ന്യൂഡൽഹി: ആദിശങ്കരന്റെ ആത്മാവ് ഭക്തരിലൂടെ കോദാർനാഥിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മഠങ്ങളും ജ്യോതിർലിംഗങ്ങളും നമ്മളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രത്തിൽ പുനർനിർമ്മിച്ച ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ ആത്മീയ സമ്പന്നതയാണ് കേദാർനാഥ്. ചില അനുഭവങ്ങൾ അതീന്ദ്രിയമാണ്. അത് വാക്കുകൾക്ക് അതീതമാണ്. കേദാർനാഥിൽ വരുമ്പോൾ അത്തരമൊരു അനുഭവമാണ് ഉണ്ടാകുന്നത്. ആദിശങ്കരാചാര്യ സമാധിയുടെ ഉദ്ഘാടനത്തിന് നിങ്ങളെല്ലാവരും സാക്ഷികളാണ്. 2013 ലെ വെള്ളപ്പൊക്കത്തിൽ കേദാർനാഥിൽ നാശനഷ്ടങ്ങളുണ്ടായതിനെ തുടർന്ന് ഇവിടെ പുനർ വികസിപ്പിച്ചെടുക്കാൻ സാധിക്കുമോയെന്ന് ആളുകൾ ചിന്തിച്ചിരുന്നു. എന്നാൽ തന്റെയുള്ളിൽ ഒരു ശബ്ദം അത് വീണ്ടും പുനർവികസിപ്പിച്ചെടുക്കുമെന്നും അത് മുമ്പത്തേക്കാൾ ഗാംഭീര്യമുള്ളതായിരിക്കുമെന്നും തന്നോട് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണക്കാരുടെ ജീവിതത്തിനായി പ്രയത്‌നിച്ച ജീവിതമായിരുന്നു ശങ്കരാചാര്യരുടേത്. ഭാരതീയ ദർശനം മനുഷ്യന്റെ ഉന്നമനത്തേയും ക്ഷേമത്തേയും കുറിച്ചാണ് സംസാരിക്കുന്നത്. ജീവിതത്തെ വളരെ സമഗ്രമായ രീതിയിലാണ് ഇത് കാണുന്നതെന്നും ജീവിതത്തെ പൂർണതയിൽ കാണുന്നതാണ് ഭാരതീയ ദർശനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സത്യത്തെ കുറിച്ച് ജനങ്ങളേയും സമൂഹത്തേയും ബോധവാന്മാരാക്കാനാണ് ആദിശങ്കരാചാര്യർ ശ്രമിച്ചത്. കേദാർനാഥിലെ വികസനം ശ്രീശങ്കരാചാര്യരുടെ അനുഗ്രഹത്തിന്റെ ഫലമാണ്. അദ്ദേഹത്തിന്റെ ജീവിതയാത്ര അസാധാരണമാണ്. സാധാരണക്കാരുടെ ക്ഷേമത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു ശങ്കരാചാര്യരുടേതെന്നും പുതിയ ഇന്ത്യ ശങ്കരാചാര്യരുടെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം വിശദമാക്കി.
അടുത്ത 10 വർഷത്തിനുള്ളിൽ കേദാർനാഥിന്റെ വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കുന്നതിൽ ഉത്തരാഖണ്ഡ് സർക്കാരിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ആദിശങ്കരാചാര്യരുടെ ഭക്തരെല്ലാം ഇന്ന് വലിയ ആവേശത്തിലാണ്. ഡൽഹിയിൽ കേദാർനാഥിലെ പുനർവികസന പ്രവർത്തനങ്ങൾ പതിവായി അവലോകനം ചെയ്തിരുന്നു. ഇവിടെ നടക്കുന്ന വിവിധ ജോലികളുടെ പുരോഗതി ഡ്രോൺ ദൃശ്യങ്ങളിലൂടെ താൻ വിലയിരുത്തി. ഈ പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകിയതിന് ഇവിടെയുള്ള എല്ലാ പൂൂജാരികൾക്ക് താൻ നന്ദി അറിയിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

