മന്ത്രിമാരെ വരച്ച വരയിൽ നിർത്തിയ മന്ത്രി.. :കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്

“കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി” എന്നാണ് ചൊല്ല്.. അങ്ങനെയുള്ള മന്ത്രി മാർ നമ്മുടെ ജനാധിപത്യ ത്തിന്റെ പൈത്യമായി മാറുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ രാജ്യത്തെ വിഴുങ്ങുന്ന മന്ത്രിമാരെ നിശിതപരിഹാസത്തിലൂടെ” കൊല്ലാക്കൊല” കൊല്ലാറുണ്ടായിരുന്ന മന്ത്രിമാരുടെ ജനുസിൽ പെടുത്താൻ നമുക്ക് ഒരേയൊരു മന്ത്രിയേ ഉണ്ടായിരുന്നുള്ളു..

സാക്ഷാൽ പി.കെ.മന്ത്രി..!

വകുപ്പുമന്ത്രിയെ കഥാപാത്രമാക്കി കാർട്ടൂൺ വരച്ചതിന്റെ പേരിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ശിക്ഷണനടപടി ഏറ്റുവാങ്ങേണ്ടി വന്ന ചിത്രകലാ അധ്യാപകൻ കൂടിയായിരുന്ന പി.കെ.മന്ത്രി..!!

“തനിനിറം”പത്രവും പി.കെ.മന്ത്രി യുടെ കറുകറുത്ത ഫലിതത്തിൽ ചാലിച്ച ബ്രഷ് വരയിലെ പരിഹാസത്തിന്റെ കൂരമ്പും അക്കാലത്തെ നേതാക്കളുടെ പേടിസ്വപ്നമായിരുന്നല്ലൊ…
അദ്ദേഹം വരയിലൂടെ കൊമ്പിൽ കോർത്ത പലേ മന്ത്രി വമ്പൻമാരും എക്സ് മിനിസ്റ്റർമാരായി മാറിയിട്ടും വേർപാടിന്റെ ആയുർദൈർഘ്യം കാൽനൂറ്റാണ്ട് കടന്നിട്ടും കാർട്ടൂണിസ്റ്റ് മന്ത്രി ഇന്നും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വകയും വകുപ്പുമുള്ള കാർട്ടൂണിന്റെ എവർഗ്രീൻ മന്ത്രിയായി തുടരുന്നു..!!!

അദ്ദേഹത്തിന്റെ “പാച്ചുവും കോവാലനും” ഇന്നും മധ്യ വയസു പിന്നിട്ട തലമുറയുടെ വെടിവട്ടങ്ങളിൽ കൂടെക്കൂടെ കടന്നു വരാറുള്ളത് അതുകൊണ്ട് തന്നെ…
മന്ത്രിമാരെ വരച്ചവരയിൽ നിർത്തിയ മന്ത്രിയുടെ ആ വരകൾ വീണ്ടും തനിനിറത്തിലൂടെ കാണാൻ കഴിഞ്ഞപ്പോൾ അതും അക്ഷര സമ്പന്നനായ ശേഖരൻ നായരുടെ വരികളും ചേര്‍ന്നതോടെ പുതിയൊരു അനുഭവമായി.

നിത്യഹരിത മന്ത്രിക്ക് പ്രണാമം…