മുല്ലപ്പെരിയാർ അണക്കെട്ട്; മുഖ്യമന്ത്രി പിണറായി വിജയൻ എം കെ സ്റ്റാലിനുമായി ചർച്ച നടത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ചർച്ച നടത്തും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബറിലായിരിക്കും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ ധാരണയുണ്ടാകും. പുതിയ അണക്കെട്ട് നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാടുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. മുഴുവൻ സമയവും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ വെള്ളം കൊണ്ടുപോകാനും സ്പിൽ വേ ഷട്ടറുകൾ ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കിക്കൊണ്ട് പോകേണ്ട അവസ്ഥയുണ്ടായാൽ 24 മണിക്കൂർ മുൻപ് തന്നെ അറിയിപ്പ് ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാവിധ നടപടികളും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി. അണക്കെട്ടിലെ ജലനിരപ്പ് 139.99 അടിയായി ക്രമീകരിക്കാൻ കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടന്ന കേരളം ആവശ്യപ്പെട്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തർക്കം വീണ്ടും സുപ്രീം കോടതിയിൽ എത്തിയ സാഹചര്യത്തിലാണ് നടപടി. അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളണമെന്നാണ് സുപ്രീം കോടതി നൽകിയിരിക്കുന്ന നിർദ്ദേശം. കേരളവും തമിഴ്‌നാടും വിഷയം ചർച്ച ചെയ്ത് തീരുമാനം സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.