് കമ്മിറ്റി അംഗങ്ങളെ ഫോൺ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്. ഇതിനായി കമ്മിറ്റി അംഗങ്ങളുടെ ഫോൺ നമ്പരുകൾ അടങ്ങിയ കാർഡ് വിതരണം ചെയ്യുമെന്നും അക്ഷയ കേന്ദ്രങ്ങളും സന്നദ്ധ സേവന വോളണ്ടിയർമാരും ആശാവർക്കർമാരുടെ സഹായത്തിനുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യഘട്ടം ആരംഭിച്ചതിന് ശേഷം പദ്ധതിയിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തുന്നതായിരിക്കും.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് അംഗത്തിന്റെ അദ്ധ്യക്ഷതയിൽ ആശാ വർക്കർ, കുടുംബശ്രീ പ്രതിനിധി, സന്നദ്ധ സേവന വോളണ്ടിയർമാർ എന്നിവരടങ്ങുന്ന കമ്മിറ്റിയായിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സേവനം ആവശ്യമായവരുമായി ബന്ധപ്പെടാനുള്ള പ്രാഥമിക ചുമതല ആശാവർക്കർമാർക്കാണ്. മികച്ച രീതിയിൽ പ്രവർത്തിക്കാൻ സന്നദ്ധതയുള്ള വോളണ്ടിയർമാരെ സുതാര്യമായ രീതിശാസ്ത്രം ഉപയോഗിച്ച് കണ്ടെത്തണം. ഇതിനായുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. എൻ എസ് എസ്, എൻ സി സി വോളണ്ടിയർമാരെ ഈ പ്രവർത്തനത്തിന്റെ ഭാഗമാക്കാം.
പാലിയേറ്റീവ് കെയർ ആവശ്യമായവർക്ക് ഈ സേവനം ലഭ്യമാക്കാൻ ആവശ്യമായ കരുതലുകൾ ഉണ്ടാകണം. കോവിഡ് കാലത്ത് നടപ്പിലാക്കിയ രീതി ഇതിനായി തുടരാവുന്നതാണെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വാതിൽപ്പടി സേവന പ്രവർത്തനങ്ങളുടെ പുരോഗതി ജില്ലാ അടിസ്ഥാനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലും നിരന്തരം അവലോകനം ചെയ്യണം. ജില്ലാ കളക്ടരും ജില്ലാ ആസൂത്രണ സമിതിയും പദ്ധതിയുടെ നടത്തിപ്പിലും മോണിറ്ററിങിലും നിർണ്ണായകമായ പങ്ക് വഹിക്കണമെന്നും അദ്ദേഹം വിശദമാക്കി.

