തിരുവനന്തപുരം: അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെയും രാജിയിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയുമെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
സർക്കാർ ഇരയോടൊപ്പമാണെന്നും വേട്ടക്കാരനൊപ്പമല്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം.
മാധ്യമങ്ങൾ സർക്കാരിനെ താറടച്ചു. തനിക്ക് മൂന്ന് പെൺകുട്ടികളാണ്. സ്ത്രീകൾക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് താനെന്നും മന്ത്രി കൂട്ടിച്ചേർത്തു.

