ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ഹലോയ്ക്ക് പകരം വന്ദേമാതരം; പുതിയ ഉത്തരവ് പുറപ്പെടുവിച്ച് മഹാരാഷ്ട്ര സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ പുതിയ ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും പൗരന്മാരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’ എന്നതിന് പകരം ‘വന്ദേമാതരം’ എന്ന് അഭിവാദ്യം ചെയ്യണമെന്ന് വ്യക്തമാക്കിയാണ് മഹാരാഷ്ട്ര സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

മഹാരാഷ്ട്ര പൊതുഭരണ വകുപ്പിന്റേതാണ് ഉത്തരവ്. സർക്കാർ ധനസഹായമുള്ള സ്ഥാപനങ്ങളിലും ഇതു പാലിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണ് ‘ഹലോ’ എന്ന വാക്കെന്നും അത് ഒഴിവാക്കി ‘വന്ദേമാതരം’ ഉപയോഗിച്ച് തുടങ്ങണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇത്തരമൊരു നിർദ്ദേശം ആദ്യം മുന്നോട്ടുവെച്ചത് മന്ത്രി സുധീർ മുൻഗന്തിവാറാണ് എന്നാൽ, പിന്നീട് മന്ത്രി ഇതിൽ നിന്നു പിന്മാറി. ദേശീയതയെ പ്രതിഫലിപ്പിക്കുന്ന തത്തുല്യമായ ഏത് വാക്കും ഉപയോഗിക്കാമെന്നും അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു.