General (Page 122)

തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. എന്നാൽ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ പല സംസ്ഥാനങ്ങളും പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അടുത്തിടെ കൊൽക്കത്തയിൽ നിന്നും വളരെ ദാരുണമായ സംഭവമാണ് നാം കേട്ടത്. വനിതാ ഡോക്ടറുടെ കൊലപാതകം മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. പ്രതികളെ പിടികൂടുന്നതിൽ മമത സർക്കാരിന് വീഴച സംഭവിച്ചുവെന്നത് രാജ്യത്തിനാകെ അപമാനകരമാണ്. പീഡനം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇത്തരം നിയമങ്ങൾ സംസ്ഥാനങ്ങൾ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിരവധി നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്. ഇസ്ലാം മതവിഭാഗത്തിലെ സ്ത്രീകൾ നേരിട്ടിരുന്ന വലിയൊരു പ്രശ്നമായിരുന്നു മുത്തലാഖ്. ഈ നിയമത്തിന് കേന്ദ്രസർക്കാർ അന്ത്യം കുറിച്ചു. മുത്തലാഖ് ചൊല്ലി സ്ത്രീകളെ ഉപേക്ഷിക്കുന്ന ഏതൊരാൾക്കെതിരെയും ഇന്ന് കർശന നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട് : യുവാവിന്റെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് പോലീസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നഗ്ന ചിത്രം അയച്ചു നൽകിയ കുറ്റത്തിന് ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

സിനിമയിൽ അവസരം വാഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. 2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്.

അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെ വെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് പറയുന്നു.

തിരുവനന്തപുരം: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ 2400 സ്‌പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ആയുർവേദം, ഹോമിയോപ്പതി, യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആയുഷ് ആശുപത്രികൾ, ഡിസ്‌പെൻസറികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററുകൾ, ട്രൈബൽ ആയുഷ് ഡിസ്‌പെൻസറികൾ എന്നിവ മുഖേന പ്രദേശികാടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ സംഘടിപ്പിക്കുന്ന ഈ മെഡിക്കൽ ക്യാമ്പുകളുടെ സേവനം പരമാവധി വയോജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ആയുർദൈർഘ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് സംസ്ഥാനം പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്. അതിന്റെ ഭാഗമായാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വയോജനങ്ങൾ പൊതുവേ അനുഭവിക്കുന്ന ശാരീരികാരോഗ്യ പ്രശ്‌നങ്ങളായ പേശികളുടെയും അസ്ഥികളുടെയും ബലക്ഷയം, ഉറക്കക്കുറവ്, മലബന്ധം, ജീവിതശൈലി രോഗങ്ങൾ തുടങ്ങിയവയും അവരുടെ മാനസിക സാമൂഹികാരോഗ്യവും ആയുഷ് ചികിത്സാ സംവിധാനങ്ങളിലൂടെ മെച്ചപ്പെടുത്തുവാൻ ലക്ഷ്യമിട്ടാണ് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര ആയുഷ് റിസർച്ച് കൗൺസിൽ സ്ഥാപനങ്ങളുടെയും ആയുഷ് മെഡിക്കൽ കോളേജുകളുടെയും ആയുഷ് പ്രൊഫഷണൽ സംഘടനകളുടെയും സഹകരണം ഈ ക്യാമ്പുകൾക്കുണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃപരമായ പങ്ക് വഹിക്കും.

വിദഗ്ധ രോഗപരിശോധന, പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, റഫറൽ സംവിധാനം, സൗജന്യ മരുന്ന് വിതരണം, യോഗാ ക്ലാസുകൾ എന്നിവ ക്യാമ്പുകളിൽ സംഘടിപ്പിക്കും. തുടർ ചികിത്സ ആവശ്യമായവർക്ക് അതും ഉറപ്പാക്കുന്നതാണ്.

തിരുവനന്തപുരം: ആവശ്യപ്പെട്ടാൽ ഏവർക്കും വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ വിവാഹ രജിസ്‌ട്രേഷൻ കഴിയുംവിധം നിയമ ഭേദഗതി വരുത്തുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇടുക്കി ജില്ലാ തദ്ദേശ അദാലത്തിൽ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് നൽകിയ പരാതിയിലാണ് തീരുമാനം.

നിലവിൽ വിദേശത്തുള്ളവർക്ക് ഓൺലൈൻ സംവിധാനം വഴി വിവാഹ രജിസ്‌ട്രേഷൻ നടത്താൻ അനുവാദമുണ്ട് . അത്തരം സൗകര്യം സ്വദേശികൾക്ക്കൂടി പ്രയോജനപ്പെടുനന വിധം നിയമ ചട്ടങ്ങളിൽ ഭേദഗതി വരുത്തും. ആവശ്യപ്പെടുന്ന ആർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

ബെംഗളൂരു: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പീഡന ആരോപണം. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.

പരാതി അറിഞ്ഞിട്ടും ഇടാളെ എമ്പുരാൻ സിനിമയുടെ ഭാഗമാക്കിയെന്നും യുവതി പറയുന്നു. പിന്നീട് ഇയാളെ സിനിമയിൽ നിന്ന് നീക്കിയെന്ന് അണിയറക്കാർ അറിയിച്ചു. ഹൈദരാബാദ് പൊലീസ് മൻസൂർ റഷീദിനെ അന്വേഷിച്ച് കേരളത്തിൽ വന്നപ്പോൾ ഇയാളുടെ വീട്ടിലടക്കം ഒളിവിൽ കഴിഞ്ഞതിന് തെളിവ് കിട്ടിയിരുന്നു. ഫോൺ ട്രാക്കിംഗ് രേഖകൾ അടക്കം ഇതിന് തെളിവായുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.

സിപിഎം ഉന്നതനേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും ആരും അനങ്ങിയില്ല. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജൻ എന്നിവരെ 2021-ൽ തന്നെ പരാതി പറഞ്ഞ് വിളിച്ചതാണെന്നും ഇവരാരും ഒരു തരത്തിലും നടപടിയെടുത്തില്ലെന്നും ഒരു മറുപടിയും തന്നില്ലെന്നും പരാതിക്കാരി ആരോപിച്ചു.

മൻസൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃതമാണ്. സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ജെ കുഞ്ഞി ചന്തു എന്നയാളാണ് പ്രതിയെ സംരക്ഷിക്കുന്നതെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ അതിജീവിതരേ മാറ്റിത്താമസിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി നിർദ്ദേശം. ഒരാഴ്ച്ചയ്ക്കുള്ളിൽ ക്യാമ്പിലുള്ളവരെ മാറ്റിത്താമസിപ്പിക്കണമെന്നാണ് നിർദ്ദേശം. ഹോട്ടലുകൾ അടക്കം ഏറ്റെടുത്ത് സൗകര്യം ഒരുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ആശുപത്രി ബില്ലുകൾ സർക്കാർ തന്നെ നേരിട്ട് കൊടുത്ത് തീർക്കണം. ബാങ്കുകൾ സർക്കാർ സഹായത്തിൽ നിന്നും ഇ.എം.ഐ പിടിച്ചാൽ അറിയിക്കണം. ഇക്കാര്യത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾ ടൗൺഷിപ്പിനെതിരായതിനാൽ ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് കോടതിയെ അറിയിക്കണം.

ദുരന്തബാധിതരിൽ നിന്ന് ബാങ്കുകൾ ഇഎംഐ ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി നിർദ്ദേശിച്ചു. ബാങ്കുകൾ ഇഎംഐ ഈടാക്കിയെങ്കിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകണം. ദുരന്തബാധിതർക്കൊപ്പം നിൽക്കാൻ ബാങ്കുകൾക്ക് ഭരണഘടനാ ബാധ്യതയുണ്ട്. ദേശസാത്കൃത ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കുന്നത് തടയുന്നതിൽ നിലപാട് അറിയിക്കണം. കേന്ദ്ര സർക്കാർ ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സ്വമേധയാ എടുത്ത കേസിലാണ് ഹെക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.

തിരുവനന്തപുരം: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം ഹാജരാക്കാൻ ആവശ്യപ്പെട്ട് ദേശീയ വനിത കമ്മീഷൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ വനിത കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

ഒരാഴ്ചക്കുള്ളിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി.ആർ ശിവശങ്കരൻ എന്നിവർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൊഴി നൽകിയവരുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ചില ഭാഗങ്ങൾ ഒഴിവാക്കി ആയിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമാ മേഖലയിലെ പല ചൂഷണങ്ങളെ കുറിച്ച് വെളിപ്പെടുത്തി പല നടിമാരും രംഗത്തെത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പല നടന്മാർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: റഷ്യയിൽ തൊഴിൽതട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-ഉക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു.

തൃശൂർ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം റഷ്യയിലെ റോസ്തോവിൽ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എത്രയും വേഗം ഭൗതികശരീരം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേരളീയരായ സന്തോഷ് കാട്ടുകാലയ്ക്കൽ ഷൺമുഖൻ, സിബി സുസമ്മ ബാബു, റെനിൻ പുന്നക്കൽ തോമസ് എന്നിവർ ലുഹാൻസ്‌കിലെ സൈനിക ക്യാമ്പിൽ കുടുങ്ങി കിടക്കുന്നതായും അപകടകരമായ സാഹചര്യങ്ങളിലാണ് ഇവരെന്നും അറിയുന്നു. ഇവരെ രക്ഷിക്കുന്നതിനും അടിയന്തിര ഇടപെടലുകൾ വേണം. നിയമവിരുദ്ധ മാർഗങ്ങളിലൂടെയാണ് കേരളീയരായ ഇവർ റഷ്യയിലെത്തിയതെന്നും പിന്നീട് ഇവരെ യുദ്ധമുന്നണിയിൽ വിന്യസിക്കുകയാണെന്നുമാണ് അറിയുന്നത്. അനധികൃത റിക്രൂട്ട്മെന്റ് ഏജൻസികളും വ്യക്തികളും വഴി ഇത്തരത്തിൽ എത്ര പേർ റഷ്യയിൽ കുടുങ്ങിക്കിടക്കുന്നൂവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

ന്യൂഡൽഹി : ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ് ഫോമായ ഷീ-ബോക്സ് പോർട്ടലിന് കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം തുടക്കം കുറിച്ചു. https://shebox.wcd.gov.in/ എന്ന പോർട്ടലിന്റെ ഉദ്ഘാടനം വനിതാ ശിശുക്ഷേമ മന്ത്രി അന്നപൂർണാദേവി നിർവ്വഹിച്ചു.

വ്യക്തിപരമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെ പരാതികൾ സുരക്ഷിതമായി ഇതിൽ രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. കേരളത്തിൽ സിനിമാമേഖലയുമായി ബന്ധപ്പെട്ട ഹേമകമ്മിറ്റി റിപ്പോർട്ട് ചർച്ചയായിരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

പോർട്ടലിന്റെ പ്രവർത്തനം ഇങ്ങനെ:

  1. രാജ്യത്തുടനീളം രൂപീകരിച്ച ഇന്റേണൽ കമ്മിറ്റികളും (ഐസി) ലോക്കൽ കമ്മിറ്റികളും (എൽസി) നൽകുന്ന വിവരങ്ങൾ കേന്ദ്രീകരിക്കും
  2. സർക്കാർ, സ്വകാര്യ മേഖലകളുമായി ബന്ധപ്പെട്ട പരാതികൾ ഫയൽ ചെയ്യുന്നതിനും അവയുടെ തൽസ്ഥിതി അറിയിക്കാനും സൗകര്യം.
  3. ഇന്റേണൽ കമ്മിറ്റികൾ സമയബന്ധിതമായി പരാതികൾ കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കും. പോർട്ടലിലൂടെ നിയുക്ത നോഡൽ ഓഫീസർ മുഖേന പരാതികളുടെ തത്സമയ നിരീക്ഷണം നടത്താനാവും.

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. ലൈംഗികാതിക്രമത്തിനാണ് പൊലീസ് കേസെടുത്തത്. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴുഞ്ഞ ദിവസം ജയസൂര്യക്കെതിരെ കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ കേസെടുത്തിരുന്നു.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്ന കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീസ്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.