General (Page 124)

ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷ കൂട്ടാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. മന്ത്രിക്കും, സ്റ്റാഫുകൾക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ച സാഹചര്യത്തിലാണ് നടപടി.

അതേസമയം, മാധ്യമ പ്രവർത്തകരെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ വിവരങ്ങൾ തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പോലീസ് അന്വേഷണം തുടങ്ങി.

സംഭവത്തിൽ സുരേഷ് ഗോപി പൊലീസിലും പരാതി നൽകി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. തൃശ്ശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസം സൃഷ്ടിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സിറ്റി പൊലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിച്ചു. സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് ഉപസമിതിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. പദ്ധതിക്കാവശ്യമായ 1710 ഏക്കർ ഭൂമിയും സംസ്ഥാനം റെക്കോഡ് വേഗതയിൽ ഏറ്റെടുത്തിരുന്നു. 1790 കോടി രൂപയുടെ പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെത്തുടർന്നാണ് കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം ലഭിച്ചതെന്ന് വ്യവസായമന്ത്രി പി.രാജീവ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വ്യവസായമന്ത്രി പി.രാജീവ് ഇക്കഴിഞ്ഞ ജൂൺ 28 ന് കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയലിനേയും സന്ദർശിച്ച് പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

കൊച്ചി – ബാംഗ്‌ളൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. 1710 ഏക്കറിലാണ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ നിലവിൽ വരിക. പുതുശേരി സെൻട്രലിൽ1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണമ്പ്ര യിൽ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു. കേരളത്തിൽ 10,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുന്ന കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 82% സ്ഥലവും 2022 ൽ തന്നെ സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. 2022 ഡിസംബർ 14 ന് നാഷണൽ ഇന്റസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് ആന്റ് ഇമ്പ്‌ലിമെന്റേഷൻ ട്രസ്റ്റ് ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകി. 2024 ഫെബ്രുവരി 15 ന് കേന്ദ്ര പരിസ്ഥിതി മന്ത്രായലത്തിൽ നിന്ന് പാരിസ്ഥിതികാനുമതിയും ലഭിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് കോർപ്പറേഷൻ എന്ന എസ്.പി.വി മുഖേനയാണ് വ്യവസായ ഇടനാഴി പ്രോജക്ട് നടപ്പാക്കുന്നത്. മാസ്റ്റർ പ്‌ളാനും ഡി.പി. ആറും പൂർത്തിയായതിനാൽ ഉടൻ തന്നെ ടെണ്ടർ നടപടികൾ ആരംഭിക്കാനാകും. വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിക്ക് സംസ്ഥാനം അനുമതി കാക്കുകയാണ്.

ഭക്ഷ്യ സംസ്‌കരണം, ഫാർമസ്യൂട്ടിക്കൽസ്, പ്രതിരോധം, എയ്‌റോസ്‌പേസ് തുടങ്ങിയ മേഖലകളിൽ വ്യവസായ സംരംഭങ്ങൾ പാലക്കാട് ഉയർന്നു വരും. ഇവിടെ ആരംഭിക്കുന്ന വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകുന്നതിനൊപ്പം നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്യും. ഉത്തരവാദ വ്യവസായം, ഉത്തരവാദ നിക്ഷേപം എന്ന നയത്തിലൂന്നിക്കൊണ്ട് പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും. കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണർവ്വ് നൽകുന്ന കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുമ്പോൾ 55000 പേർക്കെങ്കിലും നേരിട്ട് തൊഴിൽ ലഭിക്കുകയും ചെയ്യും. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിംഗ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖരമാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങൾ, ഇലക്ട്രോണിക്സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിൽ ക്ലസ്റ്ററുകൾ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത് എന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലെ ആദ്യ സ്‌പൈസസ് പാർക്ക് ഇടുക്കി ജില്ലയിലുള്ള തൊടുപുഴയിലെ മുട്ടം, തുടങ്ങനാട്ട് ആരംഭിച്ചു. ഇതിലൂടെ സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്‌ക്കരണത്തിനും മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.

ആധുനിക കാലത്തിനനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങൾ സംസ്‌ക്കരിക്കാനും മൂല്യവർധിതമാക്കാനും സ്‌പൈസസ് പാർക്കിനും കഴിയും. ഇതിലൂടെ കൃഷിക്കാർക്ക് കൂടുതൽ മെച്ചം ലഭിക്കും മാത്രവുമല്ല 300 ലധികം ആളുകൾക്ക് തൊഴിലും ലഭിക്കും. 50 കോടിയുടെ നിക്ഷേപത്തിലാണ് പാർക്ക് ആരംഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരായ ലൈംഗിക ആരോപണത്തിൽ ശക്തമായ അന്വേഷണം നടക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. പാർട്ടിക്കോ സർക്കാരിനോ ഈ വിഷയത്തിൽ ഒന്നും മറയ്ക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ നിലപാടും പാർട്ടിയുടെ നിലപാടും നേരത്തെ വ്യക്തമാക്കിയതാണ്. മുകേഷിനെതിരെ ഇപ്പോൾ നടക്കുന്ന പ്രതിഷേധം രാഷ്ട്രിയ പ്രരിതമാണെന്നും പുകമറ സ്യഷ്ട്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയിൽ നടനും എംഎൽഎയുമായ മുകേഷിനെ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കുന്നതിനു തുല്യമെന്ന് സ്ത്രീ പക്ഷ പ്രവർത്തകർ വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം സ്വയം രാജിവയ്‌ക്കേണ്ടതാണ്. തയാറായില്ലെങ്കിൽ സർക്കാർ രാജി ആവശ്യപ്പെടണമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

100 സ്ത്രീപക്ഷ പ്രവർത്തകർ ചേർന്നാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്. സാറാ ജോസഫ്,കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര,മേഴ്‌സി അലക്‌സാണ്ടർ,ഡോ രേഖ രാജ്,വി പി സുഹ്റ,ഡോ. സോണിയ ജോർജ്ജ്, വിജി പെൺകൂട്ട്, ഡോ. സി. എസ്. ചന്ദ്രിക, ഡോ. കെ. ജി. താര, ബിനിത തമ്പി, ഡോ. എ കെ ജയശ്രി, കെ. എ. ബീന തുടങ്ങിയവർ ഉൾപ്പെടെയുള്ള 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

തിരുവനന്തപുരം: സിനിമയിൽ കൂടുതൽ അധികാരം ഉള്ള ആളുകളാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുതാര്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കണമെന്നും രാഷ്ട്രീയ സ്വാധീനത്തിൽ നടപടി മൂടിവയ്ക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിനിമ നയം രൂപീകരിക്കുന്ന കമ്മറ്റിയിൽ നടനും എംഎൽഎയുമായ മുകേഷിനെ ഉൾപ്പെടുത്തിയത് സ്ത്രീകളെ അവഹേളിക്കുന്നതിനു തുല്യമെന്ന് സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണ്. തയാറായില്ലെങ്കിൽ സർക്കാർ രാജി ആവശ്യപ്പെടണമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയത്. സാറാ ജോസഫ്,കെ അജിത,ഏലിയാമ്മ വിജയൻ, കെ ആർ മീര,മേഴ്സി അലക്സാണ്ടർ,ഡോ രേഖ രാജ്,വി പി സുഹ്‌റ, ഡോ. സോണിയ ജോർജ്ജ്, വിജി പെൺകൂട്ട്, ഡോ. സി. എസ്‌. ചന്ദ്രിക, ഡോ. കെ. ജി. താര, ബിനിത തമ്പി, ഡോ. എ കെ ജയശ്രി,കെ. എ. ബീന തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള 100 പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊച്ചി: ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. കപ്പൽ ശാലയിലെ നിർണായക വിവരങ്ങൾ ചോർത്തിയെന്ന സൂചനയെത്തുടർന്നാണ് നടപടി. ഹൈദരാബാദ് എൻഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്.

പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. 2023 മാർച്ച് 1 മുതൽ ഡിസംബർ പത്ത് വരെയുള്ള കാലയളവിൽ എയ്ജൽ പായൽ എന്ന ഫെയ്സ്ബുക്ക് പേജിലേക്ക് പ്രതിരോധ കപ്പലുകളുടെ അകത്തെ ദൃശ്യങ്ങൾ അടക്കമുള്ള നിർണായക വിവരങ്ങൾ കൈമാറിയെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കപ്പൽശാലയിലെ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ 2023 ഡിസംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം: കാരുണ്യ ഫാർമസികൾ വഴി ക്യാൻസർ മരുന്നുകൾ കുറഞ്ഞ വിലയ്ക്കു പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു. 247 ബ്രാൻഡഡ് മരുന്നുകളാണ് ഇത്തരത്തിൽ ലാഭം കൂടാതെ കാരുണ്യ ഫാർമസി വഴി വിൽപ്പനയ്ക്ക് എത്തിക്കുന്നത്.മരുന്നുകൾ വിപണി വിലയിൽനിന്ന് 26 മുതൽ 96 ശതമാനം വരെ വിലക്കുറവിലാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

എല്ലാ ജില്ലകളിലും കൗണ്ടറുകൾ

ഇടനിലക്കാരില്ലാതെ കമ്പനി വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെയാണ് ഇത്ര വിലക്കുറവിൽ ലഭിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കമ്യൂണിറ്റി ഫാർമസികൾ വഴി എല്ലാ ജില്ലകളിലും മരുന്ന് ലഭ്യമാകുന്ന കൗണ്ടറുകൾ പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത ഒരു കൗണ്ടറിലായിരിക്കും വിൽപ്പന നടത്തുക. ഭാവിയിൽ കൂടുതൽ ഫാർമസികളിൽ കൗണ്ടർ ആരംഭിക്കുന്നതിനുളള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കെ.എം.എസ്.സി.എല്ലിന് ലഭിക്കുന്ന 5 മുതൽ 7 ശതമാനം വരെയുള്ള ലാഭം പൂർണമായും ഒഴിവാക്കിയാണ് സംസ്ഥാന ആരോഗ്യവകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 3.30 ന് മുഖ്യമന്ത്രി ണറായി വിജയൻ ഓൺലൈൻ വഴി നിർവഹിക്കുന്നതാണ്.

മരുന്നുകൾ 96 ശതമാനം വരെ വിലക്കുറവിൽ

പൊതു വിപണിയിൽ 1.73 ലക്ഷം രൂപ വിലയുള്ള പാസോപാനിബ് 93 ശതമാനം വിലക്കുറവിൽ 11892.38 രൂപയ്ക്കാണ് കാരുണ്യ ഫാർമസിയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. 2,511 രൂപ വിലയുള്ള സൊലെൻഡ്രോണിക് ആസിഡ് ഇൻജക്ഷൻ 96.39 രൂപയ്ക്ക് ലഭ്യമാക്കും. അബിറാടെറൊൺ, എൻസാലുറ്റമൈഡ് ടാബ്ലറ്റുകൾ, റിറ്റുക്‌സ്വിമാബ്, ജെംസൈടാബിൻ, ട്രാസ്റ്റുസുമാബ് ഇൻജക്ഷനുകൾ തുടങ്ങി 64 ഇനം ക്യാൻസർ പ്രതിരോധ മരുന്നുകളും കാരുണ്യ കൗണ്ടറുകളിൽ ലഭിക്കുന്നതാണ്.

ആദ്യഘട്ടത്തിൽ മരുന്നു ലഭ്യമാകുന്ന കാരുണ്യ ഫാർമസികൾ

തിരുവനന്തപുരം മെഡിക്കൽ കോളേജ്, ഗവൺമെന്റ്‌കൊല്ലം വിക്ടോറിയ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി, എറണാകുളം മെഡിക്കൽ കോളേജ്, തൃശ്ശൂർ മെഡിക്കൽ കോളേജ്, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്, കാസർകോട് ജനറൽ ആശുപത്രി തുടങ്ങിയവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ മരുന്നുകൾ ലഭിക്കുന്ന കൗണ്ടറുകൾ ഉണ്ടായിരിക്കുക.

വയനാട്: ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ട 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ കളക്ടർ ഡി. ആർ
മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുൾപ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളിൽ നിന്ന് ശഖരിച്ച ഡി.എൻ.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നിൽ കൂടുതൽ ശരീര ഭാഗങ്ങൾ ലഭിച്ചതായി പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂർ ഫോൻസിക് സയൻസ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്.

ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങൾ/ശരീര ഭാഗങ്ങൾ സംസ്‌കരിക്കുന്നതിനും ഡി.എൻ.എ പരിശോധ നയ്ക്കു സാമ്പിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സർക്കാർ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകിയാണ് സംസ്‌കരിച്ചത്. ഡി.എൻ.എ ഫലങ്ങളുടെ അടിസ്ഥാനത്തിൽ കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്റെ അടിസഥാനത്തിൽ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

മൃതദേഹവും ശരീര ഭാഗങ്ങളും വിട്ട് നൽകും. ഡി.എൻ.എ പരിശോധയിൽ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികൾ അപേക്ഷ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കളക്ടർക്ക് (ഫോൺ 04935 240222) നൽകിയാൽ അവ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് അധികാരം നൽകിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് കണ്ടെടുത്ത ഭൗതിക വസ്തുക്കൾ സംബന്ധിച്ചും ആവശ്യമായ ഉത്തരവുകൾ എസ്.ഡി.എം ന് പുറപ്പെടുവിക്കാം. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവിൽ സംസ്‌കരിച്ച സ്ഥലത്ത് തുടരാൻ ആഗ്രഹിക്കുന്ന ബന്ധുക്കൾക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റ് വിശദാംശങ്ങളും ഉപയോഗിച്ച് തിരിച്ചറിയൽ അടയാളങ്ങൾ സ്ഥാപിക്കാൻ ബന്ധുക്കളെഅനുവദിക്കുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പുതിയ പുതിയ വിവാദങ്ങളുടെ മറവിൽ യഥാർത്ഥ പ്രശ്‌നത്തിൽ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അന്തസത്തയെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് സർക്കാറിന്റെ നിലപാടെന്നും അദ്ദേഹം അറിയിച്ചു. കമ്മീഷൻ പരാമർശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ആർജ്ജവം സർക്കാറിനില്ല. ഇപ്പോൾ ഉയർന്നുവരുന്ന മറ്റു വിവാദങ്ങൾ സർക്കാർ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സർക്കാർ നിയോഗിച്ചിട്ടുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഉപാധി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാറിന് ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം നടപടിയെടുക്കേണ്ടത് കൊല്ലം എംഎൽഎ മുകേഷിനെതിരെയാണ്. ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയർന്നുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതിലൂടെയാണ് സർക്കാരിന്റെ ആത്മാർത്ഥത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്. മുകേഷിനെതിരെ കേസ് എടുക്കണം അദ്ദേഹത്തെ ചോദ്യം ചെയ്യണം. അറസ്റ്റ് ചെയ്യുകയും വേണം. സിപിഐ നേതാക്കന്മാർ പോലും മുകേഷ് രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയാണ്. എന്നിട്ടും സിപിഎമ്മും സർക്കാറുമാണ് മുകേഷിന് സംരക്ഷണ കവചം ഒരുക്കുന്നത്. മുകേഷിനെ വെച്ചുകൊണ്ട് എങ്ങനെയാണ് ഒരു ചലച്ചിത്ര കോൺക്ലേവ് നടത്തുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഷാജി എൻ കരുണിനെ പറ്റിയും ആരോപണം ഉയർന്നിരിക്കുകയാണ്. അടിയന്തരമായി കോൺക്ലേവ് നിർത്തിവെക്കാൻ സർക്കാർ തയ്യാറാവണം. വേട്ടക്കാർ എല്ലാം കൂടി ചേർന്ന് എന്ത് കോൺക്ലേവാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം : കെഎസ്ആർടിസിയ്ക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപ കൂടി അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് നൽകിയത്. കഴിഞ്ഞ ആഴ്ചയിൽ ഇതേ ആവശ്യത്തിന് 71.53 കോടി രൂപ അനുവദിച്ചിരുന്നു.

പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന് പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നത്. ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ പ്രതിമാസം 50 കോടി രൂപയും സഹായമായി നൽകുന്നുണ്ട്. രണ്ടാം പിണറായി സർക്കാർ ഇതുവരെ 5940 കോടി രൂപയാണ് കെഎസ്ആർടിസിക്ക് നൽകിയത്.