പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണി; ഭീകരാക്രമണ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തലുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍

തിരുവനന്തപുരം: തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്രത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തലുമായി രഹസ്യാന്വേഷണ ഏജന്‍സികള്‍. ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിനു സമാനമായ ആക്രമണത്തിനുപോലും സാധ്യതയുണ്ടെന്ന് ഏജന്‍സികള്‍ അറിയിച്ചു.

തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, തിരുമല എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചിരുന്നതായി അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ പൗരന്മാരും ഇക്കൂട്ടത്തില്‍ പെടും. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ നിയന്ത്രണത്തിലുള്ളവരും സൈനിക കേന്ദ്രത്തിനു ചുറ്റുമായി താമസിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനെ തുടര്‍ന്ന്, സംശയാസ്പദമായ സാഹചര്യത്തില്‍ കടലില്‍ ബോട്ടുകള്‍ കാണുന്നുണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്താനിലേക്ക് കടക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരമേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കര്‍ശന നിരീക്ഷണവും നടത്തുന്നുണ്ട്. ഹോംസ്റ്റേ, റിസോര്‍ട്ട്, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കി. സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്ത, ശ്രീലങ്കയിലെ പള്ളിയില്‍ 2019 ല്‍ ഭീകരര്‍ നടത്തിയ സ്ഫോനത്തിന്റെ ആസൂത്രണം നടന്നത് കേരളത്തിലാണെന്ന് കേന്ദ്ര ഇന്റലിജന്‍സും ആര്‍മി ഇന്റലിജന്‍സും കണ്ടെത്തിയിരുന്നു. കള്ളക്കടത്ത്, ലഹരി മരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അടുത്ത നാളായി നടന്ന കേസുകളുടെ അന്വേഷണം എത്തിയത് പാങ്ങോട് സൈനിക കേന്ദ്രത്തിന് ചുറ്റുമായി താമസിച്ചവരിലേക്കായിരുന്നു. ശ്രീലങ്കയില്‍ നിന്നും മത്സ്യബന്ധന ബോട്ടുകളില്‍ ഒരു സംഘം കഴിഞ്ഞ ദിവസം കേരളത്തില്‍ പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.