ശ്രീലേഖ മിത്രയുടെ ആരോപണങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും; പ്രതികരണവുമായി രഞ്ജിത്ത്

കോഴിക്കോട്: തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് രഞ്ജിത്ത് വ്യക്തമാക്കി.

ഒരു വ്യക്തി എന്ന നിലയിൽ തനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് എളുപ്പം മാറുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പിന്നിലെ സത്യം എന്താണ് എന്ന് ലോകം അറിഞ്ഞേ പറ്റുകയുള്ളു. പൊതുസമൂഹത്തെ സത്യം ബോധ്യപ്പെടുത്തണം. അവർ തന്നെ പരസ്പരവിരുദ്ധമായ പ്രസ്താവനകളാണ് നടത്തിയത്. അതിന്റെ വിശദാംശങ്ങളിലേക്ക് താൻ കടക്കുന്നില്ല. നിയമനടപടികളുമായി മുന്നോട്ടുപോകും. ഇതിന്റെ പിന്നിലെ സത്യം എന്താണ് എന്ന് ലോകം അറിഞ്ഞേ പറ്റുകയുള്ളുവെന്ന് രഞ്ജിത്ത് അറിയിച്ചു.

കേരള സർക്കാരിനെതിരെ സിപിഎം എന്ന പാർട്ടിക്കെതിരെ വലതുപക്ഷരാഷ്ട്രീയ നിലപാടുകൾ ഉള്ളവരും അവർക്ക് മുന്നിൽ പോർമുഖത്ത് എന്ന പോലെ നിൽക്കുന്ന മാധ്യമപ്രവർത്തകകരും സംഘടിതമായി സർക്കാരിനെ ആക്രമിക്കുന്നു. പലവിഷയങ്ങളിൽ ഈ ചെളിവാരിയെറിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ ഒന്ന് തന്റെ പേരിലാണ് എന്നത് ഏറെ അപമാനകരമാണ്. സത്യമെന്താണെന്ന് അറിയാതെയാണ് വലിയ ശബ്ദത്തിൽ ഇവിടുത്തെ മാധ്യമലോകവും മറ്റുപലരും നടത്തുന്നത്. താനെന്ന വ്യക്തി കാരണം സർക്കാർ പ്രതിച്ഛായയ്ക്കു കളങ്കമേൽക്കുന്ന പ്രവൃത്തി തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. അത്തരമൊരു സാഹചര്യത്തിൽ സർക്കാർ നൽകിയ ഔദ്യോഗിക സ്ഥാനത്ത് തുടരുന്നത് ശരിയല്ല. നിയമനടപടികൾ പൂർത്തിയാകുന്ന കാലം വരും. സത്യം പുറത്തുവരുമെന്നും അത് അത്രവിദൂരമല്ലെന്നും രഞ്ജിത്ത് പറഞ്ഞു.

സർക്കാരിന്റെ ഔദ്യോഗിക സ്ഥാനത്തിരുന്നല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നത് തന്റെ ബോധ്യമാണ്. അതുകൊണ്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം താൻ രാജിവയ്ക്കകുയാണ്. തന്റെ വീടിന്റെ സ്വകാര്യതയിലേക്ക് ഇരച്ചുകയറിയത് അനുവാദമില്ലാതെയാണ്. തനിക്ക് ഒരു മാധ്യമകാമറയേയും അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.