വിമർശനങ്ങൾ ശക്തം; സംഗീതനാടക അക്കാദമി ചെയർമാനായി എംജി ശ്രീകുമാറിനെ നിയമിക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിഞ്ഞേക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംഗീതനാടക അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ഗായകൻ എംജി ശ്രീകുമാറിനെ നിയമിക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. എംജി ശ്രീകുമാറിന്റെ നിയമന കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ് മന്ത്രി സജി ചെറിയാൻ അറിയിക്കുന്നത്. എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കുന്നതിനെതിരെ ഇടത് കേന്ദ്രങ്ങളിൽ നിന്നു തന്നെ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം.

എംജി ശ്രീകുമാറിന്റെ ബിജെപി ബന്ധം സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ഉൾപ്പടെ എംജി ശ്രീകുമാർ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. ബിജെപി കേരളം ഭരിക്കണമെന്ന തരത്തിൽ എം ജി ശ്രീകുമാർ പ്രസംഗിച്ചുവെന്ന തെളിവുകൾ നിരത്തി ആണ് ഇടതുപക്ഷ അനുയായികൾ എംജി ശ്രീകുമാറിന്റെ നിയമനത്തിനെതിരെ രംഗത്തെത്തിയത്.

തീരുമാനം പുനഃപരിശോധിക്കണമെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.