ശബരിമല റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തൽ; ഉന്നതതല സംഘത്തെ നിയോഗിച്ച് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമ്മാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ച് പൊതുമരാമത്ത് വകുപ്പ്. പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു ഐ എ എസിന്റെ നേതൃത്വത്തിലുള്ള ടീമിനെയാണ് നിയോഗിച്ചത്. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പിഎംുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പി ഡബ്ല്യുഡി മിഷൻ ടീം യോഗത്തിലാണ് തീരുമാനം.

മൂന്ന് ചീഫ് എഞ്ചിനിയർമാരും ടീമിൽ ഉണ്ടാകും. പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികൾ സംഘം നേരിട്ട് സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്യും. കാലവർഷം നിലവിലുള്ള ശബരിമല റോഡ് നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. പരിശോധനക്ക് ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ഉന്നതതല സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

നവംബർ ഏഴിന് പത്തനംതിട്ടയിൽ ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താൻ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്. എംഎൽഎമാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പിലെ ഉന്നതതല സംഘം നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങൾ യോഗം സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.