General (Page 127)

തിരുവനന്തപുരം: കേരളീയർക്ക് ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്‌നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ. എല്ലാവർക്കും ആശംസകൾ നേരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഭക്തജനങ്ങളുടെ മനസിലെ പ്രിയപ്പെട്ട സങ്കല്പമാണ് ശ്രീകൃഷ്ണന്റേത്. ലീലാ കൃഷ്ണനായി വരെ അവർ ഓമനിക്കുന്ന ഈ സങ്കല്പം സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും പ്രതിരൂപം കൂടിയാണ്. അധർമങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്‌നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ. എല്ലാവർക്കും ആശംസകൾ.

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് എൽഡിഎഫ് സർക്കാർ ഓണക്കാലത്ത് 2000 രൂപ വീതം എക്സ്ഗ്രേഷ്യ അനുവദിച്ചു. അരിവിതരണത്തിനായി തൊഴിലാളിക്ക് 250 രൂപ വീതവും അനുവദിച്ചിട്ടുണ്ട്. 3.30 കോടി രൂപയാണ് ഇതിനായി ലഭ്യമാക്കിയത്. ഇതോടെ ഓരോ തൊഴിലാളിക്കും ഓണക്കാലത്ത് സർക്കാരിൽ നിന്ന് 2250 രൂപയുടെ സഹായം ലഭിക്കും. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

ഒരുവർഷത്തിൽ ഏറെയായി പ്രവർത്തനമില്ലാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ് സർക്കാർ സഹായം ലഭിക്കുന്നത്. 2250 രൂപ തൊഴിലാളികൾക്ക് ഓണത്തിന് മുൻപ് തന്നെ വിതരണംചെയ്യും. സർക്കാർ തീരുമാനം ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഈ ഓണക്കാലത്തും ആശ്വാസമാവും. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് എല്ലാക്കൊല്ലവും ഓണക്കാലത്ത് സഹായം എത്തിക്കാറുണ്ട്. ഈ സഹായം ഇത്തവണയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന ചില വനിതകൾക്ക് തൊഴിൽ മേഖലയിൽ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങൾ സംബന്ധിച്ച അവരുടെ അഭിമുഖങ്ങളും പ്രസ്താവനകളും പുറത്ത് വന്നതിനെ തുടർന്ന് ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇത്തരം പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാൻ പൊലീസ് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ പൊലീസ് ഓഫീസർമാർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.

പ്രസ്തുത സ്പെഷ്യൽ ടീമിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ഡി ഐ ജി എസ്. അജീത ബീഗം, കോസ്റ്റൽ പോലീസ് എഐജി ജി. പൂങ്കുഴലി, ലോ&ഓർഡർ എഐജി അജിത്ത് .വി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്റെ, ക്രൈംബ്രാഞ്ച് എസ്.പി മാരായ മെറിൻ ജോസഫ് , എസ്. മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ മുന്നേറ്റങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ മേഖലയിലുണ്ടായ പരിഷ്‌കാരങ്ങളിൽ നിന്ന് രാജ്യത്തെ യുവാക്കൾക്ക് വളരെയധികം പ്രയോജനം ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ഒരുപാട് സംഭവവികാസങ്ങൾ നടക്കുന്നുണ്ട്. വികസിത ഭാരതമെന്ന സ്വപ്നത്തിന് അത് ശക്തമായ അടിത്തറ പാകുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

ഓഗസ്റ്റ് 23ന് നമ്മുടെ പൗരന്മാർ ദേശീയ ബഹിരാകാശ ദിനം ആദ്യമായി ആഘോഷിച്ചു. ചന്ദ്രയാൻ-3 ന്റെ വിജയം നാം ഒരിക്കൽ കൂടി ആഘോഷിച്ചിരിക്കുന്നു. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ശിവശക്തി പോയിന്റിൽ ചന്ദ്രയാൻ-3 ലാൻഡ് ചെയ്തത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയും ഇന്ത്യ കരസ്ഥമാക്കിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ നിയമപരമായ എല്ലാകാര്യങ്ങളും സർക്കാർ ചെയ്യുമെന്ന് മന്ത്രി പി രാജീവ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരുടേയും പേരുകളുണ്ടായിരുന്നില്ല. ഇപ്പോഴാണ് പേരുകൾ വെളിപ്പെടുത്തുന്നത്. അതിനാൽ തന്നെ ഇത്തരം പരാതികളിൽ സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അമ്മയുടെ ഭാരവാഹികളെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനില്ല. അമ്മയുടെ ഭാരവാഹികൾ ഏത് പാർട്ടിയിലാണ് ചേർന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

തെറ്റ് ചെയ്ത ഒരാളെയും എൽഡിഎഫ് സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി വീണാ ജോർജും പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ ഇക്കാര്യം നേരത്തെ കൃത്യമായി പറഞ്ഞിട്ടുണ്ട്. പരാതി നൽകാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ പൂർണ പിന്തുണ നൽകും. പരാതി നൽകാൻ സഹായം ആവശ്യമെങ്കിൽ അതും സർക്കാർ ലഭ്യമാക്കും. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്നത് പൊലീസും നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. ഇന്ത്യയിലാദ്യമായി സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിക്കാൻ ഇത്തരമൊരു കമ്മീഷനെ നിയോഗിച്ചത് കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ കൂടുതൽ നടപടികൾ ആവശ്യമെങ്കിൽ അത് സ്വീകരിച്ച് തന്നെ സർക്കാർ മുന്നോട്ടുപോകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

മുംബൈ: സ്ത്രീകളുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽഗാവിൽ നടന്ന ലഖ്പതി ദീദി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് മാപ്പില്ല. കുറ്റവാളി ആരായാലും, അവരെ വെറുതെവിടില്ല. സ്ത്രീകൾക്കെതിരെ കുറ്റകൃത്യം ചെയ്യുന്നവർക്ക് അർഹിച്ച ശിക്ഷ നൽകുന്നതിനായി ഭാരതത്തിന്റെ നിയമസംഹിത കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, എഫ്‌ഐആർ ഫയൽ ചെയ്യുന്നില്ലെന്ന പരാതികൾ പോലുമുണ്ടായിരുന്നു. ഭാരതീയ ന്യായ സംഹിത കൊണ്ടുവരികയും രാജ്യത്ത് നിലനിന്നിരുന്ന നിയമങ്ങളിൽ നിരവധി ഭേദഗതികൾ വരുത്തുകയും കേന്ദ്രസർക്കാർ ചെയ്തിട്ടുണ്ട്. ഒരു സ്ത്രീക്ക് പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ താത്പര്യമില്ലെങ്കിൽ, അവൾക്ക് ഇ-എഫ്‌ഐആർ (e-FIR) ഫയൽ ചെയ്യാവുന്നതാണ്. ഇ-എഫ്‌ഐആർ ആർക്കും തന്നെ മാറ്റാനോ തിരുത്താനോ കഴിയില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെയും രാജിയിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

സർക്കാർ ഇരയോടൊപ്പമാണെന്നും വേട്ടക്കാരനൊപ്പമല്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം.

മാധ്യമങ്ങൾ സർക്കാരിനെ താറടച്ചു. തനിക്ക് മൂന്ന് പെൺകുട്ടികളാണ്. സ്ത്രീകൾക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് താനെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട്: തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് രഞ്ജിത്ത് വ്യക്തമാക്കി.

ഒരു വ്യക്തി എന്ന നിലയിൽ തനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് എളുപ്പം മാറുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പിന്നിലെ സത്യം എന്താണ് എന്ന് ലോകം അറിഞ്ഞേ പറ്റുകയുള്ളു. പൊതുസമൂഹത്തെ സത്യം ബോധ്യപ്പെടുത്തണം. അവർ തന്നെ പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് നടത്തിയത്. അതിന്റെ വിശദാംശങ്ങളിലേക്ക് താൻ കടക്കുന്നില്ല. നിയമനടപടികളുമായി മുന്നോട്ടുപോകും. ഇതിന്റെ പിന്നിലെ സത്യം എന്താണ് എന്ന് ലോകം അറിഞ്ഞേ പറ്റുകയുള്ളുവെന്ന് രഞ്ജിത്ത് അറിയിച്ചു.

കേരള സർക്കാരിനെതിരെ സിപിഎം എന്ന പാർട്ടിക്കെതിരെ വലതുപക്ഷരാഷ്ട്രീയ നിലപാടുകൾ ഉള്ളവരും അവർക്ക് മുന്നിൽ പോർമുഖത്ത് എന്ന പോലെ നിൽക്കുന്ന മാധ്യമപ്രവർത്തകകരും സംഘടിതമായി സർക്കാരിനെ ആക്രമിക്കുന്നു. പലവിഷയങ്ങളിൽ ഈ ചെളിവാരിയെറിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഒന്ന് തന്റെ പേരിലാണ് എന്നത് ഏറെ അപമാനകരമാണ്. സത്യമെന്താണെന്ന് അറിയാതെയാണ് വലിയ ശബ്ദത്തിൽ ഇവിടുത്തെ മാധ്യമലോകവും മറ്റുപലരും നടത്തുന്നത്. താനെന്ന വ്യക്തി കാരണം സർക്കാർ പ്രതിച്ഛായയ്ക്കു കളങ്കമേൽക്കുന്ന പ്രവൃത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. അത്തരമൊരു സാഹചര്യത്തിൽ സർക്കാർ നൽകിയ ഔദ്യോഗിക സ്ഥാനത്ത് തുടരുന്നത് ശരിയല്ല. നിയമനടപടികൾ പൂർത്തിയാകുന്ന കാലം വരും. സത്യം പുറത്തുവരുമെന്നും അത് അത്രവിദൂരമല്ലെന്നും രഞ്ജിത്ത് പറഞ്ഞു.

സർക്കാരിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നത് തന്റെ ബോധ്യമാണ്. അതുകൊണ്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം താൻ രാജിവയ്ക്കകുയാണ്. തന്റെ വീടിന്റെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയത് അനുവാദമില്ലാതെയാണ്. തനിക്ക് ഒരു മാധ്യമകാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിൽ പ്രതികരണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. ഒടുവിൽ രഞ്ജിത്ത് തെറ്റ് സമ്മതിച്ചെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

രഞ്ജിത്തിന്റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണ്. രഞ്ജിത്തിന്റെ രാജിയിൽ സന്തോഷമോ ദു:ഖമോ ഇല്ല. നിരവധിപ്പേർക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താൻ ഒരു പാത ഈകാര്യത്തിൽ കാണിച്ചിട്ടുണ്ട്. അതിൽ പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീലേഖ മിത്ര അറിയിച്ചു.

കേസെടുക്കുന്ന കാര്യത്തിൽ കേരള പോലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇനിയെങ്കിലും സ്ത്രീകൾ സ്വന്തം ശക്തി തിരിച്ചറിയണം. ഒറ്റരാത്രി കൊണ്ട് ഇപ്പോഴത്തെ രീതികൾ മാറില്ല. അതിന് കൂട്ടായ പ്രവർത്തനങ്ങൾ വേണമെന്നും നടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ച് സംവിധായകൻ രഞ്ജിത്ത്. സിനിമാ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിന് പിന്നാലെയാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചത്.

രഞ്ജിത്ത് രാജി വയ്‌ക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു എൽഡിഎഫിന്റെ നിലപാട്. ഇതിന് പിന്നാലെയായിരുന്നു രഞ്ജിത്ത് രാജി വെക്കാൻ നിർബന്ധിതനായത്. ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.

‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ്. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി ആരോപിക്കുന്നു.