മുന്നറിയിപ്പില്ലാതെ ആളിയാര്‍ അണക്കെട്ട് തുറന്ന് വിട്ട് തമിഴ്നാട്

പാലക്കാട്: മുന്നറിയിപ്പില്ലാതെ ആളിയാര്‍ അണക്കെട്ട് തമിഴ്നാട് തുറന്നു വിട്ടു. ഇതിനെ തുടര്‍ന്ന് പാലക്കാട്ടെ പുഴകളില്‍ ജലനിരപ്പുയര്‍ന്നു. ചിറ്റൂര്‍ പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. യാക്കര പുഴയിലേക്ക് കൂടുതല്‍ ജലവുമെത്തി.

ഇതുവരെ എവിടെയും നാശഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുന്നറിയിപ്പ് നല്‍കാതെ ഡാം തുറന്നതിന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. തിരുനെല്ലായിയില്‍ നാട്ടുകാര്‍ പാലം ഉപരോധിച്ചു. ജനപ്രതിനിധികളും ഉപരോധ സമരത്തില്‍ പങ്കെടുത്തു.

അതേസമയം, കേരള ജലവിഭവ വകുപ്പിനെയും പോലീസിനെയും അണക്കെട്ട് തുറക്കുന്ന കാര്യം അറിയിച്ചതായി തമിഴ്നാട് അവകാശപ്പെട്ടു. സെക്കന്‍ഡില്‍ 6,000 ഘനയടി വെള്ളം തുറന്നു വിടുമെന്ന് അറിയിച്ചതായാണ് തമിഴ്നാട് അവകാശപ്പെടുന്നത്. എന്നാല്‍, അണക്കെട്ട് തുറക്കുന്ന വിവരം പൊതുജനത്തെ അറിയിക്കേണ്ടത് ദുരന്ത നിവാരണ അതോറിറ്റി ആണെന്ന് ജലവിഭവ വകുപ്പ് വ്യക്തമാക്കി.