General (Page 126)

പാലക്കാട്: ലൈംഗികാരോപണ കേസിൽ നടനും എംഎൽഎയുമായ എം മുകേഷിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണത്തിൽ പ്രതികരണവുമായി എം പി കെ രാധാകൃഷ്ണൻ. ഇത്തരത്തിലുള്ള ആരോപണം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റാരോപിതർ എത്ര ഉന്നതരായാലും പാർട്ടി അവരെ സംരക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റുകാരെ സംരക്ഷിക്കുക എന്നത് പാർട്ടിയുടെ നിലപാടല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്‌ക്കേണ്ട ആവശ്യം സംസ്ഥാന സർക്കാരിന് വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

കമ്മിറ്റി റിപ്പോർട്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ടായിട്ടില്ല. തെറ്റ് ചെയ്തവർക്കെതിരെ ശക്തമായ നടപടിക്ക് സർക്കാർ നിർദ്ദേശം നൽകും. മൊഴി നൽകിയവർക്കും പരാതി നൽകുന്നവർക്കും സംരക്ഷണം ഒരുക്കും. എല്ലാ മേഖലയിലെയും തെറ്റായ പ്രവണതകൾ ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാംപിന് നേരെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. തുൾക്കാരാം നഗരത്തിന് സമീപത്തുള്ള നുർ ഷാംപ് ക്യാപിന് നേരെ വ്യോമാക്രമണം നടന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരവാദികളുടെ നിർണായക ഇടത്തിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയത്.

ഒക്ടോബർ 7 ശേഷം 128 പാലസ്തീൻ സ്വദേശികളാണ് വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് യുഎൻ പുറത്തുവിട്ട കണക്കുകൾ. 26 കുട്ടികളും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. ഗാസ അതിർത്തിയിൽ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. അതേസമയം, പുതിയ വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡൻ വിഷയത്തിൽ പ്രതികരിച്ചത്.

റായ്പൂർ: ലഹരിവിമുക്ത ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം ഇപ്പോൾ രാജ്യത്തെ ഓരോ പൗരനും ഏറ്റെടുത്തിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണ് മയക്കുമരുന്ന് കടത്തും വ്യാപാരവുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിൽ നിന്ന് ലഭിക്കുന്ന പണം തീവ്രവാദത്തേയും നക്സലിസത്തേയും പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതിനുമാണ് ഉപയോഗിക്കുന്നത്. ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഉദ്യോഗസ്ഥർ ഒരുരീതിയിലും മടി കാണിക്കരുത്. മയക്കുമരുന്ന് എന്ന വിപത്തിനെ രാജ്യത്തെ നിന്ന് തന്നെ പൂർണമായും തുടച്ചുനീക്കണം. മയക്കുമരുന്ന് വ്യാപാരത്തിന്റെ മുഴുവൻ ശൃംഖലയേയും വേരോടെ തന്നെ പിഴുതെറിയണം. അല്ലാത്ത പക്ഷം അതൊരിക്കലും നമുക്ക് നിയന്ത്രണവിധേയമാക്കാൻ സാധിക്കില്ല. ലോകരാജ്യങ്ങളെല്ലാം നേരിടുന്ന വലിയൊരു പ്രശ്നമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ജനങ്ങൾക്കിടയിലും ഇതിനെതിരെ കൃത്യമായ അവബോധം സൃഷ്ടിക്കുകയും, പ്രശ്നത്തിനെതിരെ പോരാടാൻ ജനങ്ങളെ പ്രാപ്തരാക്കുകയും വേണം. ചില രാജ്യങ്ങൾ ഈ പോരാട്ടത്തിൽ പരാജയപ്പെട്ടു പോയിട്ടുണ്ട്. ഇത്തരം കേസുകളുടെ അന്വേഷണത്തിൽ ശാസ്ത്രീയമായ രീതികൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ മാസം മൂന്ന് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ഈ മാസത്തെ പെൻഷന് പുറമേ കുടിശികയുള്ള അഞ്ചുമാസത്തിൽ രണ്ട് മാസത്തേത് കൂടി ചേർത്താകും വിതരണം ചെയ്യുക. മൂന്ന് മാസത്തെ പെൻഷൻ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചതോടെ സംസ്ഥാനത്തെ അറുപത് ലക്ഷം പെൻഷൻകാർക്ക് 4800 രൂപ വീതം ലഭിക്കും. ഈ മാസം അവസാനത്തോടെ പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം.

അഞ്ച് മാസത്തെ കുടിശികയിൽ മൂന്ന് മാസത്തെ ഈ സാമ്പത്തിക വർഷവും ബാക്കി മൂന്ന് മാസത്തെ അടുത്ത സാമ്പത്തിക വർഷവും കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച മുൻഗണന ക്രമത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഓണക്കാലത്ത് ഒരു മാസത്തെ കുടിശിക കൂടി ചേർത്ത് നടപ്പ് മാസത്തെ പെൻഷൻ അനുവദിക്കുന്നത്. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്.

തിരുവനന്തപുരം: മലയാള സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എല്ലാത്തിനും കോടതി ഉത്തരം പറയുമെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്.

മാധ്യമങ്ങൾക്കുള്ള ഒരു തീറ്റയാണ് ഉയർന്നു വരുന്ന ആരോപണങ്ങൾ. നിങ്ങൾ അത് വച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങൾ തകിടം മറിക്കുകയാണ്. ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങൾ. മാധ്യമങ്ങൾ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ നൽകാൻ പോലീസ് സ്റ്റേഷനുകളിൽ പോകേണ്ടതില്ല. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോൽ ആപ്പ് ‘ വഴിയോ ‘തുണ’ വെബ്‌സൈറ്റ് വഴിയോ നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഇതിനായി ആദ്യം പോൽ ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ചു നൽകുക. അപേക്ഷകന്റെ വിവരങ്ങൾ, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ആണെങ്കിൽ റിട്ടേണിങ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, വാഹനത്തിനാണെങ്കിൽ റൂട്ട്, വാഹനത്തിന്റെ വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ അപ്ലോഡ് ചെയ്യുക. സാധാരണ ആവശ്യങ്ങൾക്ക് 365 രൂപയും വാഹനത്തിൽ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിനാണെങ്കിൽ 610 രൂപയും ഫീസ് അടയ്ക്കണം. ഓൺലൈൻ ആയി ഫീസ് അടയ്ക്കാവുന്നതാണ്.

തുണ വെബ്‌സൈറ്റ് വഴി ആണെങ്കിലും മേൽ പറഞ്ഞിരിക്കുന്ന രീതി പൂർത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയാൽ അപേക്ഷ സമർപ്പിക്കാം. സാധാരണ മൈക്ക് സാങ്ഷൻ അപേക്ഷകൾ അപേക്ഷിച്ച സ്ഥലത്തെ അസി. കമ്മിഷണർ അഥവാ ഡിവൈ.എസ്.പി ഓഫീസുകളിലേക്കും വാഹനത്തിലേക്ക് ഉള്ളതാണെങ്കിൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസുകളിലേക്കും കൈമാറ്റം ചെയ്യപ്പെടും. അവിടെ നിന്നുള്ള തുടർ അന്വേഷണങ്ങൾക്ക് ശേഷം അനുമതി ലഭിച്ചാൽ സർട്ടിഫിക്കറ്റ് ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ഡൌൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്.

തിരുവനന്തപുരം: സിനിമാ മേഖലയിലെ ചൂഷണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം നാളെ യോഗം ചേരും. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളും പൊലീസ് അന്വേഷണപരിധിയിലുണ്ട്. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരെ അന്വേഷണസംഘം കാണും.

അന്വേഷണസംഘം ഇവരിൽ നിന്ന് മൊഴി രേഖപ്പെടുത്തും. വനിത ഉദ്യോഗസ്ഥരാകും മൊഴി രേഖപ്പെടുത്തുക. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യും. പോക്‌സോ കുറ്റമാണെങ്കിൽ പരാതിയില്ലാതെയും കേസെടുക്കും.

സിനിമാ മേഖലയിലെ പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാൻ പൊലീസ് ഐജി സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ പൊലീസ് ഓഫീസർമാർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.

പ്രസ്തുത സ്‌പെഷ്യൽ ടീമിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ഡി ഐ ജി എസ്. അജീത ബീഗം, കോസ്റ്റൽ പോലീസ് എഐജി ജി. പൂങ്കുഴലി, ലോ&ഓർഡർ എഐജി അജിത്ത് .വി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്‌റെ, ക്രൈംബ്രാഞ്ച് എസ്.പി മാരായ മെറിൻ ജോസഫ് , എസ്. മധുസൂദനൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ 7 ഉദ്യോഗസ്ഥർക്കെതിരെ നടപടി. 7 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കസ്റ്റഡിയിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.

രേണുകാസ്വാമി വധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് ദർശൻ. ജയിലിനുള്ളിൽ തുറസ്സായ സ്ഥലത്ത് ഒരു കയ്യിൽ കോഫിയും മറ്റൊന്നിൽ സിഗരറ്റും പിടിച്ചിരിക്കുന്ന ദർശന്റെ ചിത്രം പുറത്തു വന്നിരുന്നു. ഓൺലൈനിൽ ദർശന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ജയിലിൽ നിന്നും വീഡിയോ കോളിലൂടെ മറ്റൊരാളോട് സംസാരിക്കുന്ന ദർശന്റെ വീഡിയോ ക്ലിപ്പും പ്രചരിച്ചിരുന്നു.

ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ഗുരുതര സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഏഴ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ശ്രീലേഖ മിത്ര നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റിൽ വെച്ചാണെന്നും പരാതിയിൽ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനൽ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയിൽ പരാതിയിൽ വിശദീകരിക്കുന്നു.

രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ശ്രീലേഖ പരാതി നൽകിയത്.

‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ ആരോപണം. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ്. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി ആരോപിക്കുന്നു.

തിരുവനന്തപുരം: സിനിമാ പ്രവർത്തകയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് അജ്ഞാതന്റെ ഭീഷണി സന്ദേശം. ഫോൺ വിളിച്ചായിരുന്നു ഭാഗ്യലക്ഷ്മിയെ ഭീഷണിപ്പെടുത്തിയത്. നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കും ഡബ്ല്യു സി സി ക്കൊപ്പം നിന്നാൽ അടിക്കും എന്നായിരുന്നു ഭീഷണി.

പോലീസിൽ പരാതി നൽകാനുളള തീരുമാനത്തിലാണ് ഇവർ. വളരെ സൗമ്യമായി വിളിച്ച്, ഭാഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചതിന് ശേഷം, നടൻമാർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ കുനിച്ചു നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നാണ് വിളിച്ചയാൾ പറഞ്ഞത്. അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നു. തന്നെ ഇതുവരെ ആരും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. തനിക്ക് ആദ്യത്തെ അനുഭവമാണിത്. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.