കേരളത്തെ ഫുഡ് ടെക്‌നോളജി ഹബ്ബാക്കാം; തിങ്കളാഴ്ച്ച കൊച്ചിയിൽ ഫുഡ് കോൺക്ലേവ്‌

തിരുവനന്തപുരം: ഫുഡ് ടെക്‌നോളജി വ്യവസായങ്ങളുടെ രംഗത്ത് രാജ്യത്ത് ഏറ്റവും മുൻനിരയിലുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളം. ഈ മേഖലയിൽ കേരളത്തെ രാജ്യത്തിന്റെ ഹബ്ബാകാനുള്ള ശ്രമത്തിലാണ്. ഈ നേട്ടം കരസ്ഥമാക്കുന്നതിനാവശ്യമായ ചുവടുകൾ വെക്കുന്നതിനും ഈ സർക്കാരിന്റെ കാലത്തുതന്നെ ഫുഡ് ടെക്‌നോളജി രംഗത്ത് വലിയ നിക്ഷേപം കൊണ്ടുവരാനുമുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

ഇതിന്റെ ആദ്യ ചുവടായി ‘കേരള ഫുഡ് ടെക് കോൺക്ലേവ് 2024 സെപ്തംബർ 2ന് കൊച്ചിയിൽ വച്ച് സംഘടിപ്പിക്കുകയാണ്. ഫുഡ് പ്രൊസസിങ്ങ് മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതിനും ഈ മേഖലയിൽ നമ്മുടെ നാട്ടിലെ സാധ്യതകൾ കൂടുതൽ നിക്ഷേപകരിലേക്കെത്തിക്കുന്നതിനും നിലവിലുള്ള പ്രതിസന്ധികൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനും ഈ മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും നിലവിലെ നയം സംരംഭകർക്കനുകൂലമായ വിധത്തിൽ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാവശ്യമായ അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനും ഫുഡ്‌ടെക് കോൺക്ലേവ് വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025ലെ ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിലേക്ക് ഇന്റർനാഷണൽ ജെൻ എ.ഐ കോൺക്ലേവിനും ഓൺഗോയിങ്ങ് ഇൻവെസ്റ്റേഴ്‌സ് കോൺക്ലേവിനും ചെന്നൈ റോഡ് ഷോയ്ക്കും റോബോട്ടിക്‌സ് റൗണ്ട് ടേബിളിനും ശേഷമുള്ള അടുത്ത ചുവട് കൂടിയാണീ ഫുഡ് ടെക് കോൺക്ലേവെന്നും മന്ത്രി കൂട്ടിച്ചേർത്തു.