കോഴിക്കോട്: ഇത്തവണ ഓണക്കാലത്ത് മിൽമ നടത്തിയത് റെക്കോർഡ് പാൽവിൽപ്പന. തിരുവോണനാളിലെ ഉപയോഗത്തിന് മലയാളികൾ വാങ്ങിയത് 36 ലക്ഷം ലിറ്റർ പാലാണ്. മിൽമ രൂപീകരിച്ച ശേഷം ഇതാദ്യമായാണു കേരളത്തിൽ ഇത്രയേറെ പാലും തൈരും വിൽപന നടത്തുന്നത്. കഴിഞ്ഞ വർഷം 31 ലക്ഷം ലിറ്റർ പാൽ ആണ് മിൽമ വിറ്റഴിച്ചത്.
തൈരിന്റെ വിൽപനയും വലിയ തോതിൽൃ വർധിച്ചു. 3.60 ലക്ഷം കിലോ തൈരാണ് തിരുവോണ ദിനത്തിലേക്കായി സംസ്ഥാനത്ത് മിൽമ വിൽപ്പന നടത്തിയത്. കഴിഞ്ഞവർഷം 3 ലക്ഷം ലിറ്റർ തൈര് മിൽമ വിറ്റഴിച്ചു. കേരളത്തിലെ പ്രതിദിന പാൽ ഉൽപാദനം 15 ലക്ഷം ലിറ്റർ ആണ്. അതിനാൽ തന്നെ ഏറെ ആസൂത്രണത്തോടെയാണ് ഓണക്കാലത്ത് മിൽമ പാൽ വിൽപ്പന നടത്തിയത്.
ഓണക്കാലത്ത് കർണാടകയിൽ നിന്ന് 10 ലക്ഷം ലിറ്റർ പാലും തമിഴ്‌നാട്ടിൽനിന്ന് 1.5 ലക്ഷം ലിറ്റർ പാലും മിൽമ വാങ്ങി. അതോടൊപ്പം ഓണത്തോട് അടുത്ത ദിവസങ്ങളിലെ പാൽ സംഭരണത്തിന്റെ അളവും മിൽമ വർധിപ്പിച്ചു. ഈ രീതിയിൽ 10 ലക്ഷം ലീറ്റർ പാൽ ആഭ്യന്തരസംഭരണം നടത്തിയാണ് തിരുവോണനാളിൽ മിൽമ മലയാളികൾക്കായി പാൽ വിൽപ്പന നടത്തിയത്. മലബാർ മേഖലയിൽ 13.95 ലക്ഷം ലിറ്റർ പാലും 1.95 ലക്ഷം കിലോ തൈരും വിറ്റു. എറണാകുളം മേഖലയിൽ 12.8 ലക്ഷം ലിറ്റർ പാലും 95,000 കിലോ തൈരും വിറ്റഴിച്ചു. തിരുവനന്തപുരത്ത് 9.86 ലക്ഷം ലിറ്റർ പാലും 73,000 കിലോ തൈരും വിൽപ്പന നടത്തി.

