ഇന്തോനേഷ്യയിലെ ഫുട്‌ബോള്‍ മൈതാനത്തെ അക്രമം; മരിച്ച 127 പേരില്‍ 17 പേര്‍ കുട്ടികളെന്ന് റിപ്പോര്‍ട്ട്‌

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മലംഗ് നഗരത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന് ശേഷം ഇരുടീമുകളുടെയും ആരാധകര്‍ മൈതാനത്ത് നടത്തിയ അക്രമത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ട 127 പേരില്‍ 17 പേര്‍ കുട്ടികളാണെന്ന് തിരിച്ചറിഞ്ഞു. ഏഴ് കുട്ടികള്‍ ചികിത്സയിലാണ്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുന്നുവെന്നും മന്ത്രാലയ ഉദ്യോഗസ്ഥന്‍ നഹര്‍ വ്യക്തമാക്കി.

പെര്‍സെബയ സുരബായ, അരേമ എഫ്സി എന്നീ ടീമുകളാണ് അപകടത്തിന് മുമ്പ് മൈതാനത്ത് കളിച്ചിരുന്നത്. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് അന്നേ മത്സരത്തിന് പെര്‍സെബയ ആരാധകര്‍ക്ക് ടിക്കറ്റ് നല്‍കിയിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, മത്സര ശേഷം ഹോം ടീമായ അരേമ എഫ്സി, പെര്‍സെബയ സുരബായയോട് 3-2 ന് പരാജയപ്പെട്ടു. മത്സരശേഷം മൈതാനത്തേക്ക് ഓടിയടുത്ത ആരാധകരെ പിന്തിരിപ്പിക്കാന്‍ പോലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ സ്റ്റേഡിയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്.

അതേസമയം, ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ദുരന്തങ്ങളുടെ പട്ടികയിലാണ് ഇന്തോനേഷ്യയിലെ ഈ ഫുട്‌ബോള്‍ അപകടവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസിലെയും കായിക ഉദ്യോഗസ്ഥരുടെയും ഒരു ടീമിനെ മലംഗ് നഗരത്തിലേക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ഫിഫ വ്യക്തമാക്കി.