ബ്രിട്ടീഷുകാരെക്കാൾ മോശമാണ് ബിജെപി; ഭിന്നിപ്പിച്ച് ഭരണം പിന്തുടരാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കെ മുരളീധരൻ

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ബ്രിട്ടീഷുകാരെക്കാൾ മോശമാണ് ബിജെപിയെന്ന് കെ മുരളീധരൻ പറഞ്ഞു. ഭിന്നിപ്പിച്ച് ഭരണം പിന്തുടരാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

അബ്ദുള്ളക്കുട്ടിക്കെതിരെയും കെ മുരളീധരൻ വിമർശനം ഉന്നയിച്ചു. അബ്ദുള്ളക്കുട്ടി പറയുന്നത് കാര്യമാക്കേണ്ടെന്നും ചെല്ലുന്നിടത്ത് മണിയടിക്കുന്ന ആളാണ് അബുള്ളക്കുട്ടിയെന്ന് അദ്ദേഹം പരിഹസിച്ചു. പുതിയ ചരിത്രം മെനയാൻ നോക്കുന്നത് നിലനിൽക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി കേരളത്തിലെ ആദ്യ താലിബാൻ തലവനായിരുന്നു എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാമർശം. ഇതിനെതിരെയായിരുന്നു മുരളീധരന്റെ പ്രതികരണം.

ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമാണ് മലബാർ വിപ്ലവം. മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവർ രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലബാർ കലാപ നേതാക്കളെ സ്വതന്ത്രസമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കാനുള്ള തീരുമാനത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.