നൈറ്റ് ലൈഫ് ടൂറിസം; തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു

തിരുവനന്തപുരം: നൈറ്റ് ലൈഫ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. സംസ്ഥാന ടൂറിസം പ്രമോഷന്റെ ഭാഗമായാണ് നടപടി. കഴക്കൂട്ടം മുതൽ ട്രാവൻകൂർമാൾ വരെയാണ് ആദ്യ ഘട്ട പദ്ധതി പ്രവർത്തികൾ നടപ്പിലാക്കുന്നത്. പട്ടം മുതൽ കവടിയാർ വരെയും മാനവീയത്തും നൈറ്റ് ലൈഫ് ടൂറിസത്തിന്റെ ഭാഗമായി വിവിധ പദ്ധതികൾ നടപ്പാക്കും. സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റ് പട്ടം മുതൽ കവടിയാർ വരെയുള്ള ഭാഗത്ത് ഒരുങ്ങും. ദേശീയപാതയിൽ ടെക്നോപാർക്, ഇൻഫോസിസ്, യൂ.എസ്.ടി ഗ്ലോബൽ, ലുലു മാൾ, ട്രാവൻകൂർ മാൾ എന്നിവയെ കൂടി ഉൾപ്പെടുത്തിയാണ് നൈറ്റ് ലൈഫ് പദ്ധതിയിലെ ആദ്യഘട്ടം നടപ്പാക്കുന്നത്.

ഭക്ഷണം ആസ്വദിക്കാൻ ഉള്ള വീഥിയായി പട്ടം മുതൽ കവടിയാർ വരെയുള്ള ഭാഗങ്ങളെ മാറ്റുന്നതിന്റെ ഭാഗമായി ഹോട്ടലുകൾക്കും തട്ടുകടകൾക്കും പ്രത്യേക ലൈസൻസ് നൽകാനും അധികൃതർ ലക്ഷ്യമിടുന്നു. ഇതിനായി കടകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാവശ്യമായ പ്രത്യേക ലൈസൻസ് നൽകും.

പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നത് ശംഘുമുഖം ബീച്ച്, മാനവീയം വീഥി എന്നിവ ഉൾപ്പെടുന്നു. പദ്ധതിയുടെ ഭാഗമായി നൈറ്റ് ലൈഫ് സെന്ററുകളായി തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ കൂടുതൽ വഴിവിളക്കുകൾ, നൈറ്റ് വിഷൻ ക്യാമറകൾ എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. നൈറ്റ് ലൈഫ് പദ്ധതികൾ വരുന്ന വീഥികളിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ പ്രത്യേക കേന്ദ്രങ്ങളും ഒരുക്കും.