മയക്കുമരുന്ന് കേസ്; ആര്യൻ ഖാന്റെ ജയിൽവാസം നീളം, ജാമ്യാപേക്ഷയിൽ വാദം കേൾക്കുക ബുധനാഴ്ച്ച

മുംബൈ ആഢംബര കപ്പലിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിവെച്ചു. ആര്യൻ ഖാന്റെ ജയിൽ മോചനം ബോംബെ ഹൈക്കോടതിയുടെ നടപടിയിലൂടെ വീണ്ടും നീണ്ടു. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് കേസിൽ വാദം കേൾക്കൽ പുനരാരംഭിക്കും. ആര്യൻ ഖാൻ ഒരു യുവാവ് ആണെന്നും അദ്ദേഹത്തെ ജയിലിലേക്കാളും പുനരധിവാസത്തിലേക്കാണ് അയക്കേണ്ടതെന്നുമാണ് മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി കഴിഞ്ഞ ദിവസം വാദിച്ചിരുന്നത്.

സമീർ വാംഖഡേയ്ക്ക് എതിരെ മാദ്ധ്യമങ്ങളിലും രാഷ്ട്രീയ നേതാക്കന്മാരും ഉയർത്തുന്ന ആരോപണങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല. പ്രഭാകർ സെയ്‌ലുമായോ ഗോസാവിയുമായോ യാതൊരു ബന്ധമോ അടുപ്പമോ ഇല്ലെന്നും ആര്യൻ ഖാൻ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുൻപായി ബോംബെ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ ആര്യൻ നിഷേധിച്ചു. കേസിലെ സാക്ഷികളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ആരെയും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. കേസിൽ ഷാരൂഖിന്റെ മാനേജർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായുള്ള എൻ.സി.ബിയുടെ വാദത്തിന്റെ തുടർച്ചയായാണ് ആര്യൻ ഖാൻ സത്യവാങ്മൂലം സമർപ്പിച്ചത്. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാംഗഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമം നടത്തുകയായിരുന്നുവെന്നാണ് സാക്ഷിയായ പ്രഭാകർ സെയ്‌ലിന്റെ ആരോപണം.