കോട്ടയം: സംസ്ഥാനത്ത് പച്ചക്കറികളുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ പത്ത് മുതൽ ഇരുപത് ശതമാനം വരെ വർധനവാണ് പച്ചക്കറി വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വില ഇനിയും ഉയരാനിടയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. മഴക്കെടുതിയും ഇന്ധനവില വർദ്ധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. പാക്കറ്റിലെത്തുന്ന ഭക്ഷ്യ സാധനങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്.
ഒരാഴ്ച്ചക്കിടെ ആറു രൂപയാണ് ഒരു കിലോ അരിയ്ക്ക് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിൽ സംസ്ഥാനത്ത് ഇത്ര വലിയ വിലക്കയറ്റം ഉണ്ടായിട്ടില്ല. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഉണ്ടായ നെൽകൃഷി നാശവും സംസ്ഥാനത്തെ ഭക്ഷ്യസാധനങ്ങളുടെ വില ഉയരാൻ കാരണമായി. പച്ചക്കറികളുടെ വില വർദ്ധനവ് ഹോട്ടൽ വ്യവസായത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വെണ്ടയ്ക്കയ്ക്കും ബീൻസിനും കിലോയ്ക്ക് നൂറ് രൂപയ്ക്ക് അടുത്തെതിയതായണ് വിവരം. പച്ചക്കറികൾ എത്തുന്ന തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ കനത്ത മഴയായതിനാൽ കൃഷി നശിച്ചിരിക്കുകയാണ്. പച്ചക്കറിയുടെ വരവും അതിനാൽ നിലച്ചു. ഇതാണ് പച്ചക്കറി വിപണിക്ക് തിരിച്ചടിയായയെന്നാണ് വ്യാപാരികൾ പറയുന്നത്.
അതേസമയം വില വർധന നിയന്ത്രിക്കാൻ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ലെന്നാണ് വ്യാപാരികൾ പരാതിപ്പെടുന്നത്. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടേയാണ് മറ്റു സാധനങ്ങൾക്കും വില കൂടിയതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. പച്ചക്കറികൾക്ക് പുറമെ പയർ, ഉഴുന്ന് തുടങ്ങിയവയ്ക്കും വില വർധിച്ചിട്ടുണ്ട്.

