Highlights (Page 85)

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കമായി. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

‘അധികാരത്തിന്റെ ഭാഷയില്‍ അല്ല.മനുഷ്യത്വത്തിന്റെ ഭാഷയില്‍ പറയുന്നു.മയക്കുമരുന്നില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയണം. തലമുറ നശിച്ചു പോകും. സര്‍വനാശം ഒഴിവാക്കണം.അറിഞ്ഞ പല കാര്യങ്ങളും പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ല. അതിശയോക്തി അല്ല. സത്യമാണ്. ചികിത്സയ്ക്ക് പോലും തിരിച്ചു കൊണ്ടുവരാന്‍ ആവാത്ത വിധം നശിക്കുന്നു. വലിയ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ കാമ്പയിന്‍. ലഹരി സംഘങ്ങള്‍ കുട്ടികളെ ലക്ഷ്യം വെക്കുന്നു. കുട്ടികളെ ഏജന്റുമാര്‍ ആക്കുന്ന തന്ത്രം ഉപയോഗിക്കുന്നു. മയക്കുമരുന്ന് സംഘങ്ങള്‍ വഴിയില്‍ കാത്തു നില്‍ക്കുന്ന ഭൂതങ്ങളാണ്. ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികള്‍ക്ക് ചോക്കലെറ്റ് നല്‍കുന്നു. എന്തും ചെയ്യുന്ന ഉന്മാദ അവസ്ഥയിലേക്ക് എത്തുന്നു. മുതിര്‍ന്നവര്‍ക്ക് വലിയ ഉത്തരവാദിത്തം ഉണ്ട്. കണ്ടെത്താന്‍ എളുപ്പമല്ലാത്ത രൂപത്തിലാണ് ലഹരി. കുഞ്ഞുങ്ങളിലെ അസാധാരണ മാറ്റം ശ്രദ്ധിക്കണം.കുട്ടികളെ കാര്യര്‍മാര്‍ ആക്കുന്നു. പിന്നില്‍ അന്താരാഷ്ട്ര മാഫിയകള്‍. സര്‍ക്കാര്‍ ലഹരി വിരുദ്ധ കാമ്പയിന് നല്‍കുന്നത് വലിയ പ്രാധാന്യം. മയക്കുമരുന്ന് മുക്ത സംസ്ഥാനമാണ് ലക്ഷ്യം.ഏതു വിധേനയും സാധ്യമാക്കും.അസാധ്യം എന്ന് തോന്നുന്നുണ്ടാവാം. അമ്മമാരുടെ കണ്ണീര്‍ തുടക്കണം. ഇത് കൂട്ടായ പോരാട്ടം. ഒന്നിച്ചു മുന്നോട്ട് വരണം. ഇത് വിജയിച്ചാല്‍ ജീവിതം വിജയിച്ചു. തോറ്റാല്‍ മരണം. അത്ര ഗൗരവം’

അതേസമയം, സംസ്ഥാനത്ത് ഒരുമാസം നീണ്ട് നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 9ന് കുടംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ ലഹരി വിരുദ്ധ സഭ നടത്തും. ഒക്ടോബര്‍ 14ന് ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌ററേഷനുകള്‍ എന്നിവടങ്ങളില്‍ വ്യാപരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിക്കും. ഒക്ടോബര്‍ 16ന് സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ജനജാഗ്രത സദസ്സുകള്‍ നടത്തും. നവംബര്‍ 1ന് എല്ലാ വിദ്യാലയങ്ങലിലും ലഹരി വിരുദ്ധ ശ്രംഖലയും സംഘടിപ്പിക്കും

തിരുവനന്തപുരം: കേന്ദ്ര ഭവന-നഗരകാര്യ വകുപ്പ് പ്രഖ്യാപിച്ച 2021ലെ പ്രധാൻമന്ത്രി ആവാസ് യോജന അർബൻ അവാർഡ്സിൽ കേരളത്തിന് മൂന്ന് പുരസ്‌കാരങ്ങൾ. സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിലാണ് രണ്ട് പുരസ്‌കാരങ്ങളും. ഓരോ വിഭാഗങ്ങൾക്കും വേണ്ടി പ്രത്യേകം നടപ്പാക്കിയ പ്രൊജക്ടുകളിൽ കേരളമാണ് ഒന്നാമത് എത്തിയത്. ജാർഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. വരുമാനവുമായി ബന്ധപ്പെടുത്തി നടപ്പാക്കിയ ഭവനപദ്ധതിയുടെ മാതൃകയ്ക്ക് പ്രത്യേക പുരസ്‌കാരവും ലഭിച്ചു. നഗരസഭകളിൽ കണ്ണൂർ മട്ടന്നൂർ നഗരസഭ മൂന്നാം സ്ഥാനം നേടി. കേരളം നടത്തിയ മികവേറിയ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഭവനരഹിതരായ മുഴുവൻ ആളുകൾക്കും വീടൊരുക്കാനുള്ള സർക്കാർ ഇടപെടലുകൾക്ക് ദേശീയ തലത്തിലെ ഈ അംഗീകാരം ഊർജമേകും. എല്ലാവർക്കും അടച്ചുറപ്പുള്ള വീടെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ വളരെ വേഗം നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര വിഹിതത്തിന് പുറമേ സംസ്ഥാന വിഹിതവും ഫലപ്രദമായി വിനിയോഗിച്ചാണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതന് നാലു ലക്ഷം രൂപയാണ് കേരളത്തിൽ വീട് വെക്കാൻ നൽകുന്നത്. ഇതിൽ പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഒന്നരലക്ഷം രൂപ മാത്രമാണ് കേന്ദ്രവിഹിതം. പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് രണ്ടര ലക്ഷം രൂപ സംസ്ഥാന സർക്കാരും നഗരസഭയുമാണ് നൽകുന്നത്. പിഎംഎവൈ പദ്ധതിയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സഹായമാണ് കേരളം നൽകുന്നത്. ഇതിനകം പിഎംഎവൈ പദ്ധതിയുടെ ഭാഗമായി 1,23,246 വീടുകൾക്കാണ് അനുമതി നൽകിയത്. ഇതിൽ 95,000 വീടുകളുടെ നിർമ്മാണം ആരംഭിക്കുകയും 74,500 എണ്ണം പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനതലത്തിലെ മികച്ച മാതൃകകളെ അനുമോദിക്കാനാണ് 150 ദിവസ ചാലഞ്ചിന്റെ ഭാഗമായി കേന്ദ്രം അവാർഡുകൾ പ്രഖ്യാപിച്ചത്. ഒക്ടോബർ 17 മുതൽ 19 വരെ ഗുജറാത്തിലെ രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യൻ അർബൻ ഹൗസിംഗ് കോൺക്ലേവിൽ അവാർഡുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. കഴിഞ്ഞയാഴ്ച കേന്ദ്രസർക്കാർ പ്രഖ്യപിച്ച സ്വച്ഛതാ ലീഗ് പുരസ്‌കാരം ആലപ്പുഴ, ഗുരുവായൂർ നഗരസഭകൾ നേടിയിരുന്നു.

മഹാരാഷ്ട്ര: വരുന്ന ദീപാവലിക്ക് സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെല്ലാവര്‍ക്കും പലചരക്ക് സാധനങ്ങളടങ്ങിയ 100 രൂപയുടെ കിറ്റുകള്‍ ലഭ്യമാക്കാനൊരുങ്ങി മഹാരാഷ്ട്രയിലെ ബി ജെ പി പിന്തുണയുള്ള ഷിന്‍ഡെ സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ ഈ തീരുമാനമെടുത്തത്.

അതേസമയം, സംസ്ഥാനത്തെ 1.70 കോടി കുടുംബങ്ങള്‍ക്കാണ് (ഏഴ് കോടി ആളുകള്‍ക്ക്) കിറ്റിന്റെ പ്രയോജനം ലഭിക്കുക. ഒരു കിലോ റവ, കടല, ഭക്ഷ്യ എണ്ണ, പയര്‍ എന്നീ നാല് സാധനങ്ങളാണ് കിറ്റിലുള്ളത്. ഉത്സവകാലത്ത് കിറ്റുകള്‍ നല്‍കാമെന്ന ആശയം ഭക്ഷ്യ സിവില്‍ സപ്ലൈ, ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് സര്‍ക്കാരിന് മുന്നില്‍ വച്ചത്.

രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന സമയത്ത് ഇത്തരമൊരു തീരുമാനം സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാവും.

തിരുവനന്തപുരം: നൈറ്റ് ലൈഫ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. സംസ്ഥാന ടൂറിസം പ്രമോഷന്റെ ഭാഗമായാണ് നടപടി. കഴക്കൂട്ടം മുതൽ ട്രാവൻകൂർമാൾ വരെയാണ് ആദ്യ ഘട്ട പദ്ധതി പ്രവർത്തികൾ നടപ്പിലാക്കുന്നത്. പട്ടം മുതൽ കവടിയാർ വരെയും മാനവീയത്തും നൈറ്റ് ലൈഫ് ടൂറിസത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കും. സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് പട്ടം മുതൽ കവടിയാർ വരെയുള്ള ഭാഗത്ത് ഒരുങ്ങും. ദേശീയപാതയിൽ ടെക്നോപാർക്, ഇൻഫോസിസ്, യൂ.എസ്.ടി ഗ്ലോബൽ, ലുലു മാൾ, ട്രാവൻകൂർ മാൾ എന്നിവയെ കൂടി ഉൾപ്പെടുത്തിയാണ് നൈറ്റ് ലൈഫ് പദ്ധതിയിലെ ആദ്യഘട്ടം നടപ്പാക്കുന്നത്.

ഭക്ഷണം ആസ്വദിക്കാൻ ഉള്ള വീഥിയായി പട്ടം മുതൽ കവടിയാർ വരെയുള്ള ഭാഗങ്ങളെ മാറ്റുന്നതിന്റെ ഭാഗമായി ഹോട്ടലുകൾക്കും തട്ടുകടകൾക്കും പ്രത്യേക ലൈസൻസ് നൽകാനും അധികൃതർ ലക്ഷ്യമിടുന്നു. ഇതിനായി കടകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാവശ്യമായ പ്രത്യേക ലൈസൻസ് നൽകും.

പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത് ശംഘുമുഖം ബീച്ച്, മാനവീയം വീഥി എന്നിവ ഉൾപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി നൈറ്റ് ലൈഫ് സെന്ററുകളായി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ കൂടുതൽ വഴിവിളക്കുകൾ, നൈറ്റ് വിഷൻ ക്യാമറകൾ എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. നൈറ്റ് ലൈഫ് പദ്ധതികൾ വരുന്ന വീഥികളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ പ്രത്യേക കേന്ദ്രങ്ങളും ഒരുക്കും.

ഡെറാഢൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയില്‍ കനത്ത ഹിമപാതത്തെ തുടര്‍ന്ന് 28 പേര്‍ പര്‍വതത്തില്‍ കുടുങ്ങി. നെഹ്‌റു മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശീലക സംഘമാണ് കുടുങ്ങിയത്. എട്ട് പേരെ രക്ഷപ്പെടുത്തി. ഏതാനും പേര്‍ മരണപ്പെട്ടതായും സൂചനകളുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും ഉത്തര്‍കാശി ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

അതേസമയം, തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു അപകടം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സേന, ഐടിബിപി അംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ട്വിറ്ററിലൂടെ വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ വ്യോമസേനയ്ക്കും നിര്‍ദേശം നല്‍കിയതായും, ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ ‘പ്രചണ്ഡ്’ വ്യോമസേനയുടെ ഭാഗമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പ്രചണ്ഡ് വ്യോമസേനയുടെ ഭാഗമായത്.

രാജസ്ഥാനിലെ ജോധ്പുരിൽ വെച്ചാണ് ചടങ്ങ് നടന്നത്. പ്രചണ്ഡയിൽ കയറി രാജ്‌നാഥ് സിംഗ് പറന്നുയരുകയും ചെയ്യും. ഹെലികോപ്റ്ററിനു ‘പ്രചണ്ഡ്’ എന്നു പേര് നൽകിയതും രാജ്‌നാഥ് സിംഗ് ആണ്.

പ്രതിരോധ സേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ പ്രചണ്ഡ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതിർത്തിയിൽ പാക്കിസ്ഥാനും ചൈനയും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ സേനയുടെ പ്രതിരോധക്കരുത്ത് ഉയർത്തുമെന്നും വിലയിരുത്തപ്പെടുന്നു. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് എൽസിഎച്ച് നിർമിച്ചത്. ഉയർന്ന പ്രതലത്തിൽ വിന്യസിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് എൽസിഎച്ച് ഉപയോഗിക്കുക. വിവിധ മിസൈലുകളും മറ്റ് ആയുധങ്ങളും വിക്ഷേപിക്കാൻ തക്ക മൾട്ടിറോൾ പ്ലാറ്റ്‌ഫോം ആണ് എൽസിഎച്ചിന്റേത്.

സംസ്ഥാനത്ത് വളര്‍ത്തുനായ ലൈസന്‍സിന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കാതെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. citizen.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഫീസടച്ച് അപേക്ഷിക്കാം. പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ ലഭിക്കും.

അതേസമയം, പഞ്ചായത്തുകളില്‍ നായ്ക്കളുടെ ലൈസന്‍സ് ഫീസ് ഒക്ടോബര്‍ 15 മുതല്‍ 10 രൂപയില്‍ നിന്ന് 50 രൂപയാക്കി. നഗരസഭകളുടെ കാര്യത്തില്‍ അതതിടത്തെ ബൈലോ പ്രകാരമായിരിക്കും ലൈസന്‍സ് നല്‍കുക. വളര്‍ത്തുനായ്ക്കള്‍ക്ക് മൃഗാശുപത്രിയില്‍ നടത്തുന്ന പേവിഷപ്രതിരോധ കുത്തിവെപ്പിന് വാക്‌സിന്‍ സൗജന്യമാണ്. ടിക്കറ്റ് നിരക്കായി 15 രൂപയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് 15 രൂപയും ഈടാക്കും.

വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെ തെരുവുനായ്ക്കളുടെ കുത്തിവെപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് ദിവസവേതനത്തിന് നിയോഗിക്കാവുന്നതാണ്. പ്രതിരോധ വാക്സിന്‍
സംഭരണവും വിതരണവും ക്യാമ്പുകള്‍ സംഘടിപ്പിക്കലും നായപിടിത്തക്കാരെ നിയമിക്കുന്നതും പരിശീലനം നല്‍കുന്നതും മറ്റും മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ ചുമതലയാണ്.

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മലംഗ് നഗരത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന് ശേഷം ഇരുടീമുകളുടെയും ആരാധകര്‍ മൈതാനത്ത് നടത്തിയ അക്രമത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ട 127 പേരില്‍ 17 പേര്‍ കുട്ടികളാണെന്ന് തിരിച്ചറിഞ്ഞു. ഏഴ് കുട്ടികള്‍ ചികിത്സയിലാണ്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുന്നുവെന്നും മന്ത്രാലയ ഉദ്യോഗസ്ഥന്‍ നഹര്‍ വ്യക്തമാക്കി.

പെര്‍സെബയ സുരബായ, അരേമ എഫ്സി എന്നീ ടീമുകളാണ് അപകടത്തിന് മുമ്പ് മൈതാനത്ത് കളിച്ചിരുന്നത്. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് അന്നേ മത്സരത്തിന് പെര്‍സെബയ ആരാധകര്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, മത്സര ശേഷം ഹോം ടീമായ അരേമ എഫ്സി, പെര്‍സെബയ സുരബായയോട് 3-2 ന് പരാജയപ്പെട്ടു. മത്സരശേഷം മൈതാനത്തേക്ക് ഓടിയടുത്ത ആരാധകരെ പിന്തിരിപ്പിക്കാന്‍ പോലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ സ്റ്റേഡിയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്.

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ദുരന്തങ്ങളുടെ പട്ടികയിലാണ് ഇന്തോനേഷ്യയിലെ ഈ ഫുട്‌ബോള്‍ അപകടവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിലെയും കായിക ഉദ്യോഗസ്ഥരുടെയും ഒരു ടീമിനെ മലംഗ് നഗരത്തിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഫിഫ വ്യക്തമാക്കി.

മുംബൈ: മഹാരാഷ്ട്രയിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും പൗരന്മാരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ എന്ന് അഭിവാദ്യം ചെയ്യണമെന്ന് വ്യക്തമാക്കിയാണ് മഹാരാഷ്ട്ര സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

മഹാരാഷ്ട്ര പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്. സർക്കാർ ധനസഹായമുള്ള സ്ഥാപനങ്ങളിലും ഇതു പാലിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണ് ‘ഹലോ’ എന്ന വാക്കെന്നും അത് ഒഴിവാക്കി ‘വന്ദേമാതരം’ ഉപയോഗിച്ച് തുടങ്ങണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരമൊരു നിർദ്ദേശം ആദ്യം മുന്നോട്ടുവെച്ചത് മന്ത്രി സുധീർ മുൻഗന്തിവാറാണ് എന്നാൽ, പിന്നീട് മന്ത്രി ഇതിൽ നിന്നു പിന്മാറി. ദേശീയതയെ പ്രതിഫലിപ്പിക്കുന്ന തത്തുല്യമായ ഏത് വാക്കും ഉപയോഗിക്കാമെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്തേക്കുമെന്ന സൂചനകൾ നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്ടോബർ അഞ്ചാം തിയതി വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യക്തമാകുന്നത്. ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്. മലയോര മേഖലയിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചന പ്രകാരം ഇടുക്കി, പാലക്കാട്, വയനാട് തുടങ്ങി മൂന്ന് ജില്ലകളിൽ ഞായറാഴ്ച്ച യെല്ലോഅലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ പ്രദേശങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനുംസാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

02-10-2022 മുതൽ 05-10-2022 വരെ തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്‌നാട് തീരം, ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും നിർദ്ദേശമുണ്ട്.