പിങ്ക് പോലീസുദ്യോഗസ്ഥ പരസ്യ വിചാരണ നടത്തിയ സംഭവം; 50 ലക്ഷം നഷ്ടപരിഹരം ചോദിച്ച് എട്ടുവയസുകാരി

കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് ആറ്റിങ്ങലില്‍ പിങ്ക് പോലീസ് പരസ്യ വിചാരണക്കിരയാക്കിയ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പിങ്ക് പോലീസ് ഉദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ്‌ പെണ്‍കുട്ടി ഹര്‍ജി നല്‍കിയത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹര്‍ജിയില്‍ പരാതിപ്പെടുന്നു.

ആറ്റിങ്ങലില്‍ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പോലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡില്‍ വെച്ച് ആളുകള്‍ നോക്കി നില്‍ക്കെ ചോദ്യം ചെയ്തത്. മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥയുടെ ഹാന്റ്ബാഗില്‍ തന്നെ ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. പോലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.

പിന്നീട് സംഭവത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ പോലീസുദ്യോഗസ്ഥയെ സ്ഥലം മാറ്റുകയായിരുന്നു.