ന്യൂഡൽഹി: ഉത്തരാഖണ്ഡ് സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച്ച അദ്ദേഹം ഉത്തരാഖണ്ഡിലെത്തും. മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 6.30 ന് ഉത്തരാഖണ്ഡിലെത്തുന്ന പ്രധാനമന്ത്രി എട്ടു മണിക്ക് കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. 8.30 ന് ആദി ഗുരു ശങ്കരാചാര്യരുടെ സമാധി അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടഡനുബന്ധിച്ച് കേദാർനാഥിലെ ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. 2013 ലെ ഉത്തരഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് പുനർനിർമിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവ്വഹിക്കുന്നത്. ഉത്തരാഖണ്ഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നരേന്ദ്രമോദി നിർവഹിക്കും. പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന ഉത്തരാഖണ്ഡിലെ നിർമാണ പ്രവർത്തനങ്ങളും നരേന്ദ്ര മോദി വിലയിരുത്തും.

