മുൻകരുതൽ നടപടികൾ; കശ്മീരിലെ വിവിധയിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തലാക്കി

ശ്രീനഗർ: കശ്മീരിലെ വിവിധയിടങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തലാക്കി അധികൃതർ. ശ്രീനഗറിലെ അഞ്ചാർ, ഈദ്ഗാഹ്, ഖമർവാരി, സൗറ, എംആർ ഗങ്, നൗഹത്ത, സഫകടൽ, ബാഗ്യാസ്, കുൽഗാമിലെ വാപോഹ്, ഖൈമ, പുൽവാമയിലെ ലിറ്റർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയത്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് തീരുമാനം.

ജമ്മു കശ്മീരിൽ സമീപകാലത്തുണ്ടായ അക്രമങ്ങൾ കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 11 നാട്ടുകാരാണ് കശ്മീരിലെ വിവിധ പ്രദേശങ്ങളിലായി ഭീകരർ കൊലപ്പെടുത്തിയത്. കശ്മീരിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്.

രണ്ടാഴ്ച്ചക്കിടെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഒമ്പതിലധികം തവണയാണ് ഏറ്റുമുട്ടിയത്. 13 ഭീകരവാദികളെ ഏറ്റമുട്ടലിൽ വധിക്കുകയും ചെയ്തു. അതേസമയം സംഘർഷത്തിനിടെ മലയാളി ഉൾപ്പെടെയുള്ള 9 സൈനികർ വീരമൃത്യു വരിച്ചു.