General (Page 1,343)

തിരുവനന്തപുരം: മരയ്ക്കാർ സിനിമ തിയറ്ററിൽ റിലീസ് നടത്താനുള്ള എല്ലാ ശ്രമങ്ങളും തേടിയിരുന്നുവെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. സിനിമ റിലീസിംഗ് പ്രതിസന്ധി സംബന്ധിച്ച് മോഹൻലാലുമായി ചർച്ച നടത്തിയിരുന്നെന്നും തിയറ്റർ ഉടമകളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിയറ്റർ ഉടമകളോ സംഘടനയോ താനുമായി ഒരു ചർച്ച പോലും നടത്താൻ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ പ്രാവശ്യം തിയറ്റർ തുറന്ന സമയത്ത് തിയറ്ററിൽ തന്നെ മരയ്ക്കാർ റിലീസ് ചെയ്യണമെന്നാണ് ആശീർവാദ് സിനിമാസ് തീരുമാനിച്ചിരുന്നത്. അതനുസരിച്ച് തീയറ്റർ സംഘടനയുമായി ചർച്ച നടത്തുകയും ചെയ്തു. അന്ന് വളരെയധികം സപ്പോർട്ടാണ് അവർ തന്നതെന്നും ചെയ്ത തെറ്റെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

എല്ലാ തിയറ്ററിൽ നിന്നും എഗ്രിമെന്റ് വാങ്ങിയാൽ മാത്രമേ സഹായിക്കാൻ കഴിയൂ എന്നവർ പറഞ്ഞതിനെ തുടർന്ന് 220 ഓളം തീയറ്ററുകൾക്ക് എഗ്രിമെന്റ് അയക്കുകയും ചെയ്തു. 21 ദിവസം സിനിമ പ്രദർശിപ്പിക്കണമെന്ന തീരുമാനത്തിന് 89 തിയറ്ററുകളുടെ എഗ്രിമെന്റ് മാത്രമാണ് തിരിച്ചുവന്നത്. സിനിമ തീയറ്ററിൽ റിലീസ് ചെയ്യുന്നതിൽ എത്രുപേരുടെ പിന്തുണയുണ്ടെന്ന് അന്നെനിക്ക് മനസിലായി. വളരെ കർക്കശമായാണ് പലരും പ്രതികരിക്കുകയും എഗ്രിമെന്റ് അയക്കാതിരിക്കുകയും ചെയ്‌തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ടാമത് തിയറ്റർ തുറന്നപ്പോൾ ആരും വിളിക്കുകയോ റിലീസിംഗ് സംബന്ധിച്ച് ചർച്ച നടത്തുകയോ ചെയ്തില്ല. മോഹൻലാൽ സാറുമായി ഞാൻ സംസാരിച്ചു. ഇനിയും കൂടുതൽ സിനിമകൾ ചെയ്യാനും സ്വപ്നം കാണാനും സാധിക്കണമെങ്കിൽ സ്ട്രോങ് ആയി നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം പ്രിയദർശൻ സാറുമായി സംസാരിക്കുകയും ചെയ്ത ശേഷമാണ് ഒടിടി റിലീസിംഗിന് തീരുമാനിച്ചതെന്നും ആശിർവാദിന്റെ കൂടുതൽ സിനിമകൾ ഒടിടിയിൽ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 4,89,50,000 രൂപയാണ് തിയറ്ററുടമകൾ തന്നിരുന്നത്. 40 കോടി രൂപ അഡ്വാൻസ് തന്നെന്നുള്ള വാദം വ്യാജമാണ്. ചർച്ചകൾക്ക് വിളിക്കാതിരിക്കുകയും തിയറ്റർ റിലീസ് നടക്കില്ലെന്നും മനസിലായതോടെയാണ് ആ പണം തിരികെ നൽകിത്തുടങ്ങിയത്. പക്ഷേ ഒരു തീയറ്റർകാരനും എന്നോട് പണം തിരികെ ചോദിച്ചിരുന്നില്ല. നാലുവർഷം മുൻപത്തെ കണക്കനുസരിച്ച് എനിക്കിപ്പോഴും ഒരു കോടി രൂപ തീയറ്ററുടമകൾ തരാനുണ്ട്. തിയറ്റർ ഉടമകൾ ചെയ്ത സഹായമൊന്നും വിസ്മരിക്കുന്നില്ലെന്നും അവരും പ്രതിസന്ധിയിലാണെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: ആരോഗ്യ രംഗത്ത് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ച് ഹൈബി ഈഡൻ എംപി. ഹൃദയത്തിൽ ഹൈബി ഈഡൻ പദ്ധതിയാണ് ജനങ്ങൾക്കായി അദ്ദേഹം ആവിഷക്കരിച്ചിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആരോഗ്യരംഗത്ത് ഒരു ജന പ്രതിനിധി നടപ്പിലാക്കുന്ന വലിയ പദ്ധതിയാണിത്. സൗഖ്യം, തണൽ ഭവന പദ്ധതി തുടങ്ങി കേരളത്തിന് മാതൃകയായ പദ്ധതികൾക്ക് പിന്നാലെയാണ് പുതിയ പദ്ധതി തുടങ്ങിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർദ്ധനരായ 100 പേർക്ക് സൗജന്യ ആൻജിയോ പ്ലാസ്റ്റി ചെയ്തു നൽകും. ഒരു കോടിയോളം രൂപയാണ് പദ്ധതിയുടെ ചെലവ്. നവംബർ 6 രാവിലെ 11 മണിക്ക് കടവന്ത്ര ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ വെച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഉദ്ഘാടനം നിർവ്വബിക്കുന്നത്.

+914843503177 എന്ന നമ്ബറിൽ വഴി പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ നടത്താം. മുൻ ഡി എം ഒ ഡോ. ജുനൈദ് റഹ്മാന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് ലഭിക്കുന്ന അപേക്ഷകളിൽ നിന്നും അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

ഇന്ദിരഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, ഹൃദ്രോഗ ചികിത്സ രംഗത്തെ പ്രഗത്ഭരായ കാരുണ്യ ഹൃദയാലയ, സൗഖ്യം ചാരിറ്റബിൾ ട്രസ്റ്റ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാരുണ്യ ഹൃദയാലയ പ്രഗത്ഭരായ ഡോക്ടർമാർ ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ വച്ചാണ് ആൻജിയോ പ്ലാസ്റ്റി ചെയ്യുന്നത്.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തും. തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം അറിയിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ അദ്ദേഹം ഇന്ന് സന്ദർശനം നടത്തിയിരുന്നു. അതേസമയം പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് തള്ളി.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീം കോടതി വിവിധ സമിതികൾ രൂപവത്കരിച്ചിരുന്നു. ആ സമിതികൾ നൽകിയ റിപ്പോർട്ട് ഡാം സുരക്ഷിതമാണ് എന്നതാണ്. അതുകൊണ്ടു തന്നെ പുതിയ ഡാമിന്റെ ആവശ്യമില്ലെന്നാണ് ദുരൈ മുരുകൻ വ്യക്തമാക്കിയത്. ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തും. എന്നാൽ ബേബി ഡാം ബലപ്പെടുത്താൻ കേരള സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. ബേബി ഡാമിന് താഴെ മൂന്ന് മരങ്ങളുണ്ട്. അവ നീക്കം ചെയ്താൽ മാത്രമേ ഡാം ബലപ്പെടുത്താൻ സാധിക്കൂ. എന്നാൽ ഇക്കാര്യങ്ങൾ കേരള സർക്കാരിനോട് ചോദിച്ചപ്പോൾ അത് വനം വകുപ്പുമായി സംസാരിക്കണമെന്നാണ് അറിയിച്ചത്. വനംവകുപ്പ് അത് റിസർവ് ഫോറസ്റ്റിനോട് ചോദിക്കണമെന്നും പറയുകയാണ്. ഇതെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഈ തടസങ്ങൾ മാറ്റിക്കഴിഞ്ഞാൽ ബേബി ഡാം പെട്ടെന്ന് തന്നെ പുതുക്കും. അതിനുശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് ഒ പനീർശെൽവത്തിനും എടപ്പാടി പളനി സാമിയ്ക്കും എതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. മുല്ലപ്പെരിയാർ വിഷയത്തിൽ പനീർശെൽവവും എടപ്പാടി പളനിസ്വാമിയും സംസാരിക്കുന്നതിൽ ഒരു ധാർമ്മികതയും ഇല്ലെന്നും 10 വർഷത്തിനിടെ ഒരു മന്ത്രി പോലും മുല്ലപ്പെരിയാർ നേരിട്ട് സന്ദർശിച്ച് പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂഡൽഹി: ആദിശങ്കരന്റെ ആത്മാവ് ഭക്തരിലൂടെ കോദാർനാഥിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മഠങ്ങളും ജ്യോതിർലിംഗങ്ങളും നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രത്തിൽ പുനർനിർമ്മിച്ച ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ ആത്മീയ സമ്പന്നതയാണ് കേദാർനാഥ്. ചില അനുഭവങ്ങൾ അതീന്ദ്രിയമാണ്. അത് വാക്കുകൾക്ക് അതീതമാണ്. കേദാർനാഥിൽ വരുമ്പോൾ അത്തരമൊരു അനുഭവമാണ് ഉണ്ടാകുന്നത്. ആദിശങ്കരാചാര്യ സമാധിയുടെ ഉദ്ഘാടനത്തിന് നിങ്ങളെല്ലാവരും സാക്ഷികളാണ്. 2013 ലെ വെള്ളപ്പൊക്കത്തിൽ കേദാർനാഥിൽ നാശനഷ്ടങ്ങളുണ്ടായതിനെ തുടർന്ന് ഇവിടെ പുനർ വികസിപ്പിച്ചെടുക്കാൻ സാധിക്കുമോയെന്ന് ആളുകൾ ചിന്തിച്ചിരുന്നു. എന്നാൽ തന്റെയുള്ളിൽ ഒരു ശബ്ദം അത് വീണ്ടും പുനർവികസിപ്പിച്ചെടുക്കുമെന്നും അത് മുമ്പത്തേക്കാൾ ഗാംഭീര്യമുള്ളതായിരിക്കുമെന്നും തന്നോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണക്കാരുടെ ജീവിതത്തിനായി പ്രയത്‌നിച്ച ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. ഭാരതീയ ദർശനം മനുഷ്യന്റെ ഉന്നമനത്തേയും ക്ഷേമത്തേയും കുറിച്ചാണ് സംസാരിക്കുന്നത്. ജീവിതത്തെ വളരെ സമഗ്രമായ രീതിയിലാണ് ഇത് കാണുന്നതെന്നും ജീവിതത്തെ പൂർണതയിൽ കാണുന്നതാണ് ഭാരതീയ ദർശനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സത്യത്തെ കുറിച്ച് ജനങ്ങളേയും സമൂഹത്തേയും ബോധവാന്മാരാക്കാനാണ് ആദിശങ്കരാചാര്യർ ശ്രമിച്ചത്. കേദാർനാഥിലെ വികസനം ശ്രീശങ്കരാചാര്യരുടെ അനുഗ്രഹത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ ജീവിതയാത്ര അസാധാരണമാണ്. സാധാരണക്കാരുടെ ക്ഷേമത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു ശങ്കരാചാര്യരുടേതെന്നും പുതിയ ഇന്ത്യ ശങ്കരാചാര്യരുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം വിശദമാക്കി.

അടുത്ത 10 വർഷത്തിനുള്ളിൽ കേദാർനാഥിന്റെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതിൽ ഉത്തരാഖണ്ഡ് സർക്കാരിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ആദിശങ്കരാചാര്യരുടെ ഭക്തരെല്ലാം ഇന്ന് വലിയ ആവേശത്തിലാണ്. ഡൽഹിയിൽ കേദാർനാഥിലെ പുനർവികസന പ്രവർത്തനങ്ങൾ പതിവായി അവലോകനം ചെയ്തിരുന്നു. ഇവിടെ നടക്കുന്ന വിവിധ ജോലികളുടെ പുരോഗതി ഡ്രോൺ ദൃശ്യങ്ങളിലൂടെ താൻ വിലയിരുത്തി. ഈ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകിയതിന് ഇവിടെയുള്ള എല്ലാ പൂൂജാരികൾക്ക് താൻ നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

covid

ബ്ലൂംബെർഗ്: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന സൂചനകളാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വെയ്ക്കുന്നത്. യൂറോപ്പിലും ഏഷ്യയിലും വർധിച്ചു വരുന്ന കോവിഡ് കേസുകൾ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.

78 മില്ല്യൺ കോവിഡ് കേസുകളാണ് യൂറോപ്പ് മേഖലയിലുള്ളത്. തെക്ക് കിഴക്കൻ ഏഷ്യയിലും കിഴക്കേ മെഡിറ്ററേനിയനിലും പടിഞ്ഞാറൻ പസഫിക്-ആഫ്രിക്കൻ മേഖലയിലും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളേക്കാൾ കൂടുതലാണിത്. കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളിൽ പകുതിയും മധ്യേഷ്യയിൽ നിന്നാണെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ഏതാനും ആഴ്ച്ചകളായി യൂറോപ്പിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ശൈത്യകാലം ആരംഭിച്ചതോടെ അടച്ചിട്ട മുറികളിലുള്ള സംഘം ചേരലുകൾ കൂടിയതും നിയന്ത്രണങ്ങൾ പിൻവലിച്ചതുമാണ് രോഗവ്യാപനം വർധിക്കാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇതേ നിലയിലാണ് രോഗ വ്യാപനം തുടരുന്നതെങ്കിൽ മധ്യേഷ്യയിലും യൂറോപ്പിലും മാത്രം അടുത്ത ഫെബ്രുവരി ഒന്നിനുള്ളിൽ അഞ്ച് ലക്ഷം കോവിഡ് മരണങ്ങൾ സംഭവിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന യൂറോപ്പ് മേഖലാ ഡയറക്ടർ ഹാൻസ് ക്ലൂജ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

kn Balakrishnan

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നികുതി വർധിപ്പിച്ചിട്ടേയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പകരം ഒരു തവണ കുറയ്ക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ധനവില നിർണയം കമ്പനികൾക്ക് വിട്ടുനൽകിയത് യുപിഎ സർക്കാരാണ്. ഇന്ത്യയിൽ ഓയിൽ പൂൾ അക്കൗണ്ട് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്സിഡി നൽകിക്കൊണ്ട് പെട്രോൾ വില നിശ്ചിത നിരക്കിൽ നിലനിർത്താനുള്ള സംവിധാനമായിരുന്നു ഇത്. ഈ സംവിധാനം എടുത്തുകളഞ്ഞത് മൻമോഹൻ സിങ് ആണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേന്ദ്രം അനിയന്ത്രിതമായി സ്പെഷ്യൽ എക്സൈസ് തീരുവ കൂട്ടിയതാണ് വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയർത്തിയെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധന നികുതിയിൽ കേന്ദ്ര സർക്കാർ കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കും ക്ലാസുകൾ ആരംഭിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. തീരുമാനിച്ചതിലും നേരത്തെ അധ്യയനം ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തു. വിദ്യാർത്ഥികളിലെ പഠന നേട്ടവും സാഹചര്യവും വിലയിരുത്താനുള്ള നാഷണൽ അച്ചീവ്മെന്റ് സർവെ ഈ മാസം 12 ന് നടക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ചെയ്തിരിക്കുന്നത്.

മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനപ്പെടുത്തിയാണ് സർവെ നടത്തുന്നത്. ഇതിൽ എട്ടാം ക്ലാസ് ഒഴികെയുള്ള ക്ലാസുകൾ നവംബർ ഒന്നിന് തുറന്നിരുന്നു. എട്ട്, ഒൻപത്, പ്ലസ് വൺ ക്ലാസുകൾ നവംബർ 15 ന് തുറക്കാനായിരുന്നു സർക്കാർ തീരുമാനിച്ചിരുന്നത്. ഗണിതം, ഭാഷ, ശാസ്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവെ നടത്തുന്നത്. ഡയറക്ടർ നൽകിയ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. എട്ടം ക്ലാസിന് അടുത്ത ആഴ്ചയിൽ തന്നെ അധ്യയനം തുടങ്ങാനാണ് ആലോചനയെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി. മലിനീകരണ തോത് മണിക്കൂറുകള്‍ കുതിച്ചുയര്‍ന്നു. ഡല്‍ഹിയുടെ കേന്ദ്രമായ ജന്‍പഥിലാണ് വായു മലിനീകരണം അപടകരമായ അവസ്ഥയിലേക്ക് എത്തിയിട്ടുള്ളത്. ഗുണനിലവാര സൂചിക ഗുരുതര സ്ഥിതിയായ 600ന് മുകളിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച പടക്കങ്ങളുടെ പകുതിയെങ്കിലും ഡല്‍ഹി നിവാസികള്‍ ഉപയോഗിക്കുകയാണെങ്കില്‍ മലിനീകരണ തോത് ഉയരുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, പലയിടത്തും സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് അര്‍ദ്ധരാത്രി വരെ പടക്കം പൊട്ടിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മേലെയായിരുന്നു. ഡല്‍ഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെ രാവിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മലിനീകരണ മീറ്റര്‍ (പിഎം) 2.5 ന്റെ സാന്ദ്രത 999 ആയിരുന്നു. ഇത് ഡല്‍ഹിയിലെ മലിനീകരണ മീറ്ററുകളുടെ ഉയര്‍ന്ന പരിധിയാണ്. അയല്‍ നഗരങ്ങളായ ഫരീദാബാദ് (424), ഗാസിയാബാദ് (442), ഗുഡ്ഗാവ് (423), നോയിഡ (431) എന്നിവയും രാത്രി 9 മണിക്ക് ശേഷം ഗുരുതര വായു ഗുണനിലവാരം രേഖപ്പെടുത്തി. അതേസമയം, ദീപാവലിക്ക് പടക്കം പൊ്ട്ടിക്കുന്നതിന് നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

കൂടുതല്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും ഷെയര്‍ ചെയ്യാനും പണം അയക്കാനും വാട്‌സ്ആപ്പിലൂടെ ഇന്ന് സാധിക്കും. വാട്‌സ്ആപ്പിലെ ഏറ്റവും ആകര്‍ഷകമായ ഫീച്ചറുകളില്‍ ഒന്നാണ് സ്റ്റാറ്റസ്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറീസ് ഷെയര്‍ ചെയ്യുന്നത് പോലെ എളുപ്പത്തില്‍ വാട്‌സ്ആപ്പില്‍ ഫോട്ടോകളും വീഡിയോകളും സ്റ്റാറ്റസായി ഇടാം.

നിങ്ങളുടെ ഫോണില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലെ ചില വീഡിയോകള്‍ സേവ് ചെയ്യാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടാവും. ഇതിനായി നിങ്ങള്‍ക്ക് ഒരു ഫയല്‍ ഫോള്‍ഡറോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള സ്റ്റാറ്റസ് സെര്‍വര്‍ ആപ്പോ ഉപയോഗിക്കാം. ആരുടെയെങ്കിലും വീഡിയോ സ്റ്റാറ്റസുകള്‍ കണ്ടാല്‍ അവ എങ്ങനെയാണ് സേവ് ചെയ്യുന്നത് എന്ന് നോക്കാം. ഇതിനായി താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ചെയ്യാം.

ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം…

ഗൂഗിള്‍ ഫയല്‍സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

ആപ്പിന്റെ മുകളില്‍ ഇടത് കോണിലുള്ള മെനു ഐക്കണില്‍ ടാപ്പ് ചെയ്യുക.

സെറ്റിങ്‌സ് ഓപ്ഷനിലേക്ക് പോയി ‘ഷോ ഹിഡന്‍ ഫയല്‍സ്’ എന്ന ഓപ്ഷന്‍ ഓണാക്കുക.

നിങ്ങളുടെ ഡിവൈസിന്റെ ഫയല്‍ മാനേജറിലേക്ക് പോയി ഇന്റേണല്‍ സ്റ്റോറേജിലെ വാട്‌സ്ആപ്പ് എന്ന ഫോള്‍ഡര്‍ തിരഞ്ഞെടുക്കുക. ഇതില്‍ മീഡിയ എന്ന ഫോള്‍ഡറും ഇതിനകത്ത് സ്റ്റാറ്റസ് എന്ന ഫോള്‍ഡറും കാണാം. ഇത് തിരഞ്ഞെടുക്കുക.

നിങ്ങള്‍ വാട്‌സ്ആപ്പില്‍ കണ്ട സ്റ്റാറ്റസുകള്‍ സ്റ്റാറ്റസ് എന്ന ഫോള്‍ഡറില്‍ കാണിക്കും. ഇതില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമുള്ളത് സേവ് ചെയ്യാം. ഇതിനായി വീഡിയോ തിരഞ്ഞെടുക്കുക.

വീഡിയോയില്‍ കുറച്ച് നേരം ടച്ച് ചെയ്താല്‍ അതില്‍ ഓപ്ഷന്‍സ് കാണാം. ഓപ്ഷന്‍സില്‍ കോപ്പി ടാപ്പു ചെയ്യുക.

കോപ്പി ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഫോണിന്റെ ഇന്റേണല്‍ സ്റ്റോറേജില്‍ വീഡിയോ സേവ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുക.

മുകളില്‍ പറഞ്ഞിരിക്കുന്നത് വളരെ ലളിതവും സുരക്ഷിതവുമായ രീതിയില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാനുള്ള വഴിയാണ്.

തിരുവനന്തപുരം: കേരള ജനതയ്ക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരികയാണെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് പ്രമുഖരടക്കം പലരും ലഹരിമരുന്നിന്റെ ഉപഭോക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ രംഗത്തുള്ളവർ ഉൾപ്പെടെ നിരവധി പ്രമുഖർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചുവരുന്നതായാണ് അടുത്തിടെ വിവിധ പോലീസ് സ്റ്റേഷനുകൾ രജിസ്റ്റർ ചെയ്ത കേസുകളിൽ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ പോലും ഇന്ന് മയക്കുമരുന്ന് ഉപയോഗം ഉണ്ട്. രാഷ്ട്രീയം നിരോധിച്ച ക്യാമ്പസുകളിൽ മയക്കുമരുന്ന് ഉപയോഗം കൂടുതലാണ്. വിലകൂടിയ മയക്കുമരുന്നായ എംഡിഎംഎ ഉൾപ്പെടെയുള്ളവ കേരളത്തിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ അന്വേഷണം നടത്തിവരികയാണ്. എക്സൈസിലും മറ്റു വകുപ്പുകളിലുമുള്ള ഏതാനും ഉദ്യോഗസ്ഥർ ഇത്തരം മാഫിയകളെ സഹായിക്കുന്നുണ്ട്. ഇവരെ ഒഴിവാക്കിയാണ് അന്വേഷണം നടത്തുന്നതെന്ന് അദ്ദേഹം അറിയിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.

അതേസമയം സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനവും ഉപയോഗവും വർദ്ധിക്കുന്നുണ്ട്. ഇക്കാര്യം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുന്നുണ്ടെന്നും ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.