ഒടുവിൽ തെറ്റ് സമ്മതിച്ചു; രഞ്ജിത്തിന്റെ രാജിയിൽ പ്രതികരണവുമായി ശ്രീലേഖ മിത്ര

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിൽ പ്രതികരണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. ഒടുവിൽ രഞ്ജിത്ത് തെറ്റ് സമ്മതിച്ചെന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

രഞ്ജിത്തിന്റെ രാജി അദ്ദേഹം ചെയ്ത തെറ്റ് സമ്മതിക്കുന്നതിന് തുല്യമാണ്. രഞ്ജിത്തിന്റെ രാജിയിൽ സന്തോഷമോ ദു:ഖമോ ഇല്ല. നിരവധിപ്പേർക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. രഞ്ജിത്ത് അവസാനത്തെയാളല്ല. രഞ്ജിത്തിനെതിരെ നിയമനടപടിക്ക് ഇല്ല. താൻ ഒരു പാത ഈകാര്യത്തിൽ കാണിച്ചിട്ടുണ്ട്. അതിൽ പലരും പിന്തുടരും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീലേഖ മിത്ര അറിയിച്ചു.

കേസെടുക്കുന്ന കാര്യത്തിൽ കേരള പോലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇനിയെങ്കിലും സ്ത്രീകൾ സ്വന്തം ശക്തി തിരിച്ചറിയണം. ഒറ്റരാത്രി കൊണ്ട് ഇപ്പോഴത്തെ രീതികൾ മാറില്ല. അതിന് കൂട്ടായ പ്രവർത്തനങ്ങൾ വേണമെന്നും നടി കൂട്ടിച്ചേർത്തു.