ദോഹ: കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനത്തിനായി ഖത്തറിന്റെ സാങ്കേതിക സഹായം തേടാനൊരുങ്ങി താലിബാൻ. വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ടിയാണ് താലിബാൻ ഖത്തറിന്റെ സഹായം തേടാനൊരുങ്ങുന്നത്. നേരത്തെ വിഷയത്തിൽ താലിബാൻ തുർക്കിയുടെ സഹായം തേടിയിരുന്നെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെയാണ് ആവശ്യവുമായി ഖത്തറിനെ സമീപിച്ചിരിക്കുന്നത്.
അഫ്ഗാനാന്റെ നിയന്ത്രണം താലിബാൻ പിടിച്ചടക്കിയെങ്കിലും യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴും കാബൂൾ വിമാനത്താവളം. യുഎസ് സൈന്യം കാബൂളിൽ നിന്നും പൂർണ്ണമായി പിന്മാറുന്നതോടെ അഫ്ഗാനിൽ വീണ്ടും പ്രതിസന്ധി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 31 ആണ് യുഎസ് സൈനികർക്ക് രാജ്യം വിടാനായി താലിബാൻ നൽകിയ സമയ പരിധി അവസാനിക്കുന്നത്. വിദേശ സൈന്യങ്ങളെല്ലാം പിന്മാറിയതിന് ശേഷം കാബൂളിന്റെ പ്രവർത്തനം പൂർണ്ണമായും ഏറ്റെടുക്കാനാണ് താലിബാന്റെ പദ്ധതി.
സ്വന്തം നിലയ്ക്ക് വിമാനത്താവളം പ്രവർത്തിപ്പിക്കാൻ നിലവിൽ താലിബാന് കഴിവില്ല. ഈ സാഹചര്യത്തിലാണ് സഹായത്തിനായി താലിബാൻ തുർക്കിയെ സമീപിച്ചത്. തുർക്കിയിൽ നിന്നും മറുപടി ലഭിക്കാതെ വന്നതോടെയാണ് ഖത്തറിനെ സമീപിക്കാൻ താലിബാൻ ഭീകരർ തീരുമാനിച്ചത്.