ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ ‘പ്രചണ്ഡ്’ വ്യോമസേനയുടെ ഭാഗമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് പ്രചണ്ഡ് വ്യോമസേനയുടെ ഭാഗമായത്.
രാജസ്ഥാനിലെ ജോധ്പുരിൽ വെച്ചാണ് ചടങ്ങ് നടന്നത്. പ്രചണ്ഡയിൽ കയറി രാജ്നാഥ് സിംഗ് പറന്നുയരുകയും ചെയ്യും. ഹെലികോപ്റ്ററിനു ‘പ്രചണ്ഡ്’ എന്നു പേര് നൽകിയതും രാജ്നാഥ് സിംഗ് ആണ്.
പ്രതിരോധ സേനയുടെ കരുത്ത് വർദ്ധിപ്പിക്കാൻ പ്രചണ്ഡ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതിർത്തിയിൽ പാക്കിസ്ഥാനും ചൈനയും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ സേനയുടെ പ്രതിരോധക്കരുത്ത് ഉയർത്തുമെന്നും വിലയിരുത്തപ്പെടുന്നു. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് എൽസിഎച്ച് നിർമിച്ചത്. ഉയർന്ന പ്രതലത്തിൽ വിന്യസിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് എൽസിഎച്ച് ഉപയോഗിക്കുക. വിവിധ മിസൈലുകളും മറ്റ് ആയുധങ്ങളും വിക്ഷേപിക്കാൻ തക്ക മൾട്ടിറോൾ പ്ലാറ്റ്ഫോം ആണ് എൽസിഎച്ചിന്റേത്.

