General (Page 128)

തിരുവനന്തപുരം: നമ്മുടെ നാട്ടിലെ ഉന്നത വിദ്യാഭ്യാസ മേഖല അഭിവൃദ്ധിപ്പെടുത്താൻ ലക്ഷ്യമിട്ട് സർക്കാർ പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ വിദേശത്തുനിന്ന് വിദ്യാർഥികൾ കേരളത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ, 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമായ പിണറായി എജുക്കേഷൻ ഹബിന്റെ ശിലാസ്ഥാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിൽനിന്ന് വിദേശത്തേക്ക് പോകുന്ന കുട്ടികൾ ഇന്ത്യയിലെ ആകെ കണക്കിന്റെ കേവലം നാല് ശതമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം 2600 ഓളം വിദേശ വിദ്യാർഥികളുടെ അപേക്ഷ കേരളത്തിലെ സ്ഥാപനങ്ങളിൽ ലഭിച്ചിട്ടുണ്ട്. കുസാറ്റിൽ 1590 വിദേശ വിദ്യാർഥികൾ നിലവിൽ പഠിക്കുന്നുണ്ട്. എംജി സർവ്വകലാശാലയിൽ 855 വിദേശ വിദ്യാർഥികളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ‘കേരളീയം’ പരിപാടിയുടെ ഭാഗമായി വിദേശത്തുനിന്ന് വന്ന് പഠിക്കുന്ന നിരവധി വിദ്യാർഥികൾ പങ്കെടുത്തിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം നടന്നാൽ, ഈ സ്വച്ഛസുന്ദരമായ, സൈര്യമായി ജീവിക്കാൻ കഴിയുന്ന ഈ നാട്ടിലേക്ക് വരാനും പഠിക്കാനും ആരും ആഗ്രഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ വിദ്യാർഥികൾ പുറത്തേക്ക് പോയി പഠിക്കുന്നത് വല്ലാത്ത അവസ്ഥയാണെന്ന് ചിത്രീകരിക്കാൻ നാട്ടിൽ ശ്രമം നടക്കുന്നുണ്ട്. അതിൽ അങ്ങനെ ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ല. അനാവശ്യമായ ഉത്കണ്ഠ പരത്തുന്നതിന് മാധ്യമങ്ങൾ ശ്രമിക്കുകയാണ്. നമ്മൾ വല്ലാത്ത കെണിയിൽ പെട്ടുപോയി എന്ന രീതിയിൽ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കുട്ടിയുടെ ഉള്ളംകൈയിൽ ലോകത്തെക്കുറിച്ചുള്ള വിവരമുണ്ട്. എവിടെ പോകണം എന്നുള്ളത് കുട്ടിയാണ് തീരുമാനിക്കുന്നത്. ഇന്ത്യയിൽ നിന്ന് വിദ്യാർഥികൾ പുറത്തു പോകുന്നതിന്റെ 67% പഞ്ചാബ്, ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കർണാടക തുടങ്ങിയ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഈ സംസ്ഥാനങ്ങളിൽ മികച്ച വിദ്യാഭ്യാസം ഇല്ലെന്ന് പറയാൻ പറ്റുമോ. കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ശേഷിച്ച 33 ശതമാനം വിദ്യാർഥികൾ മാത്രമാണ് പോകുന്നത്. രാജ്യത്തിലെ മികച്ച 100 കോളേജുകളുടെ ആദ്യത്തെ റാങ്കിനുള്ളിൽ സംസ്ഥാനത്തെ 16 കോളേജുകൾ ഉൾപ്പെട്ടിട്ടുണ്ട്. റാങ്കിങ്ങിൽ ഉൾപ്പെട്ട 300 കോളജുകളിൽ 71 എണ്ണം കേരളത്തിൽ നിന്നുള്ളവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി ധനസഹായത്തോടെയാണ് പിണറായി എജുക്കേഷൻ ഹബ് പദ്ധതി നടപ്പിലാക്കുന്നത്. നാടിന്റെ വികസനത്തിന് പണം കണ്ടെത്താനാണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ൽ 50,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി മുഖേന നടപ്പിലാക്കാം എന്ന് കരുതിയിടത്ത് അത് 60,000 കോടിയിൽ അധികമായി. കിഫ്ബി മുഖേന ഏറ്റെടുക്കുന്ന പദ്ധതികൾ ഇപ്പോൾ 90,000 കോടിയോട് അടുക്കുകയാണ്. കൂടുതൽ കരുത്തോടെ വളരുന്ന കേരള മാതൃകയുടെ ഉദാഹരണമാണ് കിഫ്ബിയെയന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി. യൂണിഫൈഡ് പെൻഷൻ സ്‌കീം എന്ന ഏകീകൃത പെൻഷൻ പദ്ധതിയാണ് ജീവനക്കാർക്കായി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണിതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

2025 ഏപ്രിൽ ഒന്നുമുതലാണ് പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുക. ഏകീകൃത പെൻഷൻ പദ്ധതിയിൽ സർക്കാരിന്റെ വിഹിതം 18.5 ശതമാനമായി (നിലവിൽ 14.5 ശതമാനം) ഉയർത്തും. 23 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും. 25 വർഷം സർവീസിൽ ഇരിക്കുന്ന ആളുകൾക്ക് അവരുടെ അവസാന 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെ ശരാശരിയുടെ 50 ശതമാനമെങ്കിലും പെൻഷനായി നൽകും. സർവീസ് കാലയളവ് കുറവുള്ളവർക്കാണെങ്കിൽ മിനിമം പെൻഷൻ ഉറപ്പാക്കുന്ന പദ്ധതിയാണിത്.

നിലവിലുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇപ്പോഴുള്ള ദേശീയ പെൻഷൻ പദ്ധതിയിൽ (ചമശേീിമഹ ജലിശെീി ടരവലാല ചജട) തന്നെ തുടരുകയോ പുതിയ പദ്ധതിയായ യുപിഎസിലേക്ക് മാറുകയോ ചെയ്യാം. സംസ്ഥാന സർക്കാരുകൾക്ക് യുപിഎസ് പദ്ധതിയിലേക്ക് മാറണമെങ്കിൽ അതുമാകാമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ പോലെയുള്ള കായിക താരങ്ങളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പ്രഥമ ‘കേരള സ്‌കൂൾ ഒളിമ്പിക്‌സ് കൊച്ചി ട്വന്റി ഫോർ’ എന്ന പേരിൽ നവംബർ 4 മുതൽ 11 വരെ രാവും പകലുമായി എറണാകുളം ജില്ലയിൽ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് 45 ലക്ഷം വിദ്യാർഥികൾ പഠിക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമ പരിഗണന വിഷയങ്ങളിൽ ഒന്നാണ് ആരോഗ്യവും സ്‌പോർട്‌സും. കുട്ടികളുടെ കായിക പ്രതിഭ ചെറിയ പ്രായത്തിൽ കണ്ടെത്തി സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമാകുന്ന ഇൻക്ലൂസിവ് സ്‌പോർട്‌സ് ഒളിമ്പിക്‌സിന്റെ ഭാഗമാകും. 24,000 കായികതാരങ്ങൾ അണിനിരക്കുന്ന ലോകത്ത് തന്നെ ഏറ്റവും വലിയ കൗമാര കായിക മേളയാകും ഇതെന്ന് മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിൽ 16 മത്സരവേദികളിലാണ് ഒളിമ്പിക്‌സ് അരങ്ങേറുക. ഉദ്ഘാടന സമ്മേളനം ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും. കഴിഞ്ഞദിവസം കേരള സ്‌കൂൾ ഒളിമ്പിക്‌സിന്റെ സംഘാടകസമിതി യോഗം കൊച്ചിയിൽ ചേർന്നിരുന്നു. 15 സബ്ക്കമ്മിറ്റികൾക്ക് യോഗം അംഗീകാരം നൽകി. എറണാകുളം ജില്ലയിലെ ജനപ്രതിനിധികൾ ചെയർമാൻമാരായും അധ്യാപക സംഘടന ഭാരവാഹികൾ കൺവീനർമാരായും ഉള്ള കമ്മിറ്റികളാണ് നിലവിൽ വന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. എല്ലാ കമ്മിറ്റികളിലും വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു പ്രതിനിധി അംഗമാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടകസമിതി ഓഫീസ് കൊച്ചി കടവന്ത്ര റീജിയണൽ സ്‌പോർട്‌സ് സെന്ററിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. പരാതി തന്നാൽ നിയമ നടപടി ഉണ്ടാവുമെന്ന് എം ബി രാജേഷ് വ്യക്തമാക്കി.

നടി ശ്രീലേഖയുടെയും രഞ്ജിത്തിന്റെയും അഭിപ്രായങ്ങൾ മാത്രമാണ് വന്നത്. പരാതികളൊന്നും സർക്കാരിന് മുന്നിൽ വന്നിട്ടില്ല. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളം. നിയമത്തിന് മുകളിൽ ഒന്നും പറക്കില്ല. നിയമാസൃതം ഉള്ള നടപടി സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

കൊൽക്കത്ത: സംവിധായകൻ രഞ്ജിത്തിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര. ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. പക്ഷേ പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ലെന്ന് ശ്രീലേഖ പറഞ്ഞു.. താൻ ജോലി ചെയ്യുന്നത് ബംഗാളിലാണ്. ആരെങ്കിലും പിന്തുണയ്ക്കാൻ തയാറായാൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് നടി പ്രതികരിച്ചു. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം.

സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയുന്ന കാലമാണ്. മമത ബാനർജി സർക്കാരിനെതിരെ അടക്കം ശക്തമായ ശബ്ദമുയർത്തിയ വ്യക്തിയാണ് താൻ. ഒരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. തനിക്ക് ഉണ്ടായ മോശം അനുഭവം തുറന്ന് പറയാനുളള അവകാശം തനിക്കുണ്ട്. സ്ത്രീകൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ശ്രീലേഖ വ്യക്തമാക്കി.

രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന് താൻ പറയുന്നില്ല. തെറ്റിപറ്റിയെന്ന് സമ്മതിക്കണം. മാപ്പ് പറയണം. സംഭവിച്ചത് തെറ്റായി എന്നെങ്കിലും പറയണം. കേരളത്തിൽ വന്നത് സിനിമ ഓഡിഷന് വേണ്ടിയായിരുന്നില്ലെന്നും ചിത്രത്തിൽ അഭിനയിക്കാൻ തന്നെയാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതകരണവുമായി നടിയും ബി ജെ പി നേതാവുമായ ഖുശ്ബു സുന്ദർ. ഇരകളായവർ ദുരനുഭവങ്ങൾ ധൈര്യത്തോടെ തുറന്നു പറയണമെന്ന് ഖുശ്ബു പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു താരം. ഇനിയും മുഖം മറച്ചിരിക്കേണ്ട കാര്യമില്ലെന്നും ഹേമ കമ്മറ്റി റിപ്പോർട്ട് രാഷ്ട്രീയവൽക്കരിക്കാനില്ലെന്നും ഖുശ്ബു വ്യക്തമാക്കി.

രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഖുശ്ബു വ്യക്തമാക്കി. ഒരു പ്രോഗ്രാമിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.

കീവ്: യുക്രൈന് സഹായവുമായി ഇന്ത്യ. അടിയന്തര വൈദ്യസഹായം നൽകുന്നതിനായി തദ്ദേശീയമായി നിർമിച്ച നാല് ‘ഭിഷ്മ്’ ക്യൂബുകൾ ഇന്ത്യ യുക്രൈന് സമ്മാനിച്ചു. ഭാരത് ഹെൽത്ത് ഇനിഷ്യേറ്റീവ് ഫോർ സഹ്യോഗ് ഹിത & മൈത്രി എന്നതിന്റെ ചുരുക്കെഴുത്താണ് BHISHM. മാനുഷിക സഹായത്തിന്റെ ഭാഗമായി വികസ്വര രാജ്യങ്ങൾക്ക് രൂപകൽപന ചെയ്ത പദ്ധതിയായ ‘ആരോഗ്യ മൈത്രി’ എന്ന പദ്ധതിക്ക് കീഴിലാണ് ഇന്ത്യയുടെ നടപടി.

ഭീഷ്മ് എന്നത് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന മെഡിക്കൽ സൗകര്യങ്ങളും ഉപകരണങ്ങളും അടങ്ങുന്ന മൊബൈൽ യൂണിറ്റാണ്. അവശ്യ മരുന്നുകളും ഉപകരണങ്ങളും 15 ഇഞ്ച് വീതമുള്ള ക്യൂബിക്കൽ ബോക്‌സുകളിൽ പായ്ക്ക് ചെയ്തിരിക്കുന്നു. യുദ്ധം, പ്രകൃതി ദുരന്തം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു.

വായു, കടൽ, കര, ഡ്രോൺ എന്നിങ്ങനെ വിവിധ മാർഗങ്ങളിലൂടെ ഇവ ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ സാധിക്കും. ഒരാൾക്ക് ഒറ്റയ്ക്ക് വേണമെങ്കിലും ഇവ കൊണ്ടുപോകാവുന്നതാണ്. 20 കിലോഗ്രാം മാത്രമാണ് ഓരോ ഭീഷ്മ് ക്യൂബിന്റെയും ഭാരം. റഷ്യയുമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭാരതത്തിന്റെ നിർണായക നടപടി. നാല് ഭീഷ്മ് ക്യൂബുകളാണ് യുക്രെയ്‌ന് ഇന്ത്യ സമ്മാനിച്ചത്.

ഒടിവ്, ചതവ്, പൊള്ളൽ, രക്തസ്രാവം എന്നിങ്ങനെ 200-ഓളം അടിയന്തര കേസുകൾക്ക് പരിഹാരം കാണാൻ ഭീഷ്മ് ക്യൂബിന് സാധിക്കും. ഇതിന് പുറമേ ശസ്ത്രക്രിയയ്ക്ക് അവശ്യമായ ഉപകരണങ്ങളും ഓക്‌സജിൻ സപ്ലൈയും ഇത് നൽകുന്നു. ഇത്തരത്തിൽ 36 മിനി ക്യൂബുകൾ ചേർന്നാൽ ഒരു മദർ ക്യൂബാകുന്നു. രണ്ട് മദർ ക്യൂബുകൾ ചേരുന്നതാണ് ഒരു ഭീഷ്മ് ക്യൂബ്.

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോക്സോ കേസ് എടുക്കണമെന്ന് ആഭ്യന്തരവകുപ്പിന് പരാതി. അൽത്തിയ സ്ത്രീ കൂട്ടായ്മയ്ക്കുവേണ്ടി സാമൂഹിക പ്രവർത്തക പി ഇ ഉഷയാണ് പരാതി നൽകിയത്. അതിക്രമം നേരിട്ട കുട്ടി തന്നെ പരാതിപ്പെടണമെന്ന് നിയമത്തിലില്ലെന്ന് പി ഇ ഉഷ പറഞ്ഞു.

ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഹേമയുടെ മുമ്പിൽ കൊടുത്ത മൊഴിക്ക്, മജിസ്ട്രേറ്റിന് മുന്നിൽ കൊടുക്കുന്ന മൊഴിയുടെ സാധുതയുണ്ട്. മറ്റുതെളിവുകൾ ആവശ്യമില്ല, ബോധ്യപ്പെടുന്നു എന്നിങ്ങനെയാണ് റിപ്പോർട്ടിലെ ഭാഷ. കുട്ടികൾ ഉപദ്രവിക്കപ്പെട്ടിരിക്കയാണെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്. അത് പരിശോധിക്കപ്പെടണമെന്നാണ് ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.

റിപ്പോർട്ടിന്റെ 41-ാം പേജിലെ 83-ാം ഖണ്ഡികയിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് പരാതി. പോക്സോ ആക്ടിന്റെ 19(1) വകുപ്പ് പ്രകാരം ഇത്തരത്തിൽ ഒരു വിവരം കിട്ടിയാൽ അത് പോലീസിനെ അറിയിക്കേണ്ടതാണ്. അതിനാൽ കമ്മറ്റി റിപ്പോർട്ടിലെ വസ്തുതകൾ പരിശോധിച്ച്, ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യത പൂർണമായും സംരക്ഷിച്ചുകൊണ്ട് അവർക്ക് പൂർണമായും സൗകര്യപ്രദമായ രീതിയിൽ പോക്സോ നിയമ പ്രകാരമുള്ള നടപടിസ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്ന് മന്ത്രി സജി ചെറിയാൻ. തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബംഗാളി നടി ശ്രീലേഖ മിത്രയാണ് സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ തനിക്ക് മോശം അനുഭവം നേരിട്ടെന്നാണ് ശ്രീലേഖയുടെ ആരോപണം.

2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ്. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി ആരോപിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ റോബോട്ടിക് പാർക്ക് തൃശൂരിൽ തുടങ്ങുമെന്ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. തൃശൂരിൽ പത്തേക്കർ സ്ഥലത്താണ് റോബോട്ടിക് പാർക്ക് സ്ഥാപിക്കുക. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി) കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക് റൗണ്ട് ടേബിൾ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളായി കൊച്ചി ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനു മുന്നോടിയായി വ്യത്യസ്ത മേഖലകൾ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളും ഏഴ് റോഡ് ഷോകളും പൂർത്തിയാക്കും. ഉച്ചകോടിക്കു മുന്നോടിയായുള്ള സമ്മേളനങ്ങളിൽ രണ്ടാമത്തേതാണ് റോബോട്ടിക്സ് സമ്മേളനം.

നാല് വിഭാഗങ്ങളിലായിട്ടായിരിക്കും തൃശ്ശൂരിലെ റോബോട്ടിക്സ് പാർക്ക് പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്ഥാപിക്കുന്ന പാർക്കിലെ റോബോ ലാൻഡ് എന്ന ആദ്യ വിഭാഗത്തിൽ പൊതുജനങ്ങൾക്ക് റോബോട്ടുകളുടെ ലോകം നേരിട്ട് അനുഭവിക്കാം. എഐ, ഓഡിയോ-വീഡിയോ റിയാലിറ്റി എന്നിവ വഴിയുള്ള ആസ്വാദ്യ-വിജ്ഞാന പരിപാടികൾ അവിടെയുണ്ടാകും. വ്യവസായ വകുപ്പിന്റെ പിന്തുണയും കൂടുതൽ ഇൻസെന്റീവുകളും റോബോട്ടിക്സ് പാർക്കിന് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

റോബോട്ടിക് മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സ്‌കെയിൽ അപ് ലോൺ ഒരു കോടിയിൽ നിന്ന് രണ്ടു കോടിയായി വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കുള്ള പ്രവർത്തന മൂലധനം വർധിപ്പിക്കുക, റോബോട്ടിക്സ് സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തിക്കാനുള്ള സ്ഥലസൗകര്യവും മാർക്കറ്റിങ് പിന്തുണയും നൽകുക എന്നിവയും പരിഗണിക്കും. വ്യവസായ വകുപ്പിന്റെ 22 മുൻഗണനാ മേഖലകളിൽ റോബോട്ടിക്സിനെ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സർക്കാരിന്റെ പ്രത്യേക ആനുകൂല്യങ്ങൾ ഈ മേഖലയ്ക്ക് ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റോബോട്ടിക് റൗണ്ട് ടേബിൾ സമ്മേളനത്തിലെ എക്സിബിഷനിൽ പങ്കെടുത്ത മികച്ച സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി സമ്മാനിച്ചു. ഫ്യൂസ്ലഗേ ഇന്നൊവേഷൻസ്, ജെൻ റോബോട്ടിക്സ്, ബെൻഡിറ്റ ബയോമിക്സ്, ക്സാൽട്ടൻ സിസ്റ്റംസ്, എസ്ട്രോ ടെക്, അസിമോവ് റോബോട്ടിക്സ് എന്നിവയാണ് പുരസ്‌കാരം നേടിയത്. എക്സിബിഷനിൽ പങ്കെടുത്ത കോളേജുകൾക്കും പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

സമാപന സമ്മേളനത്തിൽ വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് സംസാരിച്ചു. റോബോട്ടിക് കോഴ്സുകൾ പഠിപ്പിക്കുന്നതിനുള്ള സ്ഥാപനം, ഇൻകെറിന്റെ റോബോട്ട് ഉത്പാദന വികസന കേന്ദ്രം, പത്ത് സ്റ്റാർട്ടപ്പുകളെ ഇൻകുബേറ്റ് ചെയ്യാനുള്ള സൗകര്യം എന്നിവയാണ് തൃശ്ശൂരിലെ റോബോട്ടിക്സ് പാർക്കിൽ ഒരുക്കുന്നതെന്ന് ‘ഭാവിയിലെ നൂതനത്വത്തിൽ സംരംഭങ്ങളും സർക്കാരുമായുള്ള പങ്കാളിത്തം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ ഇൻകെർ റോബോട്ടിക്സ് സിഇഒ രാഹുൽ ബാലചന്ദ്രൻ പറഞ്ഞു.

വ്യവസായ സംരംഭങ്ങളുമായി അടുത്ത് നിൽക്കുന്ന പ്രവർത്തനമാണ് ഡിജിറ്റൽ സർവകലാശാല നടത്തുന്നതെന്ന് വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളും നൂതനസാങ്കേതിക സംരംഭങ്ങളുമായുള്ള സഹകരണം ശക്തമാക്കാൻ സർക്കാർ മുൻകയ്യെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റോബോട്ടിക് സാങ്കേതികവിദ്യയുടെ നിലവിലുള്ള സാധ്യതകൾ വ്യാപിപ്പിക്കണമെന്ന് ഓൾ ഇന്ത്യ റോബോട്ടിക് അസോസിയേഷൻ സിഇഒ പല്ലവ് ബജ്ജൂരി പറഞ്ഞു. റോബോട്ടിക് മേഖലയുടെ സാധ്യതകൾ വർധിപ്പിക്കാനും വളർച്ചാ നിരക്ക് ത്വരിതപ്പെടുത്താനും കൂടുതൽ വരുമാനമുണ്ടാക്കാനും ഇത് വഴി സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.