മുംബൈ: ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം. ചരിത്രത്തിലാദ്യമായി സെൻസെക്സ് 60,000 കടന്നു. സെൻസെക്സ് 325 പോയിന്റ് നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 60,211 ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 93 പോയന്റ് ഉയർന്ന് 17,916 ൽ എത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. പലിശ നിരക്ക് ഉയർത്തൽ, ഉത്തേജന പാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസർവിന്റെ നിലപാട് നിക്ഷേപകരിലുണ്ടാക്കിയ വിശ്വാസമാണ് ഓഹരി വിപണിയിൽ നേട്ടം ഉണ്ടാകാൻ കാരണം. ചൈനീസ് ഓഹരി വിപണി കടുത്ത ഇടിവ് നേരിടുന്നതിനിടെയാണ് ഇന്ത്യൻ ഓഹരി വിപണി കുതിക്കുന്നത്.
ഡൗ ജോൺസ് സൂചിക 1.48 ശതമാനവും എസ്ആൻഡ്പി 500 1.21 ശതമാനവും നേട്ടത്തിലെത്തി. നാസ്ദാക്ക് സൂചിക 1.04 ശതമാനം ഉയർച്ചയുണ്ടായി. അതേസമയം ഭൂരിഭാഗം ഏഷ്യൻ സൂചികകളിലും നേട്ടംപ്രകടമാണ്. ജപ്പാന്റെ ടോപിക്സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഇൻഫോസിസ്, വിപ്രോ, എൽആൻഡ്ടി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐടി മേഖലയിലെ ഓഹരികളിൽ രണ്ട് ശതമാനം വളർച്ചയും, ടെലികോം കമ്പനികളുടെ ഓഹരികളിൽ ഒരു ശതമാനം വർധനവും രേഖപ്പെടുത്തി. വിപ്രോ ഓഹരി എൻഎസ്ഇയിലെ മുൻനിര നേട്ടത്തിലാണ്. കമ്പനിയുടെ ഓഹരി 1.55 ശതമാനം ഉയർന്നു 685 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഒഎൻജിസി എന്നിവയുടെ ഓഹരിയിലും വർദ്ധനവ് കാണിക്കുന്നു. അതേസമയം ടാറ്റ സ്റ്റീൽ, എൻടിപിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, ടൈറ്റൻ, എച്ച്ഡിഎഫ്സി, എസ്ബിഐ, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, കോട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, എം ആൻഡ് എം, അൾട്രാ സിമന്റ് എന്നിവയുടെ ഓഹരികൾ നഷ്ടത്തിലാണ്.

