കാസർകോട്: വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത തുടർന്ന് സംസ്ഥാനം. വടക്കൻ കേരളത്തിലാകെ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെങ്കിലും ജാഗ്രത തുടരാനാണ് അധികൃതരുടെ തീരുമാനം. പാലക്കാട് മലമ്പുഴ ഉൾപ്പടെ വടക്കൻ കേരളത്തിലെ ആറ് ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയ നിലയിലാണ്. പാലക്കാട് ജില്ലയിൽ നിലവിൽ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവർത്തിക്കുന്നത്. കോഴിക്കോട് താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂം തുറങ്ങിയിട്ടുണ്ട്. ജില്ലയിൽ ഫയർഫോഴ്‌സിന്റെ ഒൻപത് യൂണിറ്റുകളും സജ്ജമാണ്. ആവശ്യമെങ്കിൽ സൈന്യത്തിന്റെ സേവനവും തേടും. വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്ടിൽ സൈന്യം ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം നിലവിൽ അണക്കെട്ടുകൾ നദികൾ എന്നിവയിലെ വെള്ളത്തിന്റെ നിരപ്പ് നിലവിൽ അപകടാവസ്ഥയിലല്ല. ബാണാസുര, കാരാപ്പുഴ ഡാമുകളിൽ ജലനിരപ്പ് സാധാരണ അവസ്ഥയിലാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു. കണ്ണൂരിൽ മലയോര മേഖയിലുള്ളവർക്കും പുഴയോരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കണ്ണൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. മലപ്പുറത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കാസർകോടും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വടക്കൻ ജില്ലകളിൽ ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

