ശക്തമായ മഴയും കാറ്റും; വൈദ്യുത ബന്ധവും ഗതാഗതവും തകരാറിൽ

വിഴിഞ്ഞം: വിഴിഞ്ഞത്ത് ശക്തമായ കാറ്റും മഴയും. മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുത ബന്ധവും ഗതാഗതവും തകരാറിലായി. ഇന്നലെ വൈകുന്നേരമാണ് തീരത്ത് ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടത്. മൂന്ന് മണിക്കൂറോളം നേരം തീരത്ത് ശക്തമായ കാറ്റ് വീശിയടിച്ചു. നിരവധി മരങ്ങൾ കാറ്റിൽ കടപുഴകി വീണു.

ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന അധികൃതരുടെ മുന്നറിയിപ്പ് അറിയാതെ നിരവധി വള്ളങ്ങൾ കടലിൽ ഇറങ്ങിയിരുന്നു. ഇവയിൽ ചിലത് തിരിച്ചെത്തിയെങ്കിലും മറ്റുള്ളവ കടലിൽ കുടുങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്ന മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ്, കർണ്ണാടക തീരങ്ങളിൽ 40 മുതൽ 50 കിലോമീറ്ററോളം വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.

കാറ്റും മഴയും ശക്തമാകുന്നതിനിടയിൽ പുറംകടലിൽ മീൻ പിടിത്തത്തിൽ ഏർപ്പെട്ടിരുന്ന നിരവധി വള്ളങ്ങൾ തീരത്തടുപ്പിച്ചു. എന്നാൽ ഉൾക്കടലിൽ പോയ വള്ളങ്ങളെ രാത്രിയും കരക്കെത്തിക്കാനായിട്ടില്ല. കരയിൽ വീശിയടിച്ചതു പോലെ ശക്തമായ കാറ്റ് കടലിനെയും ബാധിച്ചതായാണ് മത്സ്യത്തൊഴിലാളികൾ അറിയിക്കുന്നത്.