General (Page 123)

തിരുവനന്തപുരം: കാൻസർ ചികിത്സാ ചെലവ് ചുരുക്കുന്നതിൽ രാജ്യത്തിനാകെ മാതൃകയാകുന്ന ഒരു ചുവടുവെയ്പ്പാണ് കാരുണ്യ സ്പർശം പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാൻസർ രോഗബാധിതരായവർക്ക് പൊതുവിപണിയിൽ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവിൽ കാരുണ്യ ഫാർമസികളിൽ നിന്ന് മരുന്നുകൾ ഇതുവഴി ലഭിക്കും. നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാർമസികളിൽ പ്രവർത്തനമാരംഭിക്കുന്ന കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി കാൻസർ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിയുടെ ആദ്യ ഘട്ടമായി ഓരോ ജില്ലയിലേയും തെരഞ്ഞെടുത്ത 14 കാരുണ്യ ഫാർമസികളിലൂടെ ഉയർന്ന വിലയുള്ള കാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. നിലവിൽ കേരളത്തിലുടനീളം പ്രവർത്തിക്കുന്ന എല്ലാ കാരുണ്യ ഫാർമസികളിലുമായി 250 ഓളം ബ്രാൻഡഡ് ഓങ്കോളജി മരുന്നുകൾ ലഭ്യമാണ്. ഇവയെല്ലാം ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

അർബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ രോഗികൾക്ക് ലഭ്യമാകും എന്നതാണ് ഇതിന്റെ സവിശേഷത. രണ്ടു ശതമാനം സേവന ചെലവ് മാത്രം ഈടാക്കിയും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് ലഭിക്കുന്ന ലാഭം പൂർണമായും ഒഴിവാക്കിയുമാകും ഈ കൗണ്ടറുകൾ പ്രവർത്തിക്കുക. 26 ശതമാനം മുതൽ 96 ശതമാനം വരെ വിലക്കുറവ് മരുന്നുകൾക്കുണ്ടാവും. വിപണിയിൽ ഏകദേശം ഒന്നേമുക്കാൽ ലക്ഷം രൂപ വിലവരുന്ന മരുന്നിന് 93 ശതമാനം വിലക്കുറവ് ഉണ്ടെങ്കിൽ കേവലം 11,892 രൂപയ്ക്കായിരിക്കും രോഗികൾക്കു ലഭിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ആദ്യത്തെ പ്രത്യേക കൗണ്ടർ പ്രവർത്തനം ആരംഭിക്കുന്നത്. വിപണി വിലയിൽ നിന്ന് 10 മുതൽ 93 ശതമാനം വരെ വിലക്കുറവിൽ കാരുണ്യ ഫാർമസിയിലൂടെ എണ്ണായിരത്തിൽപ്പരം ബ്രാൻഡഡ് മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. നിലവിൽ കേരളത്തിലുടനീളം 75 കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികൾ പ്രവർത്തിക്കുന്നു. ഇതിൽ ഏഴെണ്ണം 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്. ഇവയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത ഘട്ടത്തിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുള്ള മരുന്നുകൾ സൗജന്യമായി നൽകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. വിലകൂടിയ കാൻസർ മരുന്നുകൾ പരമാവധി വില കുറച്ച് നൽകാനാണ് കാരുണ്യസ്പർശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം കാൻസർ മരുന്നുകളുടെ ചൂഷണം തടയുകയും ചെയ്യും. അത് അർഹമായ വ്യക്തികൾക്ക് ലഭ്യമാക്കുന്നതിന് പ്രിസ്‌ക്രിപ്ഷനിൽ സീൽ ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. കാൻസർ രോഗത്തിന് മുമ്പിൽ നിസഹായരാകുന്നവരെ സഹായിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ ഡോ. എ. ഷിബുലാൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, വാർഡ് കൗൺസിലർ ഡി.ആർ. അനിൽ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജർ എസ്. അനോജ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് ജെ മോറിസ്, ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു. അതത് ജില്ലകളിൽ എംപിമാർ, എംഎൽഎമാർ മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വകക്ഷിയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകൾ ഒരേ രീതിയിലാകും നിർമ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവൻ നഷ്ടപ്പെടാതിരുന്നത് സാമൂഹ്യ ഇടപെടൽ കൊണ്ട് കൂടിയാണ്. അത്തരത്തിൽ ദുരന്ത മേഖലയിൽ ഇടപെടാൻ ആവശ്യമായ ബോധവൽക്കരണ സംവിധാനം ഒരുക്കും. പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങൾ ഉണ്ടാകും.

വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിൽ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകൾക്കും അവർക്ക് താൽപര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നൽകും. വടകകെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിൻറെ ഭാഗമായി സംരക്ഷിക്കും.

ബാങ്കുകളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും കടമെടുത്തവരുണ്ട്. അവ എഴുതി തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ്ങ് മേഖല ഇപ്പോൾ ഉള്ളത്. ഇക്കാര്യത്തിൽ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസർവ്വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തിൽ ബന്ധപ്പെടും. സ്വകാര്യ വ്യക്തികൾ കടം ഈടാക്കുന്നത് പൊതുധാരണയ്ക്കെതിരാണ് എന്നതിനാൽ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും. സ്പെഷ്യൽ പാക്കേജാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്.

സെപ്തംബർ രണ്ടാം തിയതി സ്‌കൂൾ പ്രവേശനോത്സവം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ദുരന്തബാധിത പ്രദേശത്തെ സ്‌കൂളിനോടുള്ള വികാരം കണക്കിലെടുത്ത് അവിടെയുള്ള സ്‌കൂൾ പുനർനിർമ്മിച്ച് നിലനിർത്താനാവുമോ എന്ന് വിദഗ്ധർ പരിശോധിക്കും. ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങൾ ഒരുക്കുക കൂടി ചെയ്യും.

സൈക്ലോൺ മുന്നറിയിപ്പുകൾ നല്ല രീതിയിൽ ലഭ്യമാകുന്നുണ്ടെങ്കിലും ഉരുൾപൊട്ടൽ പോലെ ഇപ്പോൾ സംഭവിച്ച കാര്യത്തിൽ വേണ്ടത്ര മുന്നറിയിപ്പുകൾ ലഭ്യമാകേണ്ടതുണ്ട്. അക്കാര്യത്തിൽ കേന്ദ്ര ഏജൻസിയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാന പഠന സ്ഥാപനം കൂടുതൽ ശക്തിപ്പെടുത്തും. കേന്ദ്ര സർക്കാർ ഏജൻസിയുടെ സഹായവും ഇക്കാര്യത്തിൽ തേടും.

കർഷകർക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിൻറെ ഭാഗമായി പരിഗണിക്കും. നല്ലമനസോടെയാണ് മിക്കവരും സ്പോൺസർഷിപ്പുമായി വരുന്നത് എന്നത് സ്വാഗതാർഹമാണ്. സ്പോൺസർമാരെ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തും.

യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ബിനോയ് വിശ്വം (സിപിഐ), ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ, ടി സിദ്ദിഖ് എംഎൽഎ, പിഎംഎ സലാം (ഐയുഎംഎൽ), ജോസ് കെ മാണി (കേരളകോൺഗ്രസ് എം), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), കെ വേണു (ആർഎംപി) , പി ജെ ജോസഫ് (കേരള കോൺഗ്രസ്), മാത്യു ടി തോമസ് (ജനതാദൾ – സെക്കുലർ), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), ഡോ. വർഗീസ് ജോർജ് (രാഷ്ട്രീയ ജനതാദൾ), പി സി ജോസഫ് ( ജനാധിപത്യ കേരള കോൺഗ്രസ്), കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് – ബി), അഡ്വ. ഷാജ ജി എസ് പണിക്കർ( ആർഎസ്പി – ലെനിനിസ്റ്റ്), മന്ത്രിമാരായ കെ രാജൻ, പി.എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു, ചീഫ് സെക്രട്ടറി ഡോ.വേണു വി എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പുമന്ത്രി വി. എൻ. വാസവൻ അറിയിച്ചു. നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപ്റ്റംബർ 30ന് പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികളിൽ ഉടവാൾ കൈമാറ്റം നടക്കും. തുടർന്ന് ഘോഷയാത്രയായി വിഗ്രഹങ്ങളും ഉടവാളും തിരുവനന്തപുരത്തേക്ക് തിരിക്കും. വിവിധ സ്ഥലങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രണ്ടാം ദിനം 12 മണിയോടെ കളിയിക്കാവിളയിലെത്തും. ഇവിടെ സംസ്ഥാന സർക്കാർ സ്വീകരണം നൽകും. തമിഴ്‌നാട്, കേരള പോലീസ് ഘോഷയാത്രയെ അനുഗമിക്കും. ഘോഷയാത്ര കടന്നു വരുന്ന വഴികളിൽ ട്രാഫിക്ക് ക്രമീകരണം പൊലീസ് ഏർപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

റോഡുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി. വാട്ടർ അതോറിറ്റി ആവശ്യമായ വെള്ളം ഓരോ സ്ഥലത്തും എത്തിക്കും. എം. എൽ. എമാരുടെ നേതൃത്വത്തിൽ പ്രാദേശിക യോഗങ്ങൾ ചേരുമെന്ന് മന്ത്രി അറിയിച്ചു. ചിട്ടയോടെ, ആചാരം പാലിച്ച് ചടങ്ങുകൾ നടത്തണം. ഘോഷയാത്രയുടെ സമയക്രമം കൃത്യമായി പാലിക്കണം. ഇതിന്റെ പേരിൽ ചിലർ നടത്തുന്ന അനധികൃത പിരിവ് ഒഴിവാക്കണം. നവരാത്രി മഹോത്സവം വിജയകരമായി നടത്തുന്നതിന് എല്ലാവരും സഹകരിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും യോഗത്തിൽ സംബന്ധിച്ചു. ദേവസ്വം സെക്രട്ടറി ടി. വി. അനുപമ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങൾ, പോലീസ്, മറ്റു വകുപ്പ് എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥർ, തമിഴ്‌നാട് ഉദ്യോഗസ്ഥർ, നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട വിവിധ സംഘടന പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി.) ബിസിനസ് 10,000 കോടി രൂപയാക്കലാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംരംഭകത്വത്തെയും നവീന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്റ്റാർട്ടപ്പുകളുടെ സാങ്കേതികവും ബിസിനസ്പരവുമായ കാര്യങ്ങൾക്കപ്പുറം അവയുടെ ഇന്ധനമായ ധനലഭ്യതക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിന് മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനാണ് ഇത്തരത്തിൽ ഒരു കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നതെന്നും കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുതിപ്പും ഊർജവും പകരുന്നതിനായി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണീ പ്രഥമ കോൺക്ലേവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണിന്ന് കെ എഫ് സി. ഇന്ത്യയിൽ തന്നെ മുൻനിരയിലുള്ള ഫിനാൻഷ്യൽ കോർപ്പറേഷനാണ് നമ്മുടേത്. കെ എഫ് സി യുടെ ധനസഹായത്തോടെ ഒട്ടേറെ സ്ഥാപനങ്ങൾ സംസ്ഥാനത്ത് മികച്ച നിലയിൽ പ്രവർത്തിക്കുന്നു എന്നത് അഭിമാനകരമാണ്. ഇവയിൽ 700-800 കോടി ടേൺ ഓവറുള്ള വ്യവസായ സ്ഥാപനങ്ങൾ വരെയുണ്ട്.

കെ എഫ് സി യെ നിക്ഷേപക സൗഹൃദമാക്കാൻ ഒട്ടേറെ കാര്യങ്ങളാണ് സർക്കാർ ചെയ്തത്. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കെഎഫ്‌സി നൽകുന്ന വായ്പകളുടെ പലിശനിരക്ക് കുറക്കുകയും കെഎഫ്‌സിയുടെ മൂലധന നിക്ഷേപം 300 കോടിയിൽ നിന്ന് ഇരട്ടിയാക്കുകയും ചെയ്തു. കടത്തിന്റെ പരിധി വർധിപ്പിച്ചു. നിലവിൽ 7368 കോടി വായ്പ നൽകിയിട്ടുണ്ട്. ഫിനാൻഷ്യൽ കോർപ്പറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കി. കെഎഫ്‌സിയുള്ളതുകൊണ്ടാണ് സംരംഭം ആരംഭിക്കാൻ കഴിഞ്ഞതെന്ന് പറയുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ടിന്നിവിടെ. അവർക്ക് എളുപ്പത്തിൽ ധനലഭ്യത ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കുള്ള 5.6 ശതമാനം പലിശനിരക്കിൽ നൽകുന്ന വായ്പ രണ്ട് കോടിയിൽ നിന്ന് മൂന്ന് കോടിയാക്കാനും സ്ഥാപനങ്ങൾക്ക് നൽകുന്ന 10 കോടി രൂപയുടെ വായ്പ 15 കോടിയാക്കാനുമുള്ള ആവശ്യം സർക്കാർ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ തലമുറക്ക് അവരുടെ ആശയങ്ങൾ കേരളത്തിൽതന്നെ നടപ്പാക്കാനാവും വിധമുള്ള സ്റ്റാർപ്പ് എക്കോസിസ്റ്റം ഇന്ന് കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാർട്ടപ്പ് രംഗത്തെ പുതിയ അവസരങ്ങളും മാതൃകകളും ചർച്ച ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്ത പരിപാടിയിൽ സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്റ്റാർട്ടപ്പ് രംഗത്ത് മികവു തെളിയിച്ച കമ്പനികളുടെ ഉത്പന്നങ്ങൾ കോൺക്ലേവിൽ പ്രദർശിപ്പിച്ചു. മികച്ച സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്‌കാരദാനവും ഈ ധനകാര്യവർഷത്തെ കെ.എഫ്.സി.യുടെ വാർഷിക റിപ്പോർട്ടിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ഗ്രീൻ എനർജി സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ വിഭാഗത്തിൽ എറണാകുളത്തെ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡും സോഷ്യൽ ഇംപാക്ടർ വിഭാഗത്തിൽ ജെൻ റോബോട്ടിക് ഇന്നൊവേഷൻസ് പ്രൈവറ്റ് ലിമിറ്റഡും എഡ്യുടെക് സ്റ്റാർട്ടപ് വിഭാഗത്തിൽ വിസികോം നർച്ചർ പ്രൈവറ്റ് ലിമിറ്റഡും എമർജിങ് സ്റ്റാർട്ടപ്പ് വിഭാഗത്തിൽ എറണാകുളത്തെ കഥ ഇൻഫോംകോം പ്രൈവറ്റ് ലിമിറ്റഡ്, പയോനൊമെഡ് ബിയോജെനിക്‌സ് തിരുവനന്തപുരം, ഫാബസ് ഫ്രെയിംസ് കാസർകോട്, ഇറോവ് ടെക്‌നോളജീസ് എറണാകുളം എന്നിവയും പുരസ്‌കാരം നേടി.

സർക്കാരിനുള്ള ഈ വർഷത്തെ കെഎഫ്‌സിയുടെ ലാഭവിഹിതമായ 35.83 കോടി രൂപയുടെ ചെക്ക് ചടങ്ങിൽ വെച്ച് കെ.എഫ്.സി. ചെയർമാൻ സഞ്ജയ് കൗൾ മന്ത്രിക്ക് കൈമാറി.

കെ.എഫ്.സി. സ്റ്റാർട്ടപ്പ് കേരള പദ്ധതി വഴി ഇതുവരെ 61 കമ്പനികൾക്കായി 78.52 കോടി രൂപയാണ് വായ്പയായി നൽകിയിട്ടുള്ളത്. ഈ വർഷം പുതിയതായി 100 സ്റ്റാർട്ടപ്പുകൾക്ക് വായ്പ ലഭ്യമാക്കുന്നതിനും കേരള ഫിനാൻഷ്യൽ കോർപ്പറേഷന് പദ്ധതിയുണ്ട്.

കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനുപ് അംബിക, എസ്ബിഐ സിജിഎം എ ഭുവനേശ്വരി, ടിസിസിഐ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ, ടിഐഇ കേരള എക്‌സി. ഡയറക്ടർ അരുൺ നായർ, സിഐഐ മുൻ ചെയർമാൻ എംആർ നാരായണൻ, കെഎസ്എസ്‌ഐഎ സംസ്ഥാനപ്രസിഡന്റ് എ നിസാറുദ്ധീൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.എഫ്.സി. ചെയർമാൻ സഞ്ജയ് കൗൾ സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥ് നന്ദിയും പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിന് ശേഷം നടന്ന ചർച്ചയിൽ വിവിധ സംരംഭകർ തങ്ങളുടെ അനുഭവങ്ങളും നിർദേശങ്ങളും പങ്കുവെച്ചു.

തിരുവനന്തപുരം: ഫുഡ് ടെക്‌നോളജി വ്യവസായങ്ങളുടെ രംഗത്ത് രാജ്യത്ത് ഏറ്റവും മുൻനിരയിലുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളം. ഈ മേഖലയിൽ കേരളത്തെ രാജ്യത്തിന്റെ ഹബ്ബാകാനുള്ള ശ്രമത്തിലാണ്. ഈ നേട്ടം കരസ്ഥമാക്കുന്നതിനാവശ്യമായ ചുവടുകൾ വെക്കുന്നതിനും ഈ സർക്കാരിന്റെ കാലത്തുതന്നെ ഫുഡ് ടെക്‌നോളജി രംഗത്ത് വലിയ നിക്ഷേപം കൊണ്ടുവരാനുമുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

ഇതിന്റെ ആദ്യ ചുവടായി ‘കേരള ഫുഡ് ടെക് കോൺക്ലേവ് 2024 സെപ്തംബർ 2ന് കൊച്ചിയിൽ വച്ച് സംഘടിപ്പിക്കുകയാണ്. ഫുഡ് പ്രൊസസിങ്ങ് മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതിനും ഈ മേഖലയിൽ നമ്മുടെ നാട്ടിലെ സാധ്യതകൾ കൂടുതൽ നിക്ഷേപകരിലേക്കെത്തിക്കുന്നതിനും നിലവിലുള്ള പ്രതിസന്ധികൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനും ഈ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും നിലവിലെ നയം സംരംഭകർക്കനുകൂലമായ വിധത്തിൽ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനും ഫുഡ്‌ടെക് കോൺക്ലേവ് വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025ലെ ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിലേക്ക് ഇന്റർനാഷണൽ ജെൻ എ.ഐ കോൺക്ലേവിനും ഓൺഗോയിങ്ങ് ഇൻവെസ്റ്റേഴ്‌സ് കോൺക്ലേവിനും ചെന്നൈ റോഡ് ഷോയ്ക്കും റോബോട്ടിക്‌സ് റൗണ്ട് ടേബിളിനും ശേഷമുള്ള അടുത്ത ചുവട് കൂടിയാണീ ഫുഡ് ടെക് കോൺക്ലേവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലൈംഗികാരോപണങ്ങൾ നേരിടുന്ന എംഎൽഎ മുകേഷ് രാജിവക്കുന്നതാണ് നല്ലതെന്ന് സിപിഐ സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറിയെയും നിലപാട് അറിയിക്കുമെന്ന് സിപിഐ അറിയിച്ചു.

മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് നടന്ന അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്. മുകേഷിന്റെ രാജി ധാർമികമായി അനിവാര്യമാണെന്ന നിലപാടാണ് സിപിഐ മുന്നോട്ട് വയ്ക്കുന്നത്. മുകേഷ് മാറി നിൽക്കണമെന്നാണ് യോഗത്തിൽ ചേർന്ന ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്.

വാഹനമോടിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാമെന്ന് മുന്നറിയിപ്പ് നൽകി മോട്ടാർ വാഹന വകുപ്പ്. വാഹനമോടിക്കുമ്പോൾ അപകടം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങളും മോട്ടോർ വാഹന വകുപ്പ് മുന്നോട്ടുവെയ്ക്കുന്നു. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വാഹനമോടിക്കുമ്പോൾ അപകടം വിളിച്ചു വരുത്തുന്ന പ്രവർത്തനങ്ങൾ:

  1. ഇരുചക്ര വാഹനങ്ങളിൽ ഹാൻഡിലിൽ നിന്നും കൈകൾ വിടുവിക്കുന്നത്.
  1. സ്റ്റിയറിംഗ് വീലിൽ നിന്നും കൈകൾ എടുക്കേണ്ടി വരുന്നത്.
  2. മൊബൈൽ ഫോൺ ഉപയോഗം (ബ്ലൂടൂത് ഉപയോഗിച്ചാൽ പോലും) അപകടത്തിലേക്ക് നയിച്ചേക്കാം.
  3. നോട്ടം റോഡിൽ നിന്നും മാറുന്നത്.
  4. ഡ്രൈവ് ചെയ്യുമ്പോൾ മറ്റു കാര്യങ്ങൾ ചിന്തിക്കുന്നത്.
    6. വാഹനമോടിക്കുമ്പോൾ ദീർഘമായി സംസാരിക്കുന്നതും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നതും മൊബൈൽ ഫോൺ റിങ് പോലും ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം.

7. വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത്.

  1. മേക്ക് അപ്പ് ചെയ്യുന്നത് .
  2. വാഹനത്തിൽ നിലത്തു വീഴുന്ന സാധനങ്ങൾ എടുക്കുന്നത്.
  3. റേഡിയോ / നാവിഗേഷൻ സിസ്റ്റത്തിലേക്ക് അമിതമായി ശ്രദ്ധിക്കുന്നത്.
    ഇങ്ങനെയെന്തും അപകടത്തിലേക്ക് നയിച്ചെക്കാവുന്ന ശ്രദ്ധാ വ്യതിയാനമായേക്കാം. ശ്രദ്ധിക്കുക സുരക്ഷിതരാകുക

തിരുവനന്തപുരം: കേരള ടൂറിസത്തിന് അന്താരാഷ്ട്ര തലത്തിൽ മറ്റൊരു അംഗീകാരം കൂടി ലഭിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. Pacific Asia Travel Association (PATA) ബെസ്റ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് ക്യാംപയിനുള്ള ഗോൾഡ് അവാർഡ് നമ്മുടെ കേരളത്തിനാണ്. തായ്ലൻഡിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങി.

ടൂറിസം മേഖലയുടെ വികസനത്തിനായി നൂതന സങ്കേതിക വിദ്യയുടെ സഹായം പരമാവധി ഉപയോഗപ്പെടുത്താനാണ് സംസ്ഥാന ടൂറിസം വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പൊതുജനങ്ങളുടെ ഒരുപാട് നിർദ്ദേശങ്ങൾ എല്ലാ മാർഗങ്ങളിലൂടെയും സമാഹരിക്കുകയും അവയിൽ സാധ്യമാകുന്നവയെല്ലാം നടപ്പിലാക്കാനും വകുപ്പ് ശ്രമിക്കുന്നുമുണ്ട്. ഈ ജനകീയ മുന്നേറ്റമാണ് കേരള ടൂറിസത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചി: മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് കേസ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയത്.

അതേസമയം, നടൻ ജയസൂര്യക്കെതിരെ കേസെടുത്ത് പോലീസ്. ലൈംഗിക ആരോപണ പരാതിയിലാണ് താരത്തിനെതിരെ കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഐപിസി 354, 354A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം, കഴിഞ്ഞ ദിവസം നടിയുടെ രഹസ്യ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ആലുവയിലെ വീട്ടിലെത്തിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ കേസെടുത്ത് പോലീസ്. ലൈംഗിക ആരോപണ പരാതിയിലാണ് താരത്തിനെതിരെ കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഐപിസി 354, 354A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം, കഴിഞ്ഞ ദിവസം നടിയുടെ രഹസ്യ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ആലുവയിലെ വീട്ടിലെത്തിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷൂട്ടിംഗിനിടെ സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് കേസിലെ എഫ്‌ഐആർ.