വാഷിംഗ്ടൺ: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിർണായക പഠനം പുറത്തുവിട്ട് ഗവേഷകർ. സാർസ്‌കോവ്-2 വൈറസിനെതിരെ കുത്തിവെയ്ക്കുന്ന വാക്‌സിനുകളും കോവിഡ് രോഗബാധയും സമാനമായ കൊറോണ വൈറസുകൾക്കെതിരെ വിശാലമായ പ്രതിരോധം തീർക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. നോർത്ത് വെസ്റ്റേൺ സർവകലാശാല ഫെയ്ൻബർഗ് സ്‌കൂൾ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തി പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഭാവിയിലെ മഹാമാരികൾക്കെതിരെ ഫലപ്രദമായ സാർവത്രിക കോവിഡ് വൈറസ് വാക്‌സിൻ എന്ന സാധ്യതകളിലേക്കാണ് പഠനം വിരൽചൂണ്ടുന്നത്.
മനുഷ്യരിൽ രോഗങ്ങൾ പരത്തുന്നത് മൂന്ന് കുടുംബങ്ങളിൽപ്പെട്ട കോവിഡ് വൈറസുകളാണ് ഗവേഷകർ പറയുന്നു. ഇതിൽ ആദ്യത്തേത് സാർസ്‌കോവ്-1, സാർസ്‌കോവ്-2 വകഭേദങ്ങൾ ഉൾപ്പെട്ട സാർബെകോവൈറസ് കുടുംബമാണ്. 2003 ലെ സാർസ് വ്യാപനത്തിനും 2019 ലെ കോവിഡ് മഹാമാരിക്കും കാരണമായത് ഈ രണ്ട് വൈറസ് വകഭേദങ്ങളാണ്. രണ്ടാമത്തെ കുടുംബം ജലദോഷപ്പനി പരത്തുന്ന എംബെകോവൈറസ്( ഒസി43 ) ആണ്. 2012 ൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) പരത്തുന്ന മെർബെകോവൈറസ് ആണ് മൂന്നാമത്തെ കൊറോണ വൈറസ് കുടുംബം. സാർസ് കോവ്-2 വൈറസിനെതിരെ വാക്‌സിൻ എടുത്തവരുടെ രക്തത്തിൽ സാർസ്‌കോവ്-1 നും ഒസി 43 യ്ക്കും എതിരെ പ്രവർത്തിക്കാൻ സാധിക്കുന്ന ആന്റിബോഡികളുടെ സാന്നിദ്ധ്യം ഗവേഷകർ കണ്ടെത്തി. സാർസ്‌കോവ്-1 വാക്‌സിൻ കുത്തിവയ്‌പ്പെടുത്ത എലികൾക്ക് സാർസ്‌കോവ്-2നെതിരായി സംരക്ഷണം ലഭിക്കുന്നതായും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. മുൻപ് കൊറോണ വൈറസ് ബാധിതരായവർക്ക് മറ്റ് കൊറോണ വൈറസ് കുടുംബങ്ങൾ മൂലമുണ്ടാകുന്ന അണുബാധയ്‌ക്കെതിരെ സംരക്ഷണം ലഭിക്കുന്നതായി ഗവേഷണത്തിൽ തെളിഞ്ഞുവെന്നും ഗവേഷകർ വ്യക്തമാക്കി.
കോവിഡ്-19 വാക്‌സിൻ എടുത്ത എലികളെ ജലദോഷ പനി പരത്തുന്ന എച്ച്‌സിഒവി-ഒസി43 കൊറോണ വൈറസിന് വിധേയരാക്കിയപ്പോൾ ഭാഗികമായ സംരക്ഷണം മാത്രമേ അവർക്ക് ലഭിച്ചുള്ളൂവെന്നും ഗവേഷകർ കണ്ടെത്തി. സാർസ് കോവ്-1, സാർസ്‌കോവ്-2 വൈറസുകൾ തമ്മിലുള്ള ജനിതകപരമായ സാദൃശ്യം സാർബെകോവൈറസും എംബെകോവൈറസും തമ്മിൽ ഇല്ലാത്തത് കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും പഠനത്തിൽ പറയുന്നു. കൊറോണ വൈറസുകൾ 70 ശതമാനത്തിലധികം സമാനതകൾ ഉള്ളവരായിരിക്കുമ്പോൾ ലഭിക്കുന്ന അത്ര ശക്തമായ സംരക്ഷണം വ്യത്യസ്ത കുടുംബത്തിൽപ്പെട്ട കൊറോണ വൈറസിനെതിരെ വാക്‌സിനുകൾ നൽകിയേക്കില്ലെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
